ലാ ലിഗ റഫറിക്ക് ബാഴ്സലോണ വൻതുക നൽകി; നടപടി വരുമോ?
text_fieldsലാ ലിഗയിൽ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ ടെക്നിക്കൽ സമിതിയിലെ മുതിർന്ന ഉദ്യോഗസ്ഥന് ബാഴ്സലോണ വൻതുക നൽകിയതായി കണ്ടെത്തൽ. മുൻ പ്രസിഡന്റ് ജോസപ് ബർതോമിയോയുടെ കാലത്താണ് സമിതി വൈസ് പ്രസിഡന്റായിരുന്ന ഹോസെ മരിയ എന്റിക്വസ് നെഗ്രേരിയക്ക് 15 ലക്ഷം ഡോളർ (ഏകദേശം 12.5 കോടി രൂപ) നൽകിയത്. നെഗരിയയുടെ ഉടമസ്ഥതയിലുള്ള ഡാസ്നിൽ 95 എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. മുമ്പ് ലാ ലിഗ റഫറിയായിരുന്ന നെഗ്രേരിയ 2016ൽ 571,000 ഡോളറും 2017ൽ 580,000 ഡോളറും 2018ൽ 341,000 ഡോളറും കൈപ്പറ്റിയതായി തെളിഞ്ഞിട്ടുണ്ട്.
മത്സരഫലം നിയന്ത്രിക്കാനാണ് തുക നൽകിയതെന്ന ആക്ഷേപം ബാഴ്സലോണയും നെഗ്രേരിയയും നിഷേധിച്ചു. റഫറിമാരോട് എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാനും ഓരോ മത്സരത്തിനും എത്തുന്ന റഫറിമാരുടെ പെരുമാറ്റം എങ്ങനെയാകുമെന്ന് താരങ്ങൾക്ക് നിർദേശം നൽകാനുമാണ് തുക നൽകിയതെന്നാണ് വിശദീകരണം. എന്നാൽ, ഇത്തരം ഉപദേശങ്ങൾ നൽകിയതിന്റെ രേഖകളൊന്നും നെഗ്രേരിയ ഹാജരാക്കിയിട്ടില്ല.
വൻ തിരിച്ചടികൾ പിന്നിട്ട് ലാ ലിഗയിൽ വീണ്ടും അജയ്യരായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഘട്ടത്തിൽ എത്തിയ വെളിപ്പെടുത്തൽ ടീമിന് തിരിച്ചടിയാകുമോ എന്നാണ് ശ്രദ്ധേയം. നിലവിൽ ഒന്നാം സ്ഥാനത്ത് റയൽ മഡ്രിഡിനെക്കാൾ എട്ടു പോയിന്റ് ലീഡുണ്ട് ബാഴ്സക്ക്.
മുമ്പ് ഇറ്റാലിയൻ ലീഗിൽ റഫറിമാർക്ക് കൈക്കൂലി നൽകിയെന്ന് കണ്ടെത്തിയ സംഭവത്തിൽ യുവന്റസിനെതിരെ നടപടിയെടുത്തിരുന്നു. 2006ൽ വാതുവെപ്പ് കുറ്റം ചുമത്തി ടീമിനെ സീരി എയിൽനിന്ന് സീരി ബിയിലേക്ക് തരം താഴ്ത്തുകയായിരുന്നു. പിന്നീട് വർഷങ്ങളെടുത്താണ് ടീം വീണ്ടും ഇറ്റാലിയൻ ഫുട്ബാളിന്റെ തലപ്പത്ത് തിരികെയെത്തിയത്.
അതേ സമയം, ഏറെയായി വിഷയം നിലനിൽക്കുന്നുണ്ടെങ്കിലും ലാ ലിഗയിൽ ബാഴ്സക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.