ഫിഫ അറബ് കപ്പ്: മൂന്നാം ജയത്തോടെ ഖത്തർ; ഒമാൻ ക്വാർട്ടറിൽ
text_fieldsദോഹ: അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റിസർവ് ബെഞ്ചിനെ ഇറക്കി ഇറാഖിനെ പിടിച്ചുകെട്ടാമെന്ന ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസിൻെറ തന്ത്രങ്ങളൊന്നും ഏശിയില്ല. ഒടുവിൽ, നായകൻ ഹസൻ ഹൈദോസും, മുന്നേറ്റത്തിലെ പടക്കുതിരയായ അൽ മുഈസ് അലിയും, സൂപ്പർഹീറോ അക്രം അഫീഫിയും ഉൾപ്പെടെയുള്ള ഒന്നാം നമ്പർ നിരതന്നെ വേണ്ടിവന്നു ഖത്തറിന് ജയം ഒരുക്കാൻ. മൂവരും നേടിയ ഗോളിലൂടെ 3-0ത്തിന്‍റെ ജയവുമായി ഖത്തറിൻെറ ഉത്സവരാവ്.
കളിയുടെ 69ാം മിനിറ്റിലാണ് ടീമിനെ അടിമുടി അഴിച്ചുപണിത് കോച്ച് സാഞ്ചസ് സബ്സ്റ്റിറ്റ്യൂഷൻ നടത്തിയത്. സീനിയേഴ്സ് എത്തിയതോടെ കളിയുടെ മൂഡും മാറി. ഖത്തറിൻെർ മുന്നേറ്റത്തിന് വേഗവും മൂർച്ചയും കൂടിയ നിമിഷങ്ങൾ. അതിൻെറ ഫലവും വൈകാതെ പിറന്നു. 81ാം മിനിറ്റിൽ അൽ മുഈസ് അലിയും, 84ാം മിനിറ്റിൽ അക്രം അഫീഫിയും കുറിച്ച ഗോളിലൂടെ ഖത്തറിന് ജയം. കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിലായിരുന്നു അഫിഫി സ്കോർ ചെയ്ത് ജയം ഉറപ്പാക്കിയത്. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ഹസൻ ഹൈദോസ് കൂടി സ്കോർ ചെയ്ത് പട്ടിക തികച്ചു.
ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമായ ഇറാഖിനാവട്ടെ ഇരു പകുതികളിലുമായി ലഭിച്ച അവസരങ്ങൾ ക്രോസ് ബാറിന് പുറത്തേക്ക് അടിച്ചകറ്റുന്നതിലായിരുന്നു മിടുക്ക്.
അതേസമയം, അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാൻ ബഹ്റൈനെ 3-0ത്തിന് വീഴ്ത്തി. ഇറാഖിന്‍റെ തോൽവി കൂടിയായതോടെ ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ഒമാൻ ഫിഫ അറബ് കപ്പ് ക്വാർട്ടറിൽ ഇടം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.