യൂറോപ്പിൽ പരിക്കു കാലം: ഫാതിക്ക് പരിക്ക്;നാലു മാസം പുറത്ത്
text_fieldsമഡ്രിഡ്: ജോഷ്വ കിമ്മിഷിെൻറയും ട്രെൻറ് അലക്സാണ്ടർ അർനോൾഡിെൻറയും പരിക്ക് വാർത്തകൾക്കു പിന്നാലെ, ബാഴ്സലോണയുടെ ടീനേജ് സെൻസേഷൻ അൻസു ഫാതിയും പരിക്ക് പിടിയിൽ. സീസണിൽ ബാഴ്സലോണ മുൻ നിരയിൽ ഉജ്വല ഫോമിലുള്ള ഫാതിക്ക് ശനിയാഴ്ച റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടെ, എതിർ ഡിഫൻഡർ അലിസ മൻഡിയുടെ ഫൗളിലാണ് പരിക്കേറ്റത്. തുടർന്ന് ആദ്യ പകുതിക്കു പിന്നാലെ ലയണൽ മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയായിരുന്നു.
പിന്നീട് നടന്ന പരിശോധനയിലാണ് കാൽമുട്ടിലെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട് വന്നത്. തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ടീം ഡോക്ടർ റാമോൺ കുഗാറ്റ് അറിയിച്ചു.
ബാഴ്സലോണയുടെ മുൻ നിരയിൽ കോച്ച് റൊണാൾഡ് കൂമാെൻറ വജ്രായുധമാണ് ഫാതി. ഏഴു കളിയിൽ നാലു ഗോൾ നേടിയ താരത്തിെൻറ പരിക്ക് ബാഴ്സലോണക്ക് വലിയ തിരിച്ചടിയാവും. ഒസ്മാനെ ഡെംബലെ, ഫ്രാൻസിസ്കോ ട്രിൻകാവോ, പെഡ്രി, ഫിലിപ് കുടീന്യോ എന്നിവരിലൂടെ ഫാതിയുടെ കുറവ് നികത്താനാവും കോച്ചിെൻറ ശ്രമം.
റയലിെൻറ ഫെഡറികോ വാൽവെർദെയുടെ പരിക്ക് വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലതുകാലിൽ ഒടിവുള്ള താരത്തിന് കൂടുതൽ വിശ്രമം വേണ്ടിവരും. ഡാനി കാർവയാൽ, നാച്ചോ എന്നിവർ നേരത്തേ പരിക്കിലാണ്.
ബൊറൂസിയ ഡോർട്മുണ്ടിനെതിരായ മത്സരത്തിനിടെ കാൽമുട്ടിൽ പരിക്കേറ്റ ബയേണിെൻറ ജോഷ്വ കിമ്മിഷിന് ജനുവരിയിലേ മടങ്ങി വരാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.