ഇറ്റാലിയൻ വിങ്ങർ ഫെഡറികോ കിയെസ ലിവർപൂളിൽ
text_fieldsയുവന്‍റസിന്‍റെ ഇറ്റാലിയൻ താരം ഫെഡറികോ കിയെസ ലിവർപൂളിൽ. യുവന്‍റസുമായി 121.29 കോടി രൂപക്കാണ് ചെമ്പട കരാറിലെത്തിയത്. കൂടാതെ ആഡ് ഓൺ ആനുകൂല്യങ്ങളും കരാറിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. താരവുമായി നാലു വർഷത്തേക്കാണ് കരാർ.
‘പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി, യുവന്‍റസ് ആരാധകരോട് വിട പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദി, നിങ്ങൾ എന്നും എന്‍റെ ഹൃദയത്തിലുണ്ടാകും’ -കിയെസ പറഞ്ഞു. പുതിയ പരിശീലകൻ ആർണെ സ്ലോട്ടിനു കീഴിൽ സീസണിൽ ലിവർപൂൾ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് 26കാരനായ ഇറ്റാലിയൻ വിങ്ങർ.
നേരത്തെ, വലൻസിയയുടെ ജോർജിയൻ ഗോൾകീപ്പർ ജിയോർജി മമർദാഷ്വിലിയുമായി ക്ലബ് കരാറിലെത്തിയിരുന്നു. എന്നാൽ, താരം അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ചേരു. കിയെസ യുവന്‍റസ് വിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ടീമിന്‍റെ ആക്രമണത്തിന് മൂർച്ച കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കിയെസയെ ക്ലബിലെത്തിച്ചത്. ന്യൂകാസിൽ യുനൈറ്റഡ്, ബാഴ്സലോണ ക്ലബുകൾ താരത്തിനായി താൽപര്യം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ സീരി എയിൽ യുവന്‍റസിനായി 33 മത്സരങ്ങളിൽനിന്ന് ഒമ്പത് ഗോളുകൾ നേടിയിരുന്നു. രണ്ടു അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ഇറ്റലിക്കായി യൂറോ കപ്പിൽ മൂന്നു മത്സരങ്ങൾ കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.