ഓർമകളുടെ വല കുലുക്കി ഒരൊത്തുചേരൽ
text_fieldsമലപ്പുറം: കേരള പൊലീസ് ഫുട്ബാൾ ടീമിെൻറ പ്രതാപകാലത്ത് വിസ്മയം തീർത്ത കളിക്കാർ ഒരിക്കൽകൂടി ഒത്തുകൂടിയപ്പോൾ ഒാർമകളുടെ മൈതാനം വീണ്ടും നിറഞ്ഞൊഴുകി. ഫുട്ബാളിലൂടെ ജീവിതം വലയിലാക്കിയ രാജ്യത്തിെൻറ അഭിമാന താരങ്ങൾ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷം പഴയകാല സൗഹൃദവും കളിയോർമകളും പങ്കുവെക്കുകയായിരുന്നു ശനിയാഴ്ച പകൽ.
മുൻ താരങ്ങളായ യു. ഷറഫലി, സി.വി. പാപ്പച്ചൻ, കുരികേശ് മാത്യു, കെ.ടി. ചാക്കോ, പി.പി. തോബിയാസ്, പി.ടി. മെഹബൂബ്, സി.എം. സുധീർകുമാർ എന്നിവരാണ് എം.എസ്.പി അസി. കമാൻഡൻറിെൻറ വസതിയിൽ കേരള പൊലീസ് എക്സ് ഫുട്ബാളേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനെത്തിയത്. നിലവിൽ സർവിസിലുള്ള താരങ്ങളും ഒത്തുചേരലിനെത്തിയതോടെ വിസിലടിച്ചുയർന്നത് മറക്കാനാകാത്ത കളിയോർമകളാണ്. എം.എസ്.പി അസി. കമാൻഡൻറും ഫെഡറേഷൻ കപ്പ് നേടിയ സുവർണ ടീമിലെ അംഗവുമായിരുന്ന ഐ.എം. വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് എക്സ് ഫുട്ബാളേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി.പി. ശ്യാംസുന്ദർ സ്വാഗതവും ട്രഷറർ എ. സക്കീർ നന്ദിയും പറഞ്ഞു. കേരള പൊലീസിെൻറ ബാനർ വാനോളമുയർത്തിയവരാണ് ഫെഡറേഷൻ കപ്പിലെ താരങ്ങളെന്നും എന്നും ഇവർ പൊലീസിന് അഭിമാനമാണെന്നും അധ്യക്ഷത വഹിച്ച കുരികേശ് മാത്യു പറഞ്ഞു.
കുടുംബത്തേക്കാളും കൂടുതൽ വർഷങ്ങൾ ഒരുമിച്ച് താമസിക്കുകയും കളിക്കുകയും ചെയ്ത പഴയകാല മുഹൂർത്തങ്ങളാണ് യു. ഷറഫലിക്ക് പറയാനുണ്ടായിരുന്നത്. ആദ്യം കേരള പൊലീസ് ടീമിൽ ചേരാൻ താൽപര്യമില്ലായിരുന്നുവെന്നും പിന്നീട് ടീമിലെത്തിയതിനു ശേഷം തീരുമാനം ശരിയായെന്ന് അനുഭവങ്ങൾ മനസ്സിലാക്കിയെന്നുമായിരുന്നു പാപ്പച്ചന് പറയാനുണ്ടായിരുന്നത്. പി.പി. തോബിയാസ്. പി.ടി. ചാക്കോ, പി.ടി. മെഹബൂബ്, സുധീർ കുമാറും സംസാരിച്ചത്. അകാലത്തിൽ വിടപറഞ്ഞ മുൻ താരങ്ങളെയും അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.