മെസ്സി, അൽവാരസ്, മാർടിനെസ്, സ്കലോണി... ഫിഫ ബെസ്റ്റ് പുരസ്കാരത്തിനരികെ അർജന്റീനക്കാരുടെ നിര
text_fieldsഫിഫയുടെ ഏറ്റവും മികച്ച താരം മുതൽ പരിശീലകൻ വരെ ഓരോ വിഭാഗത്തിലും പുരസ്കാരത്തിൽ മുത്തമിടാൻ മുന്നിൽനിന്ന് അർജന്റീനക്കാർ. ഏറ്റവും മികച്ച താരത്തിനുള്ള പട്ടികയിൽ മെസ്സിക്കൊപ്പം പി.എസ്.ജിയിലെ കൂട്ടുകാരൻ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ് എന്നിവരടക്കം 14 പേരുണ്ട്. ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിങ്ങാം എന്നീ യുവനിരക്കൊപ്പം ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് കെവിൻ ഡി ബ്രുയിൻ, ലിവർപൂൾ താരം മുഹമ്മദ് സലാഹ്, പി.എസ്.ജിയുടെ നെയ്മർ, അഷ്റഫ് ഹകീമി, റയൽ നിരയിലെ വിനീഷ്യസ് ജൂനിയർ, ബയേൺ മ്യൂണിക്കിലെ സാദിയോ മാനേ എന്നിവരുമുണ്ട്. 2022 ലെ ബാലൺ ദി ഓർ പുരസ്കാര ജേതാവ് കരീം ബെൻസേമയും പട്ടികയിലെത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തായി. വനിതകളിൽ ഈ വർഷത്തിലേറെയും പുറത്തിരുന്ന സൂപർ താരം അലക്സിയ പുട്ടല്ലാസിനൊപ്പം കീറ വാൽഷ്, ബൊൻമാട്ടി, ലീഹ് വില്യംസൺ, വിവ്യൻ മീഡേമ, ബെത് മീഡ് തുടങ്ങിയവരുമുണ്ട്.
പരിശീലകരിൽ അർജന്റീനയുടെ സ്കലോണിക്കൊപ്പം റയൽ കോച്ച് ആഞ്ചലോട്ടി, സിറ്റിയുടെ ഗാർഡിയോള, ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്, മൊറോക്കോയുടെ വലീദ് റഗ്റാഗി തുടങ്ങിയവരാണുള്ളത്.
ഗോളിമാരായി ലിവർപൂൾ ഗോളി അലിസൺ ബെക്കർ, റയൽ കാവൽക്കാരൻ തിബോ കൊർടുവ, ആസ്റ്റൺ വില്ലയുടെ എമി മാർടിനെസ് എന്നിവർക്കാണ് നാമനിർദേശം.
ലോകകപ്പിൽ ഏഴു ഗോളും മൂന്ന് അസിസ്റ്റുമായി നിറഞ്ഞുനിന്ന മെസ്സിയുടെ ചിറകേറി അർജന്റീന കിരീടത്തിൽ മുത്തമിട്ടതോടെ സൂപർ താരത്തിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാര സാധ്യത കൂടുതലാണ്. ഫ്രഞ്ച് നിരയിൽ അതേ കരുത്തോടെ നിറഞ്ഞുനിന്ന എംബാപ്പെയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.