കിരീടമില്ലാത്ത ജേതാക്കൾ
text_fieldsപൗലോ റോസിയുടെയും ഇറ്റലിയുടെയും വിജയഗാഥ പോലെ തന്നെ 1982 സ്പെയിൻ ലോകകപ്പ് ബ്രസീലിേൻറത് കൂടിയായിരുന്നു. 1970ലെ സ്വപ്ന സംഘത്തിനു ശേഷം, കാനറികളുടെ ഏറ്റവും മികച്ച നിരയെന്ന് വഴ്ത്തപ്പെട്ടവർ, പക്ഷേ കിരീടവിജയങ്ങളൊന്നുമില്ലാത്തതിനാൽ ആഘോഷിക്കപ്പെടാതെ പോയത് ഫുട്ബാൾ ചരിത്രത്തിൻെറ നീതികേടാവാം. ഒരു ലോക കിരീടം കരിയറിന് എത്രമാത്രം വർണങ്ങളും ചമയങ്ങളും നൽകുന്നുവെന്നതിൻെറ തെളിവായിരുന്നു 1982ലെ സോക്രട്ടീസ്, സീകോ, ഫൽകാവോ, എഡർ എന്നിവർ ഒന്നായിചേർന്ന് വിസ്മയിപ്പിച്ച ബ്രസീൽ. ഗോൾവലക്കു മുന്നിൽ, ആറടി ഒരിഞ്ചുകാരനായ വാൾഡിർ പെരസ് എന്ന വലിയ മനുഷ്യൻ. ലുസീന്യോ, ഓസ്കാർ, ലിയോ ജൂനിയർ എന്നിവരുടെ പ്രതിരോധ നിര. മധ്യനിരയിൽ ഇതിഹാസതാരമായ ഡോക്ടർ സോക്രട്ടീസ്. അതിവേഗ നീക്കവും കുറുകിയ പാസുകളുമായി സെൻറർ സർക്കിളിൽ സോക്രട്ടീസ് തലയുയർത്തി നിൽക്കുേമ്പാൾ ആ ടീമിൻെറ ഹൃദയവും ബുദ്ധിയും ആ കാലുകളിലായി മാറും.
കളിക്കൊപ്പം ഫിസിഷ്യൻ എന്ന കരിയർ കൂടെ െകട്ടിപ്പടുത്ത സോക്രട്ടീസ്, കാലിൽ പന്തുതൊടുേമ്പാൾ, കളിയുടെ മർമമറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറായി മാറും. ഫൽകാവോ, സീകോ എന്നീ ജീനിയസുകൾ കൂടി ഒപ്പം ചേരുേമ്പാൾ മുന്നേറ്റത്തിൽ സെർജീന്യോക്കും എഡറിനും ഗോളുകൾ അടിച്ചുകൂട്ടുന്നത് അനായാസമായൊരു ദൗത്യവും. മരിയോ കെംപസിൻെറ അർജൻറീന 1978ൽ കിരീടമണിഞ്ഞതിനു പിന്നാലെ, പതുക്കെ ഫുട്ബാളിൻെറ അച്ചുതണ്ട് ബ്രസീലിനെ ചുറ്റിപറ്റി വളരുകയായിരുന്നു. കിരീട സാധ്യതയുള്ള ശക്തമായൊരു നിരയുമായാണ് ടെലെ സൻറാന സ്പെയിനിലേക്ക് പറന്നത്. സോവിയറ്റ് യൂണിയൻ, സ്കോട്ലൻഡ്, ന്യൂസിലൻഡ് എന്നിവരടങ്ങിയ ഒന്നാം ഗ്രൂപ്പ് റൗണ്ടിൽ മിന്നും ജയത്തോടെ തന്നെ ബ്രസീൽ തുടങ്ങി. സോവിയറ്റ് യൂണിയനെ 2-1നും, സ്കോട്ലൻഡിനെ 4-1നും, ന്യൂസിലൻഡിനെ 4-0ത്തിനും വീഴ്ത്തി. മൂന്നു കളിയിൽ പത്ത് ഗോളുകൾ അടിച്ചുകൂട്ടി എല്ലവരെയും അമ്പരപ്പിച്ചു.
