കാനറികളുടെ ഉന്മാദം
text_fieldsവർഷം 1950. ബ്രസീൽ ലോകകപ്പിന്റെ ഫൈനൽ അരങ്ങേറിയ മാറക്കാന സ്റ്റേഡിയത്തിലെ മനുഷ്യസാഗരത്തിന്റെ എണ്ണം 199,850 എന്ന് രേഖപ്പെടുത്തിയ ദിനം. ബ്രസീലുകാരെല്ലാം റിയോയിലോ, ഗാലറിയിലോ ഉണ്ട്. ആ ദിവസത്തിലെ രണ്ട് കാഴ്ചകളെ അറിഞ്ഞ് 1958 സ്വീഡൻ ലോകകപ്പിന്റെ കഥയിലേക്ക് നീങ്ങാം.
ആ കഥയിലെ ആദ്യ നായകൻ മാനുവൽ ഫ്രാൻസിസ്കോ ഡോസ് സാന്റോസ് എന്ന ഫുട്ബാൾ ആരാധകക്ക് പരിചിതനായ ഗരിഞ്ച. മാറക്കാനയിൽ പന്തുരുളുമ്പോൾ 17 വയസ്സായിരുന്നു ഗരിഞ്ചക്ക് പ്രായം. ഫാക്ടറിയിലെ ഫുട്ബാൾ ടീമിൽ വല്ലപ്പോഴും കളിക്കും. തെന്നി നീങ്ങുന്ന മീനിനെപ്പോലെ കളത്തിൽ പന്തുമായി നീങ്ങുന്ന കൗമാരക്കാരൻ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുമെങ്കിലും കളി ഗരിഞ്ചക്ക് അത്ര കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ മാറക്കാനയിൽ കളിമുറുകിയ ദിനം ഗരിഞ്ച മീൻപിടിക്കാൻ പോയതായിരുന്നു. തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവങ്ങളുടെ ഗൗരവം കൗമാരക്കാരന് മനസ്സിലാവുന്നത്. ബ്രസീൽ ഉറുഗ്വായ് യോട് തോറ്റിരിക്കുന്നു. തെരുവിലെല്ലാം നാട്ടുകാർ കരയുന്ന കാഴ്ചയാണ്. എന്നാൽ, ഇതിനുമാത്രം എന്താണ് സംഭവിച്ചതെന്നായിരുന്നു ഗരിഞ്ചയുടെ ഭാവം. അതുകൊണ്ടു തന്നെ ആ തോൽവിയൊന്നും അയാളെ തെല്ലും ഏശിയില്ല.
രണ്ടാമന് അന്ന് പത്തു വയസ്സ്. പേര്, എഡിസൺ അരാന്റസ് ഡോ നാസിമെൻറോ എന്ന പെലെ. മാറക്കാനയിൽ കളി മുറുകിയ സായാഹ്നത്തിൽ വീട്ടിലെ റേഡിയോയിൽ ചെവിയും കൂർപ്പിച്ചിരിക്കുന്ന അച്ഛനായിരുന്നു പെലെയുടെ ഓർമയിൽ. മത്സരത്തിൽ ബ്രസീൽ തോറ്റതിനു പിന്നാലെ, നിലവിട്ട് കരയുന്ന പിതാവിനെയാണ് പെലെ കണ്ടത്. ആദ്യമായി അച്ഛൻ കരയുന്നത് കണ്ട പെലെ ഒരു വാക്കു നൽകി -'രാജ്യത്തിനും അച്ഛനുമായി ഒരു നാൾ ഈ ട്രോഫി ഞാൻ നേടിത്തരും'.
എട്ടു വർഷങ്ങൾക്കു ശേഷം, 1958 ജൂണിൽ സ്വീഡനിൽ ലോകകപ്പ് പോരാട്ടത്തിന് പന്തുരുളുമ്പോൾ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച രണ്ടുപേരായിരുന്നു ഗരിഞ്ചയും പെലെയും. സ്വീഡൻ ലോകകപ്പിലൂടെ കാൽപന്തിന്റെ പുണ്യഭൂമിയിലേക്ക് ആദ്യ ലോകകപ്പ് കിരീടമെത്തിയത് ഇവർ രണ്ടുപേരുടെ കൂടി കഥയാണ്.
