'വലതുകാൽ കണ്ടില്ലേ'; എൽ ക്ലാസികോ ഗോളിന് പിന്നാലെ വൈറലായി യമാലിന്റെ പോസ്റ്റ്
text_fieldsലാ ലീഗയിലെ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം നേടിയതിന് പിന്നാലെ രസകരമായ പോസ്റ്റുമായി ബാഴ്സ താരം ലാമിൻ യമാൽ. സ്വന്തം ആരാധകരേക്കാൾ എതിരാളികളുടെ ആരാധകരുള്ള സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്നായിരുന്നു യമാലിന്റെ പോസ്റ്റ്.
77ാം മിനിറ്റിലെ തന്റെ ഗോളോടെ വലതുകാൽ നിങ്ങൾക്ക് ഉണ്ടെന്ന് ഞങ്ങൾ കരുതിയിരുന്നില്ലെന്ന് മാഡ്രിഡുകാർ പറയുമെന്നായിരുന്നു ലമീൻ യമാലിന്റെ മറ്റൊരു പോസ്റ്റ്. ഗോളടിക്കാനായി യമാൽ കൂടുതലായി ഇടതുകാലിനെയാണ് ആശ്രയിക്കുന്നതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ഗോളോടെ ഇത്തരം വാദങ്ങളുടെ മുനയൊടിക്കുക കൂടിയാണ് യമാൽ ചെയ്തത്. വലതുകാൽ ഗോൾ ആഘോഷിക്കുക കൂടിയാണ് പോസ്റ്റിലൂടെ യമാൽ ചെയ്തിരിക്കുന്നത്.
ലാ ലിഗയുടെ തുടക്കത്തിൽ ഞങ്ങൾ വിജയിക്കുമ്പോൾ മിഡ് ടേബിൾ എതിരാളികൾക്കെതിരെയാണ് ആ ജയങ്ങളെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഒരാഴ്ചക്കുള്ളിൽ മികച്ച രണ്ട് ടീമുകളെ തങ്ങൾ പരാജയപ്പെടുത്തിയെന്നായിരുന്നു യമാലിന്റെ മൂന്നാമത്തെ പോസ്റ്റ്.
എൽ ക്ലാസികോ പോരിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ തകർപ്പൻ ജയം നേടിയിരുന്നു. എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്സയുടെ ജയം. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടി. യുവതാരം ലാമിൻ യമാലിന്റേയും റാഫീഞ്ഞയുടേയും വകയായിരുന്നു മറ്റ് ഗോളുകൾ.
ദുസ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത തോൽവിയാണ് റയലിന് കഴിഞ്ഞ ദിവസം ഉണ്ടായത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകളാണ് മത്സരം റയലിൽ നിന്നും തട്ടിയെടുത്തത്. രണ്ട് മിനിറ്റിനുള്ളിലാണ് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടിയത്. 54,56 മിനിറ്റുകളിലാണ് രണ്ട് ഗോളുകളും പിറന്നത്. 77ാം മിനിറ്റിൽ യമാലും 84ാം മിനിറ്റി റാഫീഞ്ഞയും ബാഴ്സലോണക്കായി ലക്ഷ്യംകണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.