വിനിഷ്യസിന് അർഹതക്കുള്ള അംഗീകാരം
text_fieldsദോഹ: ഒടുവിൽ അർഹിച്ച അംഗീകാരം ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെ തേടിയെത്തി. മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ബ്രസീലിനും റയൽ മഡ്രിനും വേണ്ടി വിനിയുടെ മികവിനുള്ള അലങ്കാരം കൂടിയായി. 11 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, റയൽ മഡ്രിഡിന്റെ കിലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട് എന്നിവരെ പിന്തള്ളിയാണ് വിനീഷ്യസ് കരിയറിൽ ആദ്യമായി ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് അവകാശിയായത്. ബാലൺ ഡി ഓർ പുരസ്കാരം വിനിഷ്യസിന് നൽകാത്തതിൽ വ്യാപകമായ ആക്ഷേപമുണ്ടായിരുന്നു. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീഞ്ഞോ, കക്കാ എന്നിവരാണ് മുമ്പ് ഫിഫയുടെ മികച്ച താരത്തിനുള്ള ബഹുമതി നേടിയ ബ്രസീലുകാർ.
ഫിഫ പുരസ്കാരങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ആദ്യ വോട്ട് സ്പാനിഷ് താരം യമാലിനായിരുന്നു. രണ്ടാം വോട്ട് റയലിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെക്കും. വിനീഷ്യസിന് മൂന്നാമതായാണ് മെസ്സി വോട്ടു ചെയ്തത്. ഫിഫ ദി ബെസ്റ്റ് താരത്തിനുള്ള വോട്ടെടുപ്പിൽ അഞ്ചാമതാണ് യമാൽ ഫിനിഷ് ചെയ്തത്. മെസ്സി ആറാമതും. ഫിഫയുടെ മികച്ച പുരുഷ ടീമിൽ യമാൽ ഇടംനേടി. ടീമിൽ ഉൾപ്പെടുന്ന ഏക ബാഴ്സ താരമാണ്.
വിനീഷ്യസ്, എർലിങ് ഹാളണ്ട്, ക്രൂസ്, റോഡ്രി, ബെല്ലിങ്ഹാം, സാലിബ, ഡയസ്, റൂഡിഗർ, കാർവഹാൽ, മാർട്ടിനെസ് എന്നിവരാണ് ഫിഫ പുരുഷ ടീമിൽ ഇടംനേടിയ മറ്റു താരങ്ങൾ. അതേസമയം വനിത ടീമിൽ ബാഴ്സ താരങ്ങളുടെ ആധിപത്യമാണ്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ ഐതാന ബോൻമാതിയെ കൂടാതെ, അഞ്ചു ബാഴ്സ താരങ്ങളാണ് ടീമിലുള്ളത്.
മികച്ച കോച്ച് കാർലോ ആഞ്ചലോട്ടി (റയൽ മഡ്രിഡ്)യാണ്. ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അയലാന്ദ്രോ ഗർണാച്ചോ എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ നേടിയ ഗോൾ സ്വന്തമാക്കി. വനിതാ വിഭാഗത്തിലെ മികച്ച ഗോളിനായി ഏർപ്പെടുത്തിയ പ്രഥമ ‘ഫിഫ മാർത പുരസ്കാരം’ മാർതതന്നെ സ്വന്തമാക്കി മറ്റൊരു ചരിത്രവും കുറിച്ചു. ബ്രസീൽ കുപ്പായത്തിൽ ജമൈകക്കെതിരെ നേടിയ ഗോളാണ് പുരസ്കാരത്തിന് അർഹമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.