തുർക്കി ഭൂകമ്പം: കാണാതായവരിൽ ഘാന ഫുട്ബാൾ താരവും
text_fieldsതുർക്കിയിലെ ആഭ്യന്തര ലീഗിൽ ഹതായ് സ്പോറിനായി കളിക്കുന്ന ഘാന ദേശീയ താരം ക്രിസ്റ്റ്യൻ അറ്റ്സു ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. തലേന്ന് രാത്രി തുർക്കി സൂപർ ലീഗിൽ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലർച്ചെയുണ്ടായ ദുരന്തത്തിൽ പെട്ടത്. അറ്റ്സുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി വാർത്തയുണ്ടായിരുന്നെങ്കിലും ക്ലബ് വൈസ് പ്രസിഡന്റ് നിഷേധിച്ചു.
പ്രിമിയർ ലീഗിൽ ന്യൂകാസിൽ, ചെൽസി ടീമുകൾക്കൊപ്പം ബൂട്ടുകെട്ടിയ 31കാരനായ വിങ്ങർ കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി സൂപർ ലീഗിലെത്തിയത്. ക്ലബ് സ്പോർടിങ് ഡയറക്ടർ താനിർ സാവുത്തും കെട്ടിടാവശഷിട്ങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു.
2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് തലേന്നു രാത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. അവസാന വിസിലിന് തൊട്ടുമുമ്പ് ഫ്രീകിക്ക് ഗോളാക്കി താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ ആഘോഷം പൂർത്തിയാകുംമുമ്പെയാണ് രാജ്യത്തെയും അയൽരാജ്യമായ സിറിയയെയും നടുക്കി വൻഭൂചലനമുണ്ടാകുന്നതും ഇവർ താമസിച്ച കെട്ടിടം തകർന്നുവീഴുന്നതും.
തുർക്കിയിൽ മാത്രം 5,606 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നുവീണത്. സിറിയയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. പൗരാണിക നഗരമായ അലപ്പോയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
കാലിന് പരിക്കോടെ അറ്റ്സുവിനെ പുറത്തെത്തിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശ്വാസ പ്രശ്നങ്ങളും ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും താരവും സ്പോർട്ടിങ് ഡയറക്ടറും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
അതേ സമയം, ടീമിലെ മറ്റു താരങ്ങളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ അറ്റ്സുവും മറ്റ് ഒമ്പത് താരങ്ങളും രണ്ട് ഒഫീഷ്യലുകളും ഉണ്ടായിരുന്നതായും ഇവരിൽ മൂന്നു കളിക്കാരെ മാത്രമാണ് പുറത്തെടുക്കാനായതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.