ജപ്പാന്റെ വിവാദ ഗോളിൽ വിശദീകരണം; വിഡിയോ പുറത്തിറക്കി ഫിഫ
text_fieldsസൂറിച്ച്: ഫുട്ബാൾ ലോകകപ്പിലെ ജപ്പാന്റെ വിവാദ ഗോളിൽ വിശദീകരണവുമായി ഫിഫ. ഇതുസംബന്ധിച്ച് വിഡിയോയും ഫിഫ പുറത്തിറക്കി. ചില കാമറ ആംഗിളുകളിൽ പന്ത് വര കടന്ന് പുറത്തേക്ക് പോയെന്ന് തോന്നിക്കുമെങ്കിലും യഥാർഥത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഫിഫയുടെ വിശദീകരണം.
റഷ്യക്കു പിന്നാലെ ഖത്തറിലും ലോകകപ്പിൽനിന്ന് ജർമനി നേരത്തെ മടങ്ങിയതിന്റെ കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത് സ്‍പെയിനിനെതിരെ ജപ്പാൻ അടിച്ച രണ്ടാം ഗോളാണ്. അക്ഷരാർഥത്തിൽ കളംഭരിച്ച് സ്‍പെയിൻ നിറഞ്ഞാടിയ കളിയിൽ മൂന്നു മിനിറ്റ് ഇടവേളകളിലായിരുന്നു ജപ്പാന്റെ രണ്ടു ഗോളുകൾ. ഒരു ഗോളിന് പിന്നിട്ടുനിന്ന ടീം ആദ്യ ഗോളിൽ സമനില പിടിക്കുകയും തൊട്ടുപിറകെ വീണ്ടും വെടിപൊട്ടിച്ച് ജയം പിടിക്കുകയുമായിരുന്നു. ഇതിലൊരു ഗോളാണ് വിവാദത്തിലായത്.
അൽവാരോ മൊറാറ്റയിലൂടെ തുടക്കത്തിൽ ലീഡ് പിടിച്ച സ്‍പെയിനെ ഞെട്ടിച്ച് ഇടവേള കഴിഞ്ഞയുടനാണ് ജപ്പാൻ ഗോൾ എത്തുന്നത്. സ്പാനിഷ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ആദ്യ ഷോട്ട് ഗോളി ഉനയ് സൈമൺ തടുത്തിട്ടെങ്കിലും തിരിച്ചെത്തിയത് ജപ്പാൻ താരം റിറ്റ്സു ഡോവന്റെ കാലുകളിൽ. അവസരമേതും നൽകാതെ പായിച്ച ബുള്ളറ്റ് ഷോട്ട് വലയിലെത്തി. സമനിലയിലായതോടെ ഊർജം ഇരട്ടിയാക്കിയ ജപ്പാൻ പിന്നെയും ആക്രമണം തുടർന്നു. ഇരച്ചെത്തിയ ജപ്പാൻ സേനയുടെ മിന്നൽനീക്കങ്ങളിൽ തെല്ലു പരിഭ്രമിച്ചുപോയ സ്പാനിഷ് പ്രതിരോധത്തെ കടന്നായിരുന്നു വിവാദ ഗോൾ. ബോക്സിൽ ഇടതുവിങ്ങിലൂടെ എത്തിയ പന്ത് വലയിലെത്തിക്കാൻ രണ്ടു ജപ്പാൻ താരങ്ങൾ ഓടിയെത്തുന്നു. പുറത്തേക്ക് വര കടന്നെന്നു തോന്നിച്ച ഘട്ടത്തിൽ വീണുകിടന്ന് കവോരു മിറ്റോമ പന്ത് പോസ്റ്റിലേക്ക് മറിച്ചുനൽകുന്നു. ജപ്പാൻ ഗോളിക്കും പ്രതിരോധ താരത്തിനുമിടയിൽ ചാടിപ്പിടിച്ച തനാകയുടെ ചെറിയ സ്പർശത്തിൽ പന്ത് വലയിൽ.
ലൈൻ റഫറി കൊടി ഉയർത്തിയ പന്തിൽ റഫറി ഗോൾ അനുവദിച്ചില്ല. ഓഫ്സൈഡാകാമെന്നു തോന്നിച്ചെങ്കിലും വല കുലുക്കുംമുമ്പ് പുറത്തുപോയ പന്താണോയെന്ന 'വാർ' പരിശോധനയാണെന്ന് പിന്നീട് മനസ്സിലായി. പ്രാഥമിക കാഴ്ചയിൽ ബോക്സിന്റെ ഇടതുമൂലയിൽ പന്ത് ശരിക്കും വര കടന്ന് പുറത്തുപോയിടത്തുനിന്നാണ് ഗോളാകുന്നത്. എന്നാൽ, പന്തിന്റെ അടി ഭാഗം മാത്രമല്ല, അരികുകളും വര കടക്കണമെന്നാണ് രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ (ഐ.എഫ്.എ.ബി) ചട്ടം. ഉരുണ്ട പന്തിന്റെ അടി ഭാഗം കടന്നാലും കുറച്ചുഭാഗം വൈകിയാകും പുറത്തെത്തുക. ഇതാണ് ജപ്പാന് തുണയാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.