ഫിഫ ക്ലബ് ലോകകപ്പ്; വർണശബളമായി സമാപനം
text_fieldsജിദ്ദ: ക്ലബ് ലോകകപ്പ് ഫൈനലിന്റെ സമാപന ചടങ്ങ് വർണശബളമായി മാറി. മത്സരത്തിന് മുന്നോടിയായി വിവിധ കലാപരിപാടികൾ അരങ്ങേറി. രാത്രി 8.35നായിരുന്നു സമാപന ചടങ്ങ്. ലോകപ്രശസ്തരായ ഗായിക ബെബെ രക്ഷെയും ഡിജെ ഡേവിഡ് ഗേറ്റയും ചേർന്ന് പരിപാടി അവതരിപ്പിച്ചു. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനി എന്നിവർ ചേർന്ന് വിജയികളെ കിരീടമണിയിച്ചു. സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽ മസ്ഹലും കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
മൂന്നാം സ്ഥാനത്ത് അൽഅഹ്ലി
ജിദ്ദ: ക്ലബ് ലോകകപ്പിൽ ഈജിപ്തിന്റെ അൽഅഹ്ലി മൂന്നാം സ്ഥാനം നേടി. ജിദ്ദ അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന മൂന്ന്, നാല് സ്ഥാനങ്ങൾ നിർണയിക്കുന്നതിനുള്ള മത്സരത്തിൽ ജപ്പാന്റെ ഉറവ റെഡ് ഡയമണ്ട്സിനെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് അൽഅഹ്ലി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്ക് അൽഅഹ്ലിയുടെ ജയത്തോടെയാണ് അവസാനിച്ചത്.
19ാം മിനിറ്റിൽ യാസർ ഇബ്രാഹിമാണ് അൽഅഹ്ലിക്ക് ലീഡ് ഗോൾ നേടിയത്. 25ാം മിനിറ്റിൽ പെർസി താവ് അൽഅഹ്ലിക്ക് വേണ്ടി രണ്ടാം ഗോൾ നേടി. എന്നാൽ ജപ്പാൻ ഉറവയുടെ താരം കാന്റെ അഹ്ലിക്കെതിരെ ആദ്യഗോൾ അടിച്ച് ലീഡ് കുറച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 54ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ജാപ്പനീസ് ടീമിനെ സമനിലയിലാക്കുന്നതിൽ താരം ഷുൾസും വിജയിച്ചു. 60ാം മിനിറ്റിൽ യോഷിയോ കൊയ്സുമി അബദ്ധത്തിൽ അൽഅഹ്ലിക്കായി മൂന്നാം ഗോൾ നേടി. 90ാം മിനിറ്റിൽ അലി മാഅ്മുൽ നാലാം ഗോളും കൂട്ടിച്ചേർത്തു. ഇതോടെ അൽഅഹ്ലി ലോകകപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
2006, 2020, 2021 വർഷങ്ങളിൽ അൽഅഹ്ലി മൂന്നാം സ്ഥാനം നേടിയിരുന്നു. അതിന് മുമ്പ് 2012, 2022 വർഷങ്ങളിൽ നാലാം സ്ഥാനത്താണ് എത്തിയിരുന്നത്. എന്നാൽ, ജാപ്പനീസ് ടീമിന് മുമ്പ് ഒരിക്കൽ മാത്രമാണ് മൂന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം തവണയും മൂന്നാം സ്ഥാനം നേടാനാവുമെന്ന പ്രതീക്ഷയിൽ ശക്തമായ പ്രതിരോധം തീർത്ത് മത്സരിച്ചെങ്കിലും അഹ്ലിക്ക് മുമ്പിൽ പിടിച്ചുനിൽക്കാനായില്ല. ഇതോടെ ക്ലബ് ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ നാലാമതും മൂന്നാം സ്ഥാനം നേടി ടൂർണമെന്റിന്റെ ചരിത്രത്തിലെ റെക്കോർഡ് അൽഅഹ്ലി വീണ്ടും മെച്ചപ്പെടുത്തി.
രണ്ടരലക്ഷം കാഴ്ചക്കാർ
ജിദ്ദ: പത്തു ദിവസം നീണ്ട ക്ലബ് ലോക കപ്പ് ഫുട്ബാൾ കാണാനെത്തിയത് റെക്കോഡ് ജനം. ലോകത്തിന്റെ നാനാഭാഗത്തു നിന്ന് 2,45,593 കളിപ്രേമികളാണ് എത്തിച്ചേർന്നത്. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുടെ 500 ലധികം പ്രതിനിധികളുമെത്തി.
ഇതോടെ ടൂർണമെന്റിന്റെ സൗദി ആതിഥേയത്വം പ്രാദേശികവും അന്തർദേശീയവുമായ ശ്രദ്ധ നേടി. ഖത്തർ 2022 ലോകകപ്പിൽ പങ്കെടുത്ത 200 സൗദി വളന്റിയർമാർ ഉൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുടെ മേൽനോട്ടത്തിൽ ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിലും നിയന്ത്രിക്കുന്നതിലും 500 ഓളം പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.