‘കളിയിൽ തുടരാനുള്ള മികവില്ല. ഇനി വിരമിച്ചുകൂടേ?’ -തോൽവിക്കുപിന്നാലെ റയൽ സൂപ്പർ താരത്തിനെതിരെ ആരാധക രോഷം
text_fieldsമഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ സമീപകാല പ്രകടനത്തിൽ ആരാധകർ രോഷാകുലരാണ്. ലാ ലിഗയിൽ കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക് ക്ലബിനോടും റയൽ തോറ്റു.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയലിന്‍റെ തോൽവി. സീസൺ ഗംഭീരമായി തുടങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാർക്ക്, രണ്ടാം പകുതിയിൽ കഷ്ടകാലമാണ്. റയലിന്‍റെ പ്രകടനത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങുന്നത് ക്രൊയേഷ്യൻ മധ്യനിരതാരം ലൂക്ക മോഡ്രിച്ചാണ്. അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയിട്ടും ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഈ മിഡ്ഫീൽഡർ മാസ്ട്രോക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ സീസൺ വരെ ലോസ് ബ്ലാങ്കോസിന്‍റെ പകരം വെക്കാനാകാത്ത പോരാളിയായിരുന്നു മോഡ്രിച്. എന്നാൽ, താരത്തെ പ്രായത്തിന്‍റെ അവശതകൾ പിടികൂടിയിരിക്കുന്നു. അതിന്‍റെ സൂചനകളാണ് കളത്തിൽ കാണുന്നത്. ആരാധകരും കടുത്ത രോഷത്തിലാണ്. അത്ലറ്റിക് ക്ലബിനെതിരെ 19 മിനിറ്റ് മാത്രമാണ് താരം കളിച്ചത്. 71ാം മിനിറ്റിൽ ഗ്രൗണ്ടിലെത്തിയ 39കാരൻ 24 തവണയാണ് പന്തു തൊട്ടത്. മൂന്നു ക്രോസുകളിൽ ഒന്നിനു മാത്രമാണ് കൃത്യതയുള്ളത്. 6.8 ആണ് സോഫസ്കോർ മത്സരത്തിൽ മോഡ്രിച്ചിന് നൽകിയ റേറ്റിങ്.
ലീഗിലെ ബദ്ധവൈരികളായ ബാഴ്സലോണക്കെതിരെ ലീഡ് കുറക്കുന്നതിനുള്ള സുവർണാവസരം കൂടിയാണ് റയൽ കളഞ്ഞുകുളിച്ചത്. മത്സരശേഷം മോഡ്രിച്ചിനെ വിമർശിച്ച് നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ഈ ക്ലബിനെ മോഡ്രിച് സ്നേഹിക്കുന്നുണ്ടെങ്കിൽ താരം വിരമിക്കണമെന്ന് ഒരു ആരാധകൻ എക്സിൽ കുറിച്ചു. താരം ഇനി കളിക്കാൻ യോഗ്യനല്ലെന്നും കാർലോ ആഞ്ചലോട്ടിയുടെ ബുദ്ധിഭ്രംശം കാരണം താരം ഗുലറിന്‍റെ മിനിറ്റുകൾ തട്ടിയെടുക്കുകയാണെന്നും ആരാധകൻ വിമർശിച്ചു.
എന്തുകൊണ്ട് മോഡ്രിച് വിരമിക്കുന്നില്ലെന്ന് മറ്റൊരു ആരാധകൻ ചോദിക്കുന്നു. ‘ലൂക്കാ മോഡ്രിച് നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു, ക്ലബിനുവേണ്ടി ചെയ്ത സേവനങ്ങൾക്ക് നന്ദിയുണ്ട്, പക്ഷേ നിങ്ങൾ വിരമിക്കുന്നതാണ് നല്ലതെ’ന്ന് മറ്റൊരു ആരാധകൻ പറയുന്നു. വലിയ പ്രതീക്ഷയോടെ ഇത്തവണ ക്ലബിലെത്തിച്ച ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഫോമിലേക്ക് ഉയരാത്തതും ക്ലബിന് തലവേദനയാകുകയാണ്. അത്ലറ്റിക്കിനെതിരായ മത്സരത്തിൽ താരം നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തി. യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിലും എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.