പാകിസ്താൻ ഫുട്ബാൾ ഫെഡറേഷനെ ഫിഫ സസ്‌പെൻഡ് ചെയ്തു
text_fieldsഇസ്‌ലാമബാദ്: നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദേശം പാലിക്കാത്തതിനെ തുടർന്ന് പാകിസ്താൻ ഫുട്ബാൾ ഫെഡറേഷനെ (പി.എഫ്.എഫ്) ഫിഫ സസ്‌പെൻഡ് ചെയ്തു. ഫിഫയും എ.എഫ്.സിയും നിർദേശിച്ച ഭേദഗതികൾ പി.എഫ്.എഫ് കോൺഗ്രസ് അംഗീകരിക്കുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കുമെന്ന് ഫിഫ വ്യക്തമാക്കി. 2019 ജൂണിൽ ഫിഫ നിയമിച്ച നോർലൈസേഷൻ കമ്മിറ്റിക്ക് ഇതുവരെ ഭേദഗതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
നോർമലൈസേഷൻ കമ്മിറ്റിയിൽ പലതവണ അഴിച്ചുപണികൾ നടന്നെങ്കിലും ഫുട്ബാൾ ഫെഡറേഷനിലോ സമാന്തരമായി പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിലോ മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പാകിസ്താൻ സ്പോർട്സ് ബോർഡുമായുള്ള അഭിപ്രായ ഭിന്നതയാണ് ഭേദഗതികൾ നടപ്പാക്കാൻ തടസമെന്നാണ് വിവരം.
ഫെബ്രുവരി 15നകം മാറ്റങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുമെന്ന് നോർമലൈസേഷൻ കമ്മിറ്റി ചെയർമാൻ ഹാരൂൺ മാലിക് പാർലമെന്ററി സമിതിയെ അറിയിച്ചിരുന്നു. തീരുമാനം അനിശ്ചമായി തുടരുന്ന പശ്ചാത്തലത്തിലാണ് സസ്പെൻഷൻ. 2017 ന് ശേഷം പി.എഫ്.എഫിന്റെ മൂന്നാമത്തെ സസ്‌പെൻഷനാണിത്. പ്രധാനമായും പാകിസ്താൻ സർക്കാറിന്റെ രാഷ്ട്രീയ ഇടപെടൽ കാരണമാണ് വിലക്കുകൾ വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.