ഫിലോസഫി തോറ്റു; ഇറ്റലി ജയിച്ചു
text_fieldsനാണക്കേടിൻെറ പടുകുഴിയിലായിരുന്നു ഇറ്റാലിയൻ ഫുട്ബാൾ. 1980കളിൽ പൊട്ടിപ്പുറപ്പെട്ട ഒത്തുകളി വിവാദം ഇറ്റാലിയൻ ഫുട്ബാളിനെ മുച്ചൂടും മുടിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഒത്തുകളി വിവാദത്തെത്തുടർന്ന് ഇറ്റലിയിലെ ഒന്നാംനിര കളിക്കാരിൽ പലരും റോമിലെ കുപ്രസിദ്ധ ജയിൽ 'റെജിന ചൗലി'യിൽ അടക്കപ്പെട്ടു. ഇറ്റാലിയൻ സിരി എയിലെ ഫേവറിറ്റ് ടീം ഇപ്പോൾ 'റെജിന ചൗലി'യാണെന്നായിരുന്നു ആളുകൂടുന്നിടത്തെല്ലാം പ്രചരിച്ച തമാശ. വിവാദത്തെത്തുടർന്ന് കോടതി വിളിപ്പിച്ചവരിൽ ഇറ്റലിയുടെ സുവർണപുത്രൻ പൗലോ റോസിയുമുൾപ്പെടും.
1978ലെ ലോകകപ്പിൽ ഇറ്റലിക്കായി കളത്തിലിറങ്ങിയ റോസി ലീഗിലെ കനത്ത ശമ്പളക്കാരിലൊരാളായിരുന്നു. വാതുവെപ്പുകാരിൽ നിന്നും പണം വാങ്ങിയെന്ന വാർത്ത റോസി പാടെ നിഷേധിച്ചു. മരണം വരെ അതാവർത്തിക്കുകയും ചെയ്തു. പക്ഷേ വിവാദത്തിലകപ്പെട്ടവരോട് ഒരു ദാക്ഷിണ്യവും അധികൃതർ കാണിച്ചില്ല. പൗളോ റോസിക്ക് മൂന്നു വർഷത്തെ വിലക്കാണ് കൽപ്പിച്ചുനൽകിയത്. റോസിയുടെ കാലുകളുടെ പ്രഹരശേഷിയറിയുന്ന ഇറ്റാലിയൻ കോച്ച് എൻസോ ബിയറൂസിന് നടപടി ഒട്ടുംദഹിച്ചില്ല. 1980ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ഇറ്റലി ആതിഥേയത്വം വഹിച്ചപ്പോൾ തൻെറ പ്രധാന സ്ട്രൈക്കർ ഇല്ലാതെ പോയത് ബിയറൂസിനെ വേദനിപ്പിച്ചു. ടൂർണമെൻറിൽ ഇറ്റലി നാലാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിയറൂസ് അടക്കമുള്ളവർ റോസിക്കായി മുറവിളിയുയർത്തി. അതോടെ വിലക്ക് രണ്ടു വർഷമായി ചുരുങ്ങി. ഫലത്തിൽ 1982ൽ സ്‍പെയിനിൽ നടക്കുന്ന ലോകകപ്പിൽ റോസിക്ക് കളിക്കാമെന്നായി.
ലോകകപ്പ് സ്ക്വാഡിൽ റോസിയെ ഉൾപ്പെടുത്തിയതിനെതിരെ വൻ വിമർശനങ്ങളുയർന്നു. പക്ഷേ ബിയറൂസ് റോസിയിൽ വിശ്വാസം രേഖപ്പെടുത്തി. റോസിയുടെ ബൂട്ടുകളാകട്ടെ, തിരിച്ചുവരവിനെ നീതീകരിക്കാൻ ഏറെ പാടുപെട്ടു. പന്തുമായി ഉഴറി നടക്കുന്ന റോസിയെയായിരുന്നു സ്‍പെയിനിലെ ആദ്യ മത്സരങ്ങളിൽ കണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലി നന്നേ വെള്ളം കുടിച്ചു. പോളണ്ടിനോടും പെറുവിനോടും കാമറൂണിനോടും സമനില!. ആക്രമണത്തിൻെറ മുനയൊടിഞ്ഞ മത്സരങ്ങളിൽ പ്രതിരോധത്തിൻെറ കെട്ടുറപ്പിലാണ് തോൽക്കാതെ രക്ഷപ്പെട്ടുപോന്നത്. മൂന്നുപോയൻറുമായി ഗ്രൂപ്പിൽ പോളണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. കാമറൂണിനും മൂന്നുപോയൻറ് ഉണ്ടായിരുന്നെങ്കിലും ഗോൾ ശരാശരി ഇറ്റലിയുടെ തുണക്കെത്തി. രണ്ടാം ഗ്രൂപ്പ് ഘട്ടത്തിൽ അർജൻറീനക്കും ബ്രസീലിനുമൊപ്പമായിരുന്നു സ്ഥാനം. അർജന്റീനയെ 2-1ന് ഇറ്റലി മറികടന്നതോടെ ബ്രസീലുമായുള്ള മത്സരം അതി നിർണായകമായി. ജയിക്കുന്നവർ സെമിയിലേക്ക്, അല്ലാത്തവർ പുറത്തേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.