സമവാക്യങ്ങൾ മാറ്റിയ ലോകകപ്പ്
text_fieldsനിർണായക മത്സരത്തിനായി ബാഴ്സലോണയിലെ സാറിയ മൈതാനമൊരുങ്ങി. സീക്കോയും സോക്രട്ടീസും സെർജിഞ്ഞോയും എഡെറും ഫാൽക്കാവോയുമെല്ലാം അണിനിരന്ന ഫുട്ബാൾ ഫിലോസഫർമാരുടെ സംഘമാണ് ബ്രസീലിയൻ ജഴ്സിയിലെത്തിയത്. കാനറികളുടെ ഓരോ മത്സരങ്ങളും കളിയഴകിൻെറ പ്രദർശനമായി. അവരുടെ ഓരോ ചലനങ്ങൾക്കും ലോകം കൈയ്യടിച്ചു. പ്രതിഭയിൽ ബ്രസീൽ ടീമിനോട് മുട്ടിനോക്കാൻ കെൽപ്പില്ലെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ഇറ്റാലിയൻ കോച്ച് ബിയർസോട്ടിനായിരുന്നു. എതിരാളികളുടെ ആക്രമണത്തെ പരമാവധി ചെറുത്തുനിൽക്കുക, തക്കം കിട്ടുമ്പോൾ തിരിച്ചുപ്രഹരിക്കുക എന്ന ലളിത തന്ത്രം ഇറ്റലി കളത്തിൽ നടപ്പാക്കി. അതുവരെയും ടൂർണമെൻറിൽ ചെറുവെട്ടം പോലുമാകാതിരുന്ന പൗളോ റോസി കോച്ചിൻെറ മനസ്സുവായിച്ചു.
കാനറികളുടെ കളിയഴകിഴെൻറ ഹൃദയം തുളച്ചു റോസി പായിച്ച മൂന്നുഗോളുകൾ ബ്രസീലിനെ എക്കാലത്തും വേദനിപ്പിച്ചു. മത്സരത്തെ അവർ 'ട്രാജഡിയ ഡോ സറിയ' യെന്ന് വേദനയോടെ രേഖപ്പെടുത്തി. ഇറ്റലിയുടെ ജയത്തോടെ ഫുട്ബാൾ മരിച്ചുവെന്നായിരുന്നു സീക്കോയുടെ പ്രതികരണം. മറുവശത്ത് റോസിയാകട്ടെ, ഈ ഗോളുകളോടെ അനശ്വരനായി. മത്സരത്തിലെ തോൽവി ബ്രസീലിനെ ഇരുത്തിച്ചിന്തിപ്പിച്ചു. കളിയഴകിൻെറ നൃത്തച്ചുവടുകളിൽ നിന്നും വിജയത്തിലേക്കുള്ള സാങ്കേതികച്ചുവടുകളിലേക്ക് ബ്രസീലിയൻ ശൈലി കുടിയേറിപ്പാർത്തു.
ബ്രസീലിനെ തോൽപ്പിച്ച അസൂറികൾക്ക് പിന്നീടുള്ള വഴികൾ എളുപ്പമായിരുന്നു. സെമിയിൽ റോസിയുടെ ഇരട്ടഗോളുകളിൽ പോളണ്ടിനെ മലർത്തിയടിച്ച അസൂറികൾ കലാശപ്പോരിന് സാൻറിയാഗോ ബെർണബ്യൂവിൽ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. റുമനിഗെയുടെ പശ്ചിമ ജർമനിക്ക് സാധ്യതാ മാപിനികളിൽ കനം കൂടുതലുണ്ടായിരുന്നെങ്കിലും അസൂറികൾക്കായി പൗളോ റോസി ഒരിക്കൽ കൂടി അവതരിച്ചു. രണ്ടാം പകുതിയുടെ 12ാം മിനുറ്റിൽ റോസിയുടെ തലയിൽതൊട്ട് പന്ത് ജർമൻ വല പിളർന്നതോടെ ജർമനിയുടെ വിധിതീരുമാനമായിരുന്നു. 3-1ന്റെ ആധികാരിക ജയവുമായി അസൂറികൾ കപ്പിൽ മുത്തമിട്ടു. ആറുഗോളുകളുമായി റോസി ലോകകപ്പിന്റെ സുവർണ പാദുകങ്ങളും ബാലൻ ഡി ഓറും നെഞ്ചോടുചേർത്തു. കാൽപനിക ഫുട്ബാളിന്റെ ആരാധകർ അപ്പോഴും സീക്കോയുടെ ബ്രസീലിനായും പ്ലാറ്റീനിയുടെ ഫ്രാൻസിനായും കണ്ണീർവാർത്തുകൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.