ഫുട്ബാൾ ലോകകപ്പ് യോഗ്യത; ഇന്ത്യക്ക് ഇന്ന് ഖത്തർ
text_fieldsഭുവനേശ്വർ: 2026 ഫിഫ ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത പോരാട്ടത്തിൽ ഇന്ത്യ ചൊവ്വാഴ്ച ഖത്തറിനെ നേരിടും. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കാർലോസ് ക്വിറോസിന്റെ ഖത്തറും ഇഗോർ സ്റ്റിമാക്കിന്റെ ഇന്ത്യയും തമ്മിൽ മാറ്റുരക്കുന്നത്. രാത്രി ഏഴിനാണ് (ഖത്തർ സമയം വൈകുന്നേരം 4.30) മത്സരം. കളിക്കായി ഖത്തർ ദേശീയ ടീം എത്തി.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തർ സ്വന്തം മണ്ണിൽ അഫ്ഗാനിസ്താനെ 8-1ന് തോൽപിച്ചിരുന്നു. ഇന്ത്യ എവേ മാച്ചിൽ കുവൈത്തിനെ 1-0ത്തിനും തോൽപിച്ചു. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർ എന്ന മികവുമായി ബൂട്ട് കെട്ടുന്ന ഖത്തർ ഫിഫ റാങ്കിങ്ങിൽ 61ാം സ്ഥാനത്തും ഇന്ത്യ 102ാം സ്ഥാനക്കാരുമാണ്.
നാലു വർഷം മുമ്പ് മുഖാമുഖം നിന്ന മത്സരത്തിൽ ഗോൾരഹിത സമനില പിടിച്ചതിന് അതിനെക്കാൾ മികച്ച തുടർച്ച സൃഷ്ടിക്കലാണ് ആതിഥേയ സ്വപ്നം. ഖത്തർ ലോകകപ്പിന്റെ രണ്ടാം റൗണ്ട് യോഗ്യത പോരാട്ടത്തിലായിരുന്നു 2019ൽ ഇന്ത്യ ഇവരെ പിടിച്ചുകെട്ടിയത്. അന്ന് പുറത്തിരുന്ന സുനിൽ ഛേത്രി കൂടി അണിനിരക്കുന്ന നിരക്കെതിരെ സ്റ്റാർ സ്ട്രൈക്കർ അൽമുഇസ് അലിയാകും സന്ദർശക ടീമിന്റെ തുറുപ്പുശീട്ട്.
അഫ്ഗാനെതിരെ താരം നാലു ഗോളടിച്ചിരുന്നു. ഇന്ത്യൻ പ്രതിരോധത്തിൽ അൻവർ അലിക്കൊപ്പം സന്ദേശ് ജിങ്കാനും ചേരുമ്പോൾ സഹൽ അബ്ദുസ്സമദ്, മൻവീർ സിങ് എന്നിവരാകും ആക്രമണത്തിലെ കുന്തമുനകൾ.
അതിവേഗവും കരുത്തും കൊണ്ട് ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്ന എതിരാളികളെ അതേ നാണയത്തിൽ നേരിടുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ സ്റ്റിമാക് പറയുന്നു. ഖത്തർ, കുവൈത്ത്, അഫ്ഗാൻ എന്നിവ ഉൾക്കൊള്ളുന്ന ഗ്രൂപ് എയിലെ ആദ്യ രണ്ടു സ്ഥാനക്കാർ യോഗ്യത പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തിലെത്തും.
ഈ രണ്ടു ടീമുകൾ 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതയും ഉറപ്പാക്കും. ഒരിക്കൽപോലും മൂന്നാംഘട്ട യോഗ്യതക്ക് അർഹത നേടാനായില്ലെന്ന ദൗർഭാഗ്യം ഇത്തവണ തിരുത്തുകയാണ് ഇന്ത്യൻ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.