കാനറികൾക്ക് വീണ്ടും സമനില പൂട്ട്; യുറുഗ്വായ് ബ്രസീലിനെ തളച്ചത് 1-1ന്
text_fieldsസാൽവദോർ (ബ്രസീൽ): ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ പൂട്ടി യുറുഗ്വായ്. സാൽവദോറിലെ അരീന ഫോന്‍റൊ നോവെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
ക്ലബ് ഫുട്ബാളിലെ മിന്നുംതാരങ്ങൾ കളത്തിലിറങ്ങിയിട്ടും പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള സുവർണാവസരം സ്വന്തം കാണികൾക്കു മുന്നിൽ കാനറികൾ നഷ്ടപ്പെടുത്തി. ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്രസീലിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിലും വെനിസ്വേലക്കെതിരെ ബ്രസീലിന് സമനിലയായിരുന്നു ഫലം. യുറുഗ്വായിക്കായി ഫെഡറികോ വാൽവർദെയും ബ്രസീലിനായി ഗേഴ്സണും വലകുലുക്കി.
ഗോൾ രഹിതമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതി കൊണ്ടും കൊടുത്തുമാണ് ഇരുടീമുകളും മുന്നേറിയത്. 55ാം മിനിറ്റിൽ ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള ഫെഡറികോ വാൽവർദെയുടെ ഷോട്ടാണ് ബ്രസിൽ ഗോൾകീപ്പർ എഡേഴ്സണെയും കീഴ്പ്പെടുത്തി വലയിൽ കയറിയത്. മാക്സിമിലിയാനോ അരുജോയാണ് ഗോളിന് വഴിയൊരുക്കിയത്. തൊട്ടു മുമ്പ് 53ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്‍റെ ഒരു ഗ്രൗണ്ട് ഷോട്ട് പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറത്തേക്ക് പോയിരുന്നു.
ഗോൾ വഴങ്ങിയതോടെ ബ്രസീൽ താരങ്ങൾ ഉണർന്നു കളിച്ചു. ഒടുവിൽ ഏഴു മിനിറ്റുനുള്ളിൽ ഫലവും കണ്ടു. 62ാം മിനിറ്റിൽ ഗേഴ്സൺ ബ്രസിലിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് യുറുഗ്വായ് പ്രതിരോധ താരം ക്ലിയർ ചെയ്തെങ്കിലും ബോക്സിനു തൊട്ടു വെളിയിലുണ്ടായിരുന്ന ഗേഴ്സണിന്‍റെ മുന്നിലേക്ക്. പന്ത് ഗ്രൗണ്ടിൽ വീഴുന്നതിനു മുമ്പേ താരത്തിന്‍റെ ഒരു കിടിലൻ ബുള്ളറ്റ് ഷോട്ട്, പ്രതിരോധ താരത്തിനിടയിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് വലയിൽ. പിന്നാലെ തുടരെ തുടരെ ബ്രസീൽ ആക്രമണം.
64ാം മിനിറ്റിൽ സാവിയോയുടെ ഷോട്ട് ഗോൾ കീപ്പർ കൈയിലൊതുക്കി. 79ാം മിനിറ്റിൽ ബ്രസീൽ താരങ്ങളുടെ മികച്ച മുന്നേറ്റത്തിന് ബോക്സിനുള്ളിൽ ഗോൾകീപ്പർ തടയിട്ടു. തൊട്ടുപിന്നാലെ ബോക്സിനു പുറത്തുനിന്നുള്ള റാഫിഞ്ഞയുടെ ബുള്ളറ്റ് ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക്. 86ാം മിനിറ്റിൽ ഗേഴ്സണെ പിൻവലിച്ച ലൂക്കാസ് പെക്വറ്റയെ കളത്തിലിറക്കി. ആദ്യ പകുതിയിൽ കാര്യമായ ഗോൾ ശ്രമങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടു നിന്നു.
എന്നാൽ, മത്സരത്തിൽ ഷോട്ട് ഓൺ ടാർഗറ്റ് കണക്കിലുള്ളത് അഞ്ചു ഷോട്ടുകൾ മാത്രം. മൂന്നെണ്ണം ബ്രസീലും രണ്ടെണ്ണം യുറുഗ്വായിയും. മത്സരത്തിലുടനീളം 60 ശതമാനവും പന്ത് കൈവശം വെച്ചത് ബ്രസീലാണ്. തുടർച്ചയായ സമനിലയോടെ പത്തു ടീമുകളുള്ള തെക്കനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ 12 മത്സരങ്ങളിൽനിന്ന് 18 പോയന്റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. 25 പോയന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 20 പോയന്റുള്ള യുറുഗ്വായ് രണ്ടാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.