ഫിഫ പുരസ്കാരം: എംബാപ്പെയുടെ ആദ്യ വോട്ട് മെസ്സിക്ക്; മെസ്സിയുടെ വോട്ട് ആർക്ക്..?
text_fieldsലണ്ടൻ: പരിശീലകരുടെയും ക്യാപ്റ്റന്മാരുടെയും മാധ്യമപ്രവർത്തകരുടെയും ആരാധകരുടെയും വോട്ടിൽ നിന്നാണ് ഫിഫ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ താരമായി ലയണൽ മെസ്സിയെയാണ് തെരഞ്ഞെടുത്തത്. നോർവെയുടെ എർലിങ് ഹാലൻഡിനെ പിന്തള്ളിയാണ് മെസ്സി താരമായത്.
രണ്ട് പേരുടെ സ്കോറിങ് പോയിന്റ് (48) തുല്യമായിരുന്നെങ്കിലും ക്യാപ്റ്റന്മാരുടെ വോട്ടാണ് അന്തിമ പരിഗണനക്ക് എടുത്തത്. ടീം ക്യാപ്റ്റന്‍മാര്‍ക്ക് മൂന്ന് വോട്ടുകളാണുള്ളത്. അതില്‍ 5,3,1 പോയിന്‍റുകളാണ് യഥാക്രമം വരുക. ഏറ്റവും കൂടുതല്‍ 5 പോയിന്‍റ് നേടിയ ലയണല്‍ മെസ്സി (107) ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.
ക്യാപ്റ്റൻമാരിൽ നിന്ന് 677 പോയിന്റും പരിശീലകരിൽ നിന്ന് 476 ഉം മാധ്യമങ്ങളിൽ നിന്ന് 315 ഉം ആരാധകരിൽ നിന്ന് 6,13,293 ഉം അടക്കം 48 സ്കോറിങ് പോയിന്റാണ് മെസ്സി നേടിയത്.
ക്യാപ്റ്റൻമാരിൽ നിന്ന് 557 പോയിന്റുകളും പരിശീലകരിൽ നിന്ന് 541ഉം മാധ്യമങ്ങളിൽ നിന്ന് 729 പോയിന്റും ആരാധകരിൽ നിന്ന് 3,65,893 ഉം അടക്കം 48 സ്കോറിങ് പോയിന്റാണ് ഹാലൻഡിന് ലഭിച്ചത്. മാധ്യമങ്ങളുടെ വോട്ടിൽ ഹാലൻഡ് ബഹുദൂരം മുൻപിലായിരുന്നെങ്കിലും ആർട്ടിക്കിൾ 12 അനുസരിച്ച് ക്യാപ്റ്റന്മാരുടെ വോട്ടാണ് അന്തിമ പരിഗണനക്ക് എടുത്തത്.
അതേസമയം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ക്യാപ്റ്റന്മാരുടെ വോട്ട് ആർക്കായിരുന്നുവെന്ന് നോക്കാം:-
ഫ്രഞ്ച് സൂപ്പർതാരവും ക്യാപ്റ്റനുമായ കിലിയൻ എംബാപ്പെയുടെ ആദ്യ വോട്ട് ലയണൽ മെസ്സിക്കായിരുന്നു. രണ്ടാം വോട്ട് എർലിങ് ഹാലൻഡിനും മൂന്നാം വോട്ട് ബെൽജിയം താരം കെവിൻ ഡിബ്ര്യൂണിക്കുമായിരുന്നു. എന്നാൽ അർജന്റീനൻ ക്യാപ്റ്റൻ സാക്ഷാൽ ലയണൽ മെസ്സിയുടെ ആദ്യ വോട്ട് മുൻ സഹതാരമായിരുന്ന എംബാപ്പെക്ക് ലഭിച്ചില്ല. മെസ്സിയുടെ ആദ്യ വോട്ട് ഹാലൻഡിനായിരുന്നു. എന്നാൽ രണ്ടാം വോട്ട് എംബാപ്പെക്ക് നൽകി. മൂന്നാം വോട്ട് സഹതാരം ഹൂലിയൻ ആൽവാരസിനായിരുന്നു.
അതേസമയം എർലിങ് ഹാലൻഡ് നോർവയുടെ ക്യാപ്റ്റൻ അല്ലാത്തത് കൊണ്ട് വോട്ട് ചെയ്യാനായില്ല. പകരം, മാർട്ടിൻ ഒഡെഗാർഡ് തന്റെ സഹതാരം ഹാലൻഡിന് വോട്ട് ചെയ്തു, മെസ്സിയെയും എംബാപ്പെയെയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിച്ചു.
പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ട് ചെയ്തില്ല, ഡിഫൻഡർ പെപ്പെ വോട്ടിംഗ് ചുമതല ഏറ്റെടുത്തു. പോർച്ചുഗൽ മിഡ്ഫീൽഡർ ബെർണാഡോ സിൽവക്കായിരുന്നു ആദ്യ വോട്ട്. രണ്ടാം വോട്ട് ഹാലൻഡിനും മൂന്നാമത്തെത് നൈജീരിയൻ താരം വികടർ ഒസിംഹെനും നൽകി.
ബ്രസീൽ നായകൻ കാൽലോസ് കാസ്മിരോയുടെ ആദ്യ വോട്ട് ഹാലൻഡിനായിരുന്നു. രണ്ടാം വോട്ട് മെസ്സിക്കും മൂന്നാമത്തെത് എംബാപ്പെക്കും നൽകി. ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിന്റെ ആദ്യ ഒപ്ഷൻ മെസ്സി തന്നെയായിരുന്നു. രണ്ടാമത് സ്പാനിഷ് താരം റോഡ്രിയും മൂന്നാമത് സഹതാരം മാർസെലോ ബ്രൊസോവിച്ചുമായിരുന്നു.
നെതർലാൻഡ് നായകൻ വാൻഡെക്കിന്റെ ആദ്യ വോട്ട് മെസ്സിക്കായിരുന്നു. രണ്ടാമത് ഹാലൻഡും മൂന്നാമത് ഡിബ്ര്യൂയിനുമാണ്.
ഇന്ത്യയുടെ വോട്ട് ആർക്ക്
ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ തെരഞ്ഞെടുപ്പുകളിൽ മെസ്സി പുറത്തായിരുന്നു. ആദ്യ വോട്ട് ഹാലൻഡിനും രണ്ടാമത് റോഡ്രിക്കും മൂന്നാമത്തെത് നൈജീരിയൻ താരം വിക്ടർ ഓസിംഹനുമായിരുന്നു. അതേസമയം, പരിശീലകരുടെ വോട്ടിൽ ഇഗോർ സ്റ്റിമാക്ക് ആദ്യ വോട്ട് ചെയ്തത റോഡ്രിക്കായിരുന്നു. രണ്ടാമത്തെത് ഹൂലയൻ ആൽവാരസിനും മൂന്നമത്തെത് കെവിൻ ഡിബ്രുയിനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.