ഏഷ്യൻ കപ്പ് ആരവം നയിക്കാൻ ഫാൻ ലീഡർമാർ
text_fieldsദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളാൻ ഒരു മാസം മാത്രം ശേഷിക്കേ പങ്കെടുക്കുന്ന 24 രാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന ഫാൻ ലീഡർമാർ ഖത്തറിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി വേദികളിലെ പര്യടനവും പ്രചാരണവുമായി രണ്ടു ദിവസങ്ങളിൽ ഇവർ ദോഹയിൽ തുടരും.
ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തർ വാഗ്ദാനം ചെയ്യുന്ന വിശാലമായ അനുഭവങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന്റെ ഭാഗമായി മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളും രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കും.
ആരാധകരാണ് ടൂർണമെന്റിന്റെ ഹൃദയമെന്നും, ഖത്തറിലെത്തുമ്പോൾ ആരാധകർക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിന്റെ മാതൃക സമ്മാനിക്കുന്നതിന് ഞങ്ങളുടെ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രാദേശിക സംഘാടക സമിതിയിലെ (എൽ.ഒ.സി) ഫാൻ എൻഗേജ്മെന്റ് സീനിയർ മാനേജർ ഫൈസൽ ഖാലിദ് പറഞ്ഞു.
സാധ്യമായ ഏറ്റവും മികച്ച അനുഭവം എങ്ങനെ നൽകാമെന്ന് സംഘാടകരെ അറിയിക്കുന്നതിൽ ആരാധക നേതാക്കൾ വലിയ പങ്കുവഹിക്കുന്നുവെന്നും അവരുടെ പങ്കാളിത്തത്തിലൂടെ ഭാവിയിലെ കായിക മത്സരങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ എൽ.ഒ.സിക്ക് ലഭിക്കുന്നുവെന്നും ഫൈസൽ ഖാലിദ് കൂട്ടിച്ചേർത്തു.
1988ലും 2011ലും വിജയകരമായി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് ഖത്തർ വൻകരയുടെ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
ഭൂഖണ്ഡത്തിന്റെ ഫുട്ബാൾ ചാമ്പ്യന്മാരാകുന്നതിന് ഏറ്റവും മികച്ച 24 ടീമുകളാണ് ഖത്തറിലെത്തുന്നത്. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഒമ്പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.