ലാപാസും കടന്നും അർജന്റീന; മെസ്സിയില്ലാത്ത ടീം ബോളീവിയയെ തകർത്തത് മൂന്ന് ഗോളിന്
text_fieldsലാപാസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് അർജന്റീന തകർത്തു. ലയണൽ മെസ്സിക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ നിക്കോളാസ് ഗോണ്‍സാലസ്, ഹൂലിയൻ ആൽവരസ്, എഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയുടെ മുന്നേറ്റനിരയെ നയിച്ചത്.
31ാം മിനിറ്റിൽ ഡി മരിയയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസാണ് അർജന്റീക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 39ാം മിനിറ്റിൽ ബോളീവിയൻ താരം റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്തുപേരുമായി കളിച്ച ബോളീവിയക്ക് ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. 42ാം മിനിറ്റിൽ ഡി മരിയയുടെ അസിസ്റ്റിൽ തന്നെ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഗോൾ നേടിയതോടെ രണ്ട് ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ അവസാനം 83ാം മിനിറ്റിൽ നിക്കോളാസ് ഗോണ്‍സാലസും ലക്ഷ്യം കണ്ടതോടെ ബോളീവിയൻ പതനം പൂർണമാവുകയായിരുന്നു.
ലാറ്റിനമേരിക്കയിൽ ഏറ്റവും ദുർഘടമായ മൈതാനമാണ് ലാപസിലേത്. സമുദ്ര നിരപ്പിൽ നിന്ന് 3600 അടിക്ക് മുകളിലുള്ള സ്റ്റേഡിയത്തിൽ അർജന്റീക്ക് ഏറെ ഇടറിവീണ ചരിത്രമാണുള്ളത്. അതേ സമയം തുടർച്ചയായ രണ്ടാം ജയമാണ് അർജന്റീന ലാപാസിൽ നേടുന്നത്. 2020 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അർജന്റീന അവസാനമായി ലാപാസിൽ കളിച്ചതും ജയിച്ചതും.
കഴിഞ്ഞ ദിവസം ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരുഗോളിന് അർജന്റീന ജയിച്ചിരുന്നു. മെസ്സിയുടെ മനോഹരമായ ഫ്രീക്കിക്ക് ഗോളിലൂടെയാണ് അർജന്റീന ജയിച്ചുകയറിയത്.
ഇന്ന് ബൊളീവിയക്കെതിരെ മെസ്സി ഇറങ്ങുമെന്നായിരുന്നു അവസാനം വരെയുണ്ടായിരുന്ന റിപ്പോർട്ട്. ഒടുവിൽ അന്തിമ ഇലവൻ വന്നതോടെയാണ് മെസ്സിക്ക് വിശ്രമമാണെന്ന അറിയിപ്പുണ്ടാകുന്നത്. അതേസമയം, മെസ്സി പരിക്കിന്റെ പിടിയിലാണെന്ന അഭ്യൂഹങ്ങളെ അർജന്റീനൻ കോച്ച് ലയണൽ സ്കലോനി തള്ളി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നും ഇനിയും പ്രധാനപ്പെട്ട മത്സരങ്ങൾ ബാക്കിയുള്ളതിനാൽ വിശ്രമം നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിനെതിരെ ഒരു ഗോളിന് ഉറുഗ്വെയെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.