പട്ടാളബൂട്ടിനടിയിലെ ലോകകപ്പ്
text_fields1930ൽ ഉറുഗ്വായിൽ ലോകകപ്പ് വേദി അനുവദിച്ചതു മുതൽ കാത്തിരിപ്പിലായിരുന്നു തെക്കനമേരിക്കയുടെ ഫുട്ബാൾ മണ്ണായ അർജന്‍റീന. പതിറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും ഫിഫയും ലോകരാജ്യങ്ങളും അർജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ചില്ല. ആ കാത്തിരിപ്പിന് അറുതിയാവുന്നത് 1966ൽ ലണ്ടനിൽ ചേർന്ന ഫിഫ കോൺഗ്രസിലാണ്. ഇംഗ്ലണ്ടും, മെക്സികോയും പിൻവാങ്ങിയതിനെ തുടർന്ന് അർജന്‍റീനയെ 1978 ലോകകപ്പ് ആതിഥേയരായ പ്രഖ്യാപിച്ചു. തങ്ങൾക്ക് വേദി ലഭിക്കാത്തതിനാൽ മൂന്നു വട്ടം ലോകകപ്പ് ബഹിഷ്കരിച്ച ചരിത്രമുള്ള മണ്ണിലേക്കായിരുന്നു വിശ്വമേള ആദ്യമായെത്തിയത്. എന്നാൽ, കനത്ത രാഷ്ട്രീയ അനിശ്ചിതത്വവും പട്ടാള ഭരണകൂടത്തിന്‍റെ ക്രൂരകൃത്യങ്ങളും നിറഞ്ഞ കലുഷിത രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു ആ നാട്. സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ച് സൈനിക തലവനും വലതുപക്ഷ ഏകാധിപതിയുമായ ജനറൽ ജോർജ് റാഫേൽ വിദേല പട്ടാള ഭരണത്തിന് തുടക്കമിട്ടപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതികൾക്കായിരുന്നു ഈ തെക്കനമേരിക്കൻ രാജ്യം സാക്ഷ്യം വഹിച്ചത്. ദിനേന ആയിരങ്ങൾ കൊല്ലപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്തു.
ലോകകപ്പിനുള്ള ഒരുക്കത്തിനിടയിലായിരുന്നു ജോർജ് വിദേല സൈനിക അട്ടിമറിയിലൂടെ അർജന്‍റീനയുടെ അധികാരം പിടിക്കുന്നത്. അപ്പോൾ രണ്ടു വർഷം മാത്രമായിരുന്നു ലോകകപ്പിലേക്കുള്ള ദൂരം. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം അടിച്ചമർത്തിയ സൈനിക ഭരണം വിമർശിക്കപ്പെട്ടു. ഹിറ്റ്ലറും മുസോളിനിയും അട്ടിമറിച്ച 1934, 1938 ലോകകപ്പ് പോലെയായി 1978ഉം മാറുമെന്നായിരുന്നു വിമർശനം. സംഘാടനത്തിനായി നിയോഗിച്ച സൈനിക ജനറൽ ഒമർ കാർലോസ് അക്വറ്റിസിനെ ജനാധിപത്യ വാദികൾ വെടിവെച്ചുകൊന്നത് ഭരണകൂടത്തെ വീണ്ടും പ്രകോപിപ്പിച്ചു. ആകെ കലാപമായ സാഹചര്യത്തിൽ ലോകകപ്പ് വേദി തന്നെ മാറ്റാനുള്ള ആലോചനകളായി. ഒടുവിൽ സംയമനത്തിലേക്ക് നീങ്ങിയായിരുന്നു ജനറൽ വിദേല ലോകകപ്പിന് ഒരുക്കം തുടങ്ങിയത്. അങ്ങനെ, കലുഷിത സാഹചര്യങ്ങൾക്കു നടുവിൽ 1978 ലോകകപ്പിന് അർജന്‍റീന വേദിയായി.