എന്നാൽ, രണ്ടാം ഗ്രൂപ്പ് റൗണ്ടിൽ ഇറ്റലിയും അർജൻറീനയുമായിരുന്നു കാത്തിരുന്നത്. ആദ്യ കളിയിൽ ഇറ്റലിയും (2-1), ബ്രസീലും (3-1) അർജൻറീനയെ വീഴ്ത്തി ഗ്രൂപ്പിൽ മേധാവിത്വം സ്ഥാപിച്ചു. ഒടുവിൽ ഫൈനലെന്നു വിശേഷിപ്പിച്ച പോരാട്ടത്തിൽ ബാഴ്സലോണയിലെ സാറിയ സ്റ്റേഡിയത്തിൽ സോക്രട്ടീസിൻെറ ബ്രസീലും പൗലോ റോസിയുടെ ഇറ്റലിയും മുഖാമുഖം. ലോകകപ്പ് ചരിത്രത്തിലെ ശ്രദ്ധേയ അങ്കങ്ങളിൽ ഒന്നായി അടയാളപ്പെടുത്തിയ പോരാട്ടത്തിൽ ബ്രസീലിൻെറ ഇരുതല മൂർച്ചയുള്ള ആക്രമണ നിരയും, ഇറ്റാലിയൻ പ്രതിരോധവും തമ്മിലായിരുന്നു മാറ്റുരച്ചത്. ശരാശരിക്കാർ മാത്രമുള്ള നിര, എന്നാൽ അവർ ഏറെ ഏകോപനത്തോടെയും സമചിത്തതയോടെയും കളത്തിൽ പെരുമാറിയപ്പോൾ മഞ്ഞപ്പടയുടെ കേളിമികവിനെയാണ് മലയർത്തിയടിച്ചത്. ഇരു വിങ്ങുകളെയും ഗോൾപോസ്റ്റിലേക്കുള്ള ഇടവഴികളാക്കിമാറ്റി സോക്രട്ടീസും സീകോയും പന്തുകളൊഴുക്കിയപ്പോൾ, ശക്തമായ തടയണകെട്ടി ഇറ്റലി പ്രതിരോധിച്ചു. വീണുകിട്ടുന്ന പന്തുകളുമായി പ്രത്യാക്രമണം തന്ത്രമാക്കിയ അസൂറിപ്പട അഞ്ചാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ചു.
ഹെഡറിലൂടെ പൗലോ റോസിയുടെ ഗോൾ. 12ാം മിനിറ്റിൽ സോക്രട്ടീസ് മറുപടി നൽകിയെങ്കിലും 25, 74 മിനിറ്റുകളിൽ കൂടി വലകുലുക്കി റോസി ഹാട്രിക്കിലൂടെ ഇറ്റലിയെ സേഫ് സോണിലാക്കി. 68ാം മിനിറ്റിൽ ഫൽകാവോ ബ്രസീലിനെ ഒപ്പമെത്തിച്ചെങ്കിലും തുടർ ഗോളുകൾ കുറിക്കാനോ, ഇറ്റാലിയൻ പ്രതിരോധകോട്ട പിളർത്താനോ കഴിഞ്ഞില്ല. അവസാന മിനിറ്റുകളിൽ ഒസ്കറിൻെറ ഗോൾ ശ്രമം ഇറ്റാലിയൻ ഗോളി ഡിനോ സോഫ് തട്ടിയകറ്റിയതോടെ സ്വർണക്കപ്പിലേക്ക് പ്രതീക്ഷകളോടെയിറങ്ങിയ മഞ്ഞപ്പട സെമി ഫൈനലും കാണാതെ പുറത്തായി. 1978 ജേതാക്കളായ അർജൻറീനയാവട്ടെ, രണ്ടാം ഗ്രൂപ്പ് റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായും മടങ്ങി. ഡാനിയേൽ പാസറല്ല നായകനായ ടീമിൽ 21കാരനായി ഡീഗോ മറഡോണയുടെ ആദ്യലോകകപ്പ് കൂടിയായിരുന്നു അത്. സെമിയിൽ ഇറ്റലി പോളണ്ടിനെ വീഴ്ത്തിയപ്പോൾ പ്ലാറ്റീനിയുടെ ഫ്രാൻസിനെ തോൽപിച്ച് പശ്ചിമ ജർമനിയും ഫൈനലിൽ ഇടം പിടിച്ചു. ഒടുവിൽ കിരീട വിജയത്തോടെ ഇറ്റലിയുടെ മടക്കവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.