സ്വപ്നസാക്ഷാത്കാരത്തിന് എഫ്.സി ഗോവ
text_fieldsകളിമികവുകൊണ്ട് ഐ.എസ്.എല്ലിലെ മികച്ച ടീമുകളിലൊന്ന്, നിർഭാഗ്യം ഒന്നുകൊണ്ടുമാത്രം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ചാമ്പ്യൻ പട്ടം. അതും രണ്ടു തവണ. 2015-16 സീസണിലെയും 2018-19 സീസണിലെയും കളിയാവേശം ഗോവൻ ആരാധകർ ഒരിക്കലും മറക്കാനിടയില്ല.
2019ലെ സൂപ്പർ കപ്പും 2021ലെ ഡ്യൂറൻഡ് കപ്പും നേടിയ ടീമിന് 2019-20 സീസണിലെ ഐ.എസ്.എൽ ഷീൽഡ് പട്ടവും ഗോവൻ ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ്പും നേടാനായിട്ടുണ്ട്. എന്നാൽ, കൈയകലത്തിൽ നഷ്ടപ്പെട്ട ഐ.എസ്.എൽ എന്ന സ്വപ്ന ചാമ്പ്യൻപട്ടം എന്തു വിലകൊടുത്തും ഗോവൻ മണ്ണിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഗോവ ഗോദയിലിറങ്ങുന്നത്.
ബാംഗ്ലൂർ എഫ്.സിയിൽനിന്ന് കൂടുമാറിയെത്തിയ ഇന്ത്യൻ ഫുട്ബാളിന്റെ ഉരുക്കുമതിലായ സന്തോഷ് ജിങ്കാനാണ് ഗോവയുടെ പ്രധാന താരങ്ങളിലൊന്ന്. മികച്ച കളിപരിചയമുള്ള സ്പാനിഷ് ഫോർവേഡ് കാർലോസ് മാർട്ടിനസിന്റെ വരവും ഗോവയെ കൂടുതൽ കരുത്തരാക്കുന്നുണ്ട്. ഉദാന്ത സിങ്ങടക്കം 11 പേരെയാണ് എഫ്.സി ഗോവ ഇത്തവണ സ്വന്തം തട്ടകത്തിലെത്തിച്ചത്. ടീം സ്പാനിഷ് പരിശീലകൻ മാനലോ മാർക്വസിൽ അർപ്പിക്കുന്ന പ്രതീക്ഷയും ചെറുതല്ല.
ആശാൻ
രണ്ടു പതിറ്റാണ്ടായി പരിശീലന രംഗത്തുണ്ട് സ്പാനിഷുകാരനായ മാനലോ മാർക്വസ്. സ്പാനിഷ് ആഭ്യന്തര ഫുട്ബാൾ ക്ലബുകളിൽ മികച്ച കരിയർ പിൻബലമുള്ള മാർക്വസ് 2020ലാണ് ഹൈദരബാദ് എഫ്.സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്നത്. തൊട്ടടുത്ത വർഷം തന്നെ ഹൈദരാബാദിനെ തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കിരീടധാരണത്തിനുശേഷം വന്ന സീസണിൽ ഹൈദരാബാദിനെ പ്ലേ ഓഫും കാണിച്ച ശേഷമാണ് മാർക്വസിന്റെ പുതിയ കൂടുമാറ്റം.
2023 - 24 സീസണിലേക്കുള്ള കണക്കുകൂട്ടലുകളിൽ ഗോവൻ മാനേജ്മെന്റിന്റെ ആദ്യ പരിഗണന മാർക്വസിലെത്തിയതിനെ തുടർന്നാണ് അദ്ദേഹം ടീമിനൊപ്പം ചേരുന്നത്. 2022ലെ ഇ.എസ്.പി.എന്നിന്റെ മികച്ച ഇന്ത്യൻ കോച്ചായി മാർക്വസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരുപാട് ആഭ്യന്തര നേട്ടങ്ങളുള്ള എഫ്.സി ഗോവയുടെ സ്വപ്നമായ ഐ.എസ്.എൽ കിരീടം മാർക്വസിലൂടെ ഇത്തവണ സ്വന്തം തട്ടകത്തിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഗോവൻ ആരാധകരും മാനേജ്മെന്റും.
മത്സരങ്ങൾ
സെപ്. 22 ഹൈദരബാദ് എഫ്.സി
ഒക്ടോ. 02 പഞ്ചാബ് എഫ്.സി
ഒക്ടോ. 07 ഒഡിഷ എഫ്.സി
ഒക്ടോ. 21 ഈസ്റ്റ് ബംഗാൾ
ഒക്ടോ. 25 ബെംഗളൂരു എഫ്.സി
നവം. 05 ചെന്നൈയിൻ എഫ്.സി
നവം. 27 ജാംഷഡ്പുർ എഫ്.സി
ഡിസം. 03 കേരള ബ്ലാസ്റ്റേഴ്സ്
ഡിസം. 12 മുംബൈ സിറ്റി എഫ്.സി
ഡിസം. 23 മോഹൻ ബഗാൻ
ഡിസം. 29 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.