മെസ്സിയുടെ ഗോൾ ഷോട്ട് 'തടുത്തിട്ട്' എംബാപ്പെ! രോഷാകുലരായി ആരാധകർ -വിഡിയോ
text_fieldsബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഫ്രഞ്ച് ലീഗിൽ സീസണിലെ പത്താം ഗോൾ കുറിച്ച മത്സരത്തിൽ ബ്രസ്റ്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് പി.എസ്.ജി കടന്നുകൂടിയത്.
മത്സരത്തിന്‍റെ രണ്ടാംപകുതിയിൽ ബ്രസ്റ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അവർക്ക് ഗോളാക്കാനായില്ല. പി.എസ്.ജി ഗോൾ കീപ്പർ ജിയാൻലൂജി ഡോണാരുമ പന്ത് തട്ടിയകറ്റി. മത്സരത്തിന്‍റെ 30ാം മിനിറ്റിൽ മെസ്സി ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് നെഞ്ചിലിറക്കിയ നെയ്മർ മനോഹരമായ ഒരു ഇടങ്കാൽ ഷോട്ടിലൂടെ ഗോളിയെ നിസ്സഹായനാക്കി വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ പി.എസ്.ജി വീണ്ടും പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന പി.എസ്.ജി ഏഴു മത്സരങ്ങളിൽനിന്ന് ആറു വിജയവും ഒരു സമനിലയുമായി 19 പോയിന്‍റുമായി ഒന്നാമതാണ്. എന്നാൽ, മത്സരത്തിൽ മെസ്സിയുടെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് കിലിയൻ എംബാപ്പെ തടുത്തിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 19ാം മിനിറ്റിലായിരുന്നു ആ ഷോട്ട്.
ബ്രസ്റ്റിന്‍റെ ബോക്സിനുള്ളിൽനിന്ന് ഉയർന്നുവന്ന പന്ത് മെസ്സി നെഞ്ചിലിറക്കി പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഇടങ്കാലൻ വോളി തൊടുത്തു. എന്നാൽ, പോസ്റ്റിനു മുന്നിലുണ്ടായിരുന്ന എംബാപ്പെയുടെ കാലിൽ തട്ടി പന്ത് പുറത്തേക്ക് പോയി. മെസ്സിയുടെ ഗോൾ തടഞ്ഞിട്ട എംബാപ്പക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ രോഷം പരസ്യമാക്കി.
പി.എസ്.ജിക്കു വേണ്ടി മെസ്സി തൊടുത്ത ഷോട്ട് എംബാപ്പെ നൈസായി തടുത്തിട്ടെന്ന് ഒരു ആരാധകൻ കുറിച്ചു. അവൻ ഒരിക്കലും പന്ത് കൊടുക്കുകയോ, മെസ്സിക്ക് ഗോളിന് വഴിയൊരുക്കുയോ ചെയ്യുന്നില്ല, ഇപ്പോൾ ഷോട്ട് തടുത്തിടുന്നു, എംബാപ്പെ എല്ലാം ചെയ്യുകയാണെന്ന് മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.