അർജന്‍റീനയോ ബ്രസീലോ? ആരു ജയിച്ചാലും ആവേശം പൊതിഞ്ഞ വീടിന്‍റെ 'പകുതി' ആഹ്ലാദത്തിൽ മുങ്ങും
text_fieldsപത്തനംതിട്ട: ഇക്കുറി കോപ്പ മെസ്സി അടിക്കുമെന്ന് അച്ഛൻ. ആ കോപ്പ കണ്ട് അച്ഛനും അർജന്‍റീനയും വെള്ളമിറക്കേണ്ടെന്ന് മകൻ. പോരാട്ടം തെക്കനമേരിക്കയിലാണെങ്കിലും അതിന്‍റെ അലയൊലികൾ മല്ലപ്പുഴശ്ശേരിയിലെ ഈ വീട്ടിൽ അങ്ങേയറ്റം ആവേശത്തോടെ പ്രതിഫലിക്കുന്നതുകണ്ട് അന്തംവിട്ടിരിക്കുകയാണ് നാട്ടുകാർ. ആവേശം വീടിനെ മൊത്തത്തിൽ 'പൊതിഞ്ഞ'തോടെയാണ് അച്ഛന്റെയും മകന്‍റെയും ഫുട്ബാൾ ജ്വരം അതിശയമായത്. കോപാ അമേരിക്ക ടൂർണമെന്‍റിൽ ഇരുടീമുകളിൽ ആരു കപ്പടിച്ചാലും ഈ വീടിന്‍റെ 'പകുതി' ആഹ്ലാദത്തിൽ മുങ്ങുമെന്നുറപ്പ്.
അർജൻറീനയുടെ പക്ഷത്ത് അടിയുറച്ചുനിൽക്കുകയാണ് മല്ലപ്പുഴശ്ശേരി പന്നിവേലിച്ചിറ യേശുദാസ് സേവ്യർ (മോനച്ചൻ). മകൻ ജോമോൻ ബ്രസീലിന്‍റെ കട്ടഫാനും. ഇരുടീമുകളുടെ ചായം പൂശി വീട് അർജൻറീനക്കും ബ്രസീലിനുമായി പകുത്ത് നൽകിയിരിക്കുകയാണ് ഇരുവരും.
വീടിെൻറ മുൻഭാഗത്തെ ചുവർ അച്ഛെൻറയും മകെൻറയും കളിയാവേശത്തിൽ ഇരു ടീമുകളുടെയും വർണചാർത്തണിഞ്ഞ് നിൽക്കുന്നു. അർജന്‍റീനയുടെ നീലയും വെള്ളയും ഒരുഭാഗത്തും ബ്രസീലിന്‍റെ പച്ചയും മഞ്ഞയും മറുഭാഗത്തുമായി പൂശിയിരിക്കുന്ന വീട് നാട്ടുകാർക്ക് കൗതുകമാണിപ്പോൾ. വീടിെൻറ മുൻഭാഗത്ത് ഭിത്തിയിൽ ഇരു വശത്തുമായി വാതിലിന് സമീപത്ത് തടിയിൽ നിർമിച്ച 'ലോകകപ്പു'മുണ്ട്. പെയിൻറിങ് തൊഴിലാളി കൂടിയായ മോനച്ചനും ജോമോനും ചേർന്നാണ് വീടിെൻറ ഭിത്തി പകുെത്തടുത്ത് ഇഷ്ടടീമുകളുടെയും ജഴ്സിയുടെ നിറം പൂശിയത്.
അർജന്‍റീന, ബ്രസീൽ ടീമുകളെച്ചൊല്ലിയുള്ള അച്ഛന്റെയും മകന്‍റെയും അവകാശവാദങ്ങളും ഈ വീട്ടിൽ നിറയുന്നു. കോപാ അമേരിക്ക ടൂർണമെന്‍റിൽ ഇക്കുറി ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്‍റീന ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മോനച്ചൻ. എന്നാൽ, നെയ്മറിന്റെ കരുത്തിൽ സ്വന്തം മണ്ണിൽ ബ്രസീൽ ജേതാക്കളാകുമെന്ന് വാദിക്കുന്നു ജോമോൻ.
ഫുട്ബാളിനെ അഗാധമായി പ്രണയിക്കുന്ന ഈ അച്ഛനും മകനും കളിക്കാരുമാണ്. പ്രായം 51 ആയിട്ടും ഫുട്ബാൾ മോനച്ചന് കളിയോടുള്ള ആവേശം വിട്ടുമാറിയിട്ടില്ല. വീടിന് അടുത്തുള്ള പന്നിവേലിച്ചിറയിലെ ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പം കളത്തിലിറങ്ങും. ഫുട്ബാൾ ഗ്രാമമായ പന്നിവേലിച്ചിറയിലെ സന്തോഷ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് രക്ഷാധികാരിയായിരുന്നു മോനച്ചൻ. ടൂർണമെൻറുകളിൽ പങ്കെടുത്ത് ധാരാളം ട്രോഫികളും നേടിയിട്ടുണ്ട്. ടി.വിയിൽ ഫുട്ബാൾ കളികൾ മുടങ്ങാതെ കാണും.
അച്ഛനെ കണ്ടാണ് കുഞ്ഞുന്നാൾ മുതൽ ജോമോനും പന്തിനു പിന്നാലെ കൂടിയത്. കോഴഞ്ചേരി സെൻറ്തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ജോമോൻ. മൂത്ത മകൻ ജോജോ ദുബൈയിലാണ്. ജോജോയുടെ പ്രേരണയിലാണ് വീടിെൻറ മുൻവശം രണ്ട് ടീമിനായി തിരിച്ച് ജേഴ്സിയുടെ നിറമണിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.