ജനറൽ വിദേലയുടെ വിജയം
'ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പ്' എന്നാണ് സ്പോർട്സ് ചരിത്രകാരനായ വിൽ ഹെർസെ 1978 ലോകകപ്പിനെ വിശേഷിപ്പിച്ചത്. ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ട് മുതൽ മത്സര സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമായി അട്ടിമറിക്കുന്നതിനായി ജനറൽ വിദേലയുടെ സൈനികർ ഇടപെട്ടതായി പരക്കെ ആരോപണമുയർന്നു. ഗ്രൂപ് റൗണ്ടിലെ ആദ്യ എതിരാളിയായ ഹംങ്കറിയുടെ പരിശീലകൻ ലാവോസ് ബറോട്ടിയായിരുന്നു രൂക്ഷ വിമർശനവുമായി ആദ്യം രംഗത്തെത്തിയത്. 'ആകാശവും വായുവും ഉൾപ്പെടെ എല്ലാം അർജന്‍റീന തങ്ങൾക്ക് അനുകൂലമാക്കി' എന്ന അദ്ദേഹത്തിന്‍റെ വിമർശനം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഗ്രൂപ് റൗണ്ടിലെ അർജന്‍റീനയുടെ മത്സരങ്ങളെല്ലാം രാത്രിയിലേക്ക് നിശ്ചയിച്ച് ഫിക്സചറിൽ അട്ടിമറി നടന്നതായി ശക്തമായ ആരോപണമുയർന്നു. ഗ്രൂപ്പിലെ മറ്റു മത്സര ഫലങ്ങൾ അറിഞ്ഞ് ആതിഥേയർക്ക് കളിക്കാമെന്നതിന്‍റെ ആനുകൂല്യത്തിനു വേണ്ടിയാണ് ഈ അട്ടിമറിയെന്ന് സംശയിക്കപ്പെട്ടു. പിന്നീടാണ്, ലോകകപ്പിലെ ഫൈനൽ ഗ്രൂപ്പ് മാച്ചുകളെല്ലാം ഓരേസമയത്തേക്ക് നിശ്ചയിച്ചത്.
ഗ്രൂപ് റൗണ്ടിൽ രണ്ടു ജയവുമായി അർജന്‍റീന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. അവിടെയും അട്ടിമറി ആരോപണം മാറി നിന്നില്ല. ബ്രസീലിനോട് ഗോൾ രഹിത സമനില വഴങ്ങിയ അർജന്‍റീനക്ക് അവസാന മത്സരത്തിൽ വലിയ മാർജിനിൽ പെറുവിനെ പരാജയപ്പെടുത്തിയാലേ ഫൈനൽപ്രവേശനം ലഭിക്കുമായിരുന്നുള്ളൂ. ഫലം അവർ ആഗ്രഹിച്ചതു പോലെ തന്നെയായി. 6-0ത്തിന്‍റെ ജയവുമായി അർജന്‍റീന ഫൈനലിൽ കടന്നു. ഈ തോൽവിയുടെ പ്രത്യുപകാരമായി അർജന്‍റീന പെറുവിന്‍റെ കടങ്ങൾ എഴുതിത്തള്ളിയെന്നും, പെറു താരങ്ങൾക്ക് വലിയ പണം നൽകിയെന്നും ആരോപിക്കപ്പെട്ടു. ഫൈനലിൽ നെതർലൻഡ്സിനെ 3-1ന് വീഴ്ത്തി മരിയോ കെംപസിന്‍റെ പട കിരീടമണിഞ്ഞ് ആദ്യമായി വിശ്വജേതാക്കളായി മാറി. എങ്കിലും സമരമുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ആ ലോകകപ്പിന് രാജ്യം വേദിയായത്. മക്കളേയും ഭർത്താക്കൻമാരെയും നഷ്ടപ്പെട്ട സ്ത്രീകൾ അവരുടെ ചിത്രങ്ങളുയർത്തിപ്പിടിച്ച് ജനറൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി. പക്ഷേ, കിരീട വിജയം വലതുപക്ഷ തീവ്രദേശീയതയുടെ ഇന്ധനമാക്കി നിലനിർത്തുന്നതിൽ ജനറൽ വിദേലയുടെ ഭരണകൂടം ജയിച്ചുവെന്നതാണ് സത്യം.
ദയനീയം പശ്ചിമ ജർമനി
കിരീട വിജയത്തിന്‍റെ തിളക്കത്തിലെത്തിയ പശ്ചിമ ജർമനി മറക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പനായിരുന്നു അർജന്‍റീനയിലേത്. ഗെർഡ് മുള്ളറും കൈസർ ബെക്കൻബോവറും കളമൊഴിഞ്ഞ ശേഷം നടന്ന മേളയിൽ ബെർടി വോഗ്സും കാൾ ഹെയ്ൻസ് റുമിനഷും നയിച്ച ടീം ഗ്രൂപ് റൗണ്ടിൽ രണ്ടു സമനിലയുമായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. അവിടെ കാത്തിരുന്നത് അതിനേക്കാൾ വലിയ നാണക്കേടായിരുന്നു. ഇറ്റലിയോടും നെതർലൻഡ്സിനോടും സമനില വഴങ്ങിയവർക്ക് അവസാന കളിയിലെ എതിരാളി ഓസ്ട്രിയ. കൊർദോബയിലെ ചാറ്റിയോ കരേറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-2ന് നാണംകെട്ട ജർമനി ദയനീയമായി പുറത്തായി. ഫുട്ബാൾ ചരിത്രത്തിൽ കൊർദോബയിലെ മിറാക്ക്ൾ ആയി മാറിയ പോരാട്ടം, പഴയകാലത്തെ രാഷ്ട്രീയ വൈരത്തിന്‍റെ കൂടി കഥയായി മാറി. 47 വർഷത്തിനു ശേഷമായിരുന്നു ഓസ്ട്രിയ ജർമനിക്കെതിരെ വിജയം കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.