1954 ബേണിൽ പശ്ചിമ ജർമനിയുടെ അത്ഭുത കാഴ്ചകളും, ഫെറങ്ക് പുഷ്കാസിന്റെ മാന്ത്രിക മഗ്യാറുകളുടെ പതനവും കണ്ട ഞെട്ടലിൽനിന്നും നാലുവർഷം കറങ്ങിത്തിരിഞ്ഞ് കാൽപന്ത് ലോകമെത്തിയത് മറ്റൊരു പുതു മണ്ണിൽ. യൂറോപ്പിലെ തന്നെ സ്വീഡനായിരുന്നു ഇത്തവണ ലോകകപ്പിന്റെ വേദി. 1950 ബ്രസീൽ ലോകകപ്പിന് മുന്നോടിയായി നടന്ന ഫിഫ കോൺഗ്രസിൽ തന്നെ സ്വീഡനെ വേദിയായി തെരഞ്ഞെടുത്തിരുന്നു.
ആതിഥേയരായി സ്വീഡനും, നിലവിലെ ചാമ്പ്യന്മാരായി പശ്ചിമ ജർമനിയും നേരിട്ട് യോഗ്യത നേടി. ശേഷിച്ച 14ൽ ഒമ്പത് സ്ഥാനങ്ങൾ യൂറോപ്പിനും മൂന്ന് ബർത്ത് തെക്കൻ അമേരിക്കക്കും ഒാരോ ബർത്ത് വീതം വടക്ക്-മധ്യ അമേരിക്ക, ഏഷ്യ/ ആഫ്രിക്ക മേഖലക്കായി അനുവദിച്ചു. ഏഷ്യ-ആഫ്രിക്ക മേഖല യോഗ്യതാ റൗണ്ടിന്റെ അവസാന മത്സരങ്ങളിൽനിന്നും, ഇന്തോനേഷ്യ, സുഡാൻ, ഈജിപ്ത് മത്സരങ്ങൾ പിൻവാങ്ങിയതോടെ ആരുമില്ലാതായി. ഒടുവിൽ, അതും യൂറോപ്പിന് സമ്മാനിച്ച് പട്ടിക തികച്ചു. 1934ന് ശേഷം, ലോകകപ്പിലേക്ക് അർജന്റീനയുടെ തിരിച്ചുവരവിനും, സോവിയറ്റ് യൂനിയന്റെ ആദ്യ പങ്കാളിത്തത്തിനും സ്വീഡൻ സാക്ഷിയായി. രണ്ടുവട്ടം ജേതാക്കളായ ഉറുഗ്വായ്ക്ക് യോഗ്യത നേടാനും കഴിഞ്ഞില്ല.
16 ടീമുകൾ നാല് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പോരാട്ടങ്ങൾക്ക് തുടക്കം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്ന രീതിയിലെ അങ്കം. ഒന്നാം റൗണ്ടിലെ വാശിയേറിയ അങ്കം അവസാനിച്ചപ്പോൾ പശ്ചിമ ജർമനി, വടക്കൻ അയർലൻഡ്, ഫ്രാൻസ്, യുഗോസ്ലാവ്യ, സ്വീഡൻ, വെയ്ൽസ്, ബ്രസീൽ, സോവിയറ്റ് യൂനിയൻ ടീമുകൾ ക്വാർട്ടറിലെത്തി.
അർജന്റീനയും ഇംഗ്ലണ്ടും ആദ്യ റൗണ്ടിൽതന്നെ നിരാശയോടെ മടങ്ങി. സെമിയിൽ ബ്രസീൽ ഫ്രാൻസിനെയും, ആതിഥേയരായ സ്വീഡൻ പശ്ചിമ ജർമനിയെയും തോൽപിച്ചു. സ്റ്റോക്ക്ഹോമിലെ റസുൻഡ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീൽ 5-2ന് സ്വീഡനെ തോൽപിച്ച് തങ്ങളുടെ ആദ്യ ലോകകിരീടമണിഞ്ഞു. എട്ടു വർഷത്തെ കണ്ണീർ ഓർമകൾക്കു ശേഷം, കാനറികളുടെ മണ്ണ് ആനന്ദ നൃത്തമാടിയ ദിനമായി 1958 ജൂൺ 29. വാവയും കൗമാരക്കാരൻ പെലെയും ഇരട്ട ഗോളുകൾ കുറിച്ച് ബ്രസീലിന്റെ സൂപ്പർതാരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.