മഴവില്ല്, തൈര്, കൊണ്ടാട്ടം... മച്ചാനേ അതൊന്നും പോരാ...
text_fieldsമലപ്പുറം: 'ഫാൻസിനെ സന്തോഷിപ്പിക്കാൻ ഒരു കിടു ഫ്രീ കിക്ക് ഗോൾ. എന്നെ സന്തോഷിപ്പിക്കാൻ അവന്മാരും ഒരു ഗോൾ. ഇത് പോരേ അളിയാ...' അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സി ഇങ്ങനെ പറയുന്ന ട്രോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ച കോപ അമേരിക്ക ടൂർണമെൻറിൽ അർജൻറീനയും ചിലിയും ഏറ്റുമുട്ടിയപ്പോൾ കളി സമനിലയിലായതിെൻറ ബാക്കിപത്രം. നീലപ്പടയുടെ ഫാൻസൊഴിച്ചുള്ളവരെല്ലാം ഏറക്കുറെ ചിലിക്കൊപ്പമായിരുന്നു. മത്സരത്തിൽ അർജൻറീന ജയിക്കാതിരുന്നത് ഇവർ വലിയ ആഘോഷമാക്കി. ബ്രസീലുകാരാണ് കൂട്ടത്തിൽ മുന്നിൽ. സമനില അത്ര മോശം നിലയൊന്നുമല്ലെന്ന് ആശ്വസിക്കുന്നു അർജൻറീനക്കാരും.
തലേദിവസം നെയ്മർ ഗോളടിച്ചതിെൻറയും ബ്രസീൽ ജയിച്ചതിെൻറയും ആരവം കെട്ടടങ്ങും മുമ്പായിരുന്നു അർജൻറീനയുടെ കളി. 33ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോളിനെ മഴവില്ലഴക് എന്ന് വിശേഷിപ്പിച്ച് സ്റ്റാറ്റസുകളും പോസ്റ്റുകളും നിറഞ്ഞു. ഷൈജു ദാമോദരെൻറ കമൻററി നിറയെ തൈരും മുളകും കൊണ്ടാട്ടവും.
73ാം മിനിറ്റിൽ ചിലി ഗോൾ മടക്കിയതോടെ അർജൻറൈൻ ക്യാമ്പുകളിൽ മ്ലാനതയും ബ്രസീൽ ഫാൻസിെൻറ നേതൃത്വത്തിൽ ആഘോഷവും. 'റൊസാരിയോ തെരുവിലെ രാജകുമാരെൻറ മഴവില്ല്. അതുപോരെ മഞ്ഞകളെ. ഇത് പൊരുതി നേടിയ സമനില' എന്ന് ന്യായീകരിക്കുന്ന വാമോസ് സുനിയോട് 'മഴവില്ല്, മാങ്ങാത്തൊലി. എഴീച്ച് പോടേ' എന്ന് പറയുന്ന ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. കടുത്ത അർജൻറീന അനുകൂലിയായ മുൻ മന്ത്രി എം.എം. മണിയുടെ ഡയലോഗുകളും ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളന്മാരുടെ ഇഷ്ട വിഭവമാണ്.
മറ്റൊരു മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബ്രസീൽ ഫാനാണ്. അർജൻറീന-ബ്രസീൽ ആരാധകരുടെ വഴക്ക് കമ്യൂണിസ്റ്റ് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമോ എന്ന് വരെ 'സന്ദേഹിക്കുന്ന'വരുണ്ട്. 2014 ലോകകപ്പ് സെമി ഫൈനലിൽ ബ്രസീൽ 1-7ന് ജർമനിയോട് തോറ്റതാണ് ഏഴ് കൊല്ലത്തിനിപ്പുറവും അർജൻറീന ഫാൻസിെൻറ തുറുപ്പ് ചീട്ട്. ഒരു സെവനപ്പ് എടുക്കട്ടെയെന്ന് ചോദിച്ചാൽ അവർ ഒരു പൊടിക്ക് അടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.