കളിശൈലി മാറ്റിപ്പിടിച്ച് ബ്രസീൽ
text_fields'കളി രസിപ്പിക്കാനോ അതോ ജയിക്കാനോ....' 1982ൽ കിരീട സ്വപ്നവുമായി സ്പെയിനിലേക്ക് പറന്ന സോക്രട്ടീസിൻെറ സംഘം സെമിയിലെത്താതെ വീണപ്പോൾ ആരാധകർ ഒരായിരംവട്ടം ഉയർത്തിയ ചോദ്യമായിരുന്നു ഇത്. കുറുകിയ പാസുകളും, കോർത്തിണക്കിയ നീക്കങ്ങളുമായി ആക്രമിച്ചു കയറി ഗോളടിച്ചു കൂട്ടുന്ന പെലെയിലും ഗരിഞ്ചയിലും കാർലോസിലും തുടങ്ങിയ ശൈലി പക്ഷേ, സൻറാനയുടെ ടീമിൻെറ വീഴ്ചയിലൂടെ വിമർശിക്കപ്പെട്ടു. കപ്പില്ലാതെ മടങ്ങിയെങ്കിലും സൻറാനക്ക് യൂറോപ്പിൽ ആരാധകരുണ്ടായിരുന്നു. യൊഹാൻ ക്രൈഫ് മുതൽ പെപ് ഗ്വാർഡിയോളവരെയുള്ള താരങ്ങളും പരിശീലകരുമെല്ലാം അത് പകർത്തിയപ്പോൾ, ബ്രസീലിൽ കളിശൈലി മാറ്റത്തിനുള്ള മുറവിളിയായിരുന്നു.
തങ്ങളുടെ അറ്റാക്കിങ് ഫിലോസഫിയുടെ പരാജയമായാണ് ആ തോൽവിയെ ഒരു വിഭാഗം വിലയിരുത്തിയത്. 'സറിയയിലെ ദുരന്തം' എന്ന് ബ്രസീൽ മാധ്യമങ്ങൾ വിശേഷിപ്പിച്ച തിരിച്ചടി പിന്നീടു വന്ന പരിശീലകരുടെ ഗെയിം പ്ലാനിൽ കാര്യമായ മാറ്റമുണ്ടാക്കിയെന്ന് ആ ടീമിലെ പ്രതിരോധ താരമായ ലുസീന്യോ പറയുന്നു. 'പ്രതിരോധത്തിലൂന്നി, ഒപ്പം പ്രത്യാക്രമണത്തെ ആയുധമാക്കിയുള്ള ശൈലിയായിരുന്നു പിന്നീടുള്ള പരിശീലകർ പിന്തുടർന്നത്' -ലുസീന്യോയുടെ വാക്കുക്കളിലുണ്ട് ശേഷമുള്ള പതിറ്റാണ്ടിൽ കാനറികൾ കളി ശൈലി മാറ്റിയതിൻെറ ചിത്രം.
1963ൽ ബെൽജിയത്തോട് സൗഹൃദ മത്സരത്തിലും (5-1), 1974 ലോകകപ്പിൽ നെതർലൻഡ്സിനോടും (2-0) വഴങ്ങിയ തോൽവികൾക്കു പിന്നാലെ ഉയർന്നുകേട്ട വിമർശനങ്ങൾ സ്പാനിഷ് ലോകകപ്പിലെ പുറത്താവലോടെ ശക്തമായി. കൂടുതൽ പാസുകൾക്കും, എതിരാളിയെ വശംകെടുത്തുന്ന സ്കിൽ പ്രകടനങ്ങൾക്കും സമയം കളയാതെ പ്രതിരോധവും, പ്രത്യാക്രമണവുമായി പുതു ൈശലികളിലേക്കായി ബ്രസീൽ ലീഗുകളിലെ ക്ലബ് പരിശീലകരുെട ശ്രമങ്ങൾ. മധ്യനിരയിലെ ത്രികോണ ഫോർമേഷനിൽ നിന്നും പതുക്കെ കെട്ട്പൊട്ടിച്ച് അതിവേഗ നീക്കങ്ങളിലേക്കുള്ള തുടക്കമായി മാറി 1982 ലോകകപ്പിലെ തിരിച്ചടി. പാതിവഴിയിൽ ബ്രസീൽ കൈവിട്ട 'ജോഗോ ബോണിറ്റോ' പിന്നീട് 'ടികി ടാക'യായി സ്പെയിനിലേക്കും വിവിധ യൂറോപ്യൻ ടീമുകളിലേക്കും പകർത്തിയാടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.