അർജന്‍റീനക്ക് ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യ തോൽവി; യുറുഗ്വായിയോട് തോറ്റത് രണ്ട് ഗോളിന്
text_fieldsലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ലയണല്‍ മെസ്സിക്കും സംഘത്തിനും ആദ്യ തോൽവി. യുറുഗ്വായ് എതിരില്ലാത്ത രണ്ടു ഗോളിനാണ് അർജന്‍റീനയെ തകർത്തത്.
തുടർച്ചയായ നാലു ജയങ്ങൾക്കു പിന്നാലെയാണ് ലോക ചാമ്പ്യന്മാർ തോൽവി വഴങ്ങുന്നത്. റൊണാൾഡ് അരൗജോ (41ാം മിനിറ്റ്), ഡാർവിൻ ന്യൂനസ് (87ാം മിനിറ്റിൽ) എന്നിവരാണ് യുറുഗ്വായിക്കായി വലകുലുക്കിയത്. തോറ്റെങ്കിലും 12 പോയന്‍റുമായി അർജന്‍റീന തന്നെയാണ് പോയന്‍റ് പട്ടികയിൽ ഒന്നാമത്.
കഴിഞ്ഞ മത്സരത്തിൽ പെറുവിനെ രണ്ടു ഗോളിന് തകർത്ത ടീമിൽനിന്ന് ഒരു മാറ്റവുമായാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ഗോൺസാലോ മോണ്ടിയേലിനു പകരം റൈറ്റ് ബാക്കിൽ നഹുവൽ മൊളീന എത്തി. ആദ്യ അരമണിക്കൂറിൽ പന്ത് കൈവശം വെക്കുന്നതിലും ഷോട്ട് തൊടുക്കുന്നതിലും അർജന്‍റീനക്കായിരുന്നു മുൻതൂക്കം. യുറുഗ്വായിയുടെ ന്യൂനസിനും ഡി ലാ ക്രൂസിനും സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. എന്നാൽ, 41ാം മിനിറ്റിൽ സ്വന്തം ആരാധകരെ ഞെട്ടിച്ച് സന്ദർശകർ മത്സരത്തിൽ ലീഡെടുത്തു.
മൊളീനോയെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്നുകയറി മാറ്റിയസ് വിന നൽകിയ ക്രോസ് മനോഹരമായി അരൗജോ വലയിലാക്കി. അവസാന ഒമ്പത് മത്സരത്തിൽ ആദ്യമായാണ് അർജന്‍റീന ഒരു ഗോൾ വഴങ്ങുന്നത്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടാണ് അവസാനമായി ഗോൾ വഴങ്ങിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ, സമനില ഗോളിനായി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും യുറുഗ്വായ് പ്രതിരോധത്തിൽ തട്ടി വിഫലമായി.
രണ്ടാം പകുതിയിൽ മാക് അലിസ്റ്റർക്ക് പകരം ലൗട്ടാരോ മാർട്ടിനെസിനെ കളത്തിലിറക്കി. 51ാം മിനിറ്റിൽ 25 വാര അകലെ നിന്നുള്ള മെസ്സിയുടെ കിടിലൻ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. ആക്രമണം കടുപ്പിക്കാൻ ഗോൺസാലസിനു പകതം എയ്ഞ്ചൽ ഡി മരിയയും കളത്തിലെത്തി. 82ാം മിനിറ്റിൽ ഡി മരിയയുടെ കോർണർ മാർട്ടിനെസ് മനോഹരമായി ഹെഡ് ചെയ്തെങ്കിലും യുറുഗ്വായ് ഗോൾകീപ്പർ സെർജിയോ റോഷെറ്റ് കൈയിലൊതുക്കി.
87ാം മിനിറ്റിൽ യുറുഗ്വായ് ലീഡ് ഉയർത്തി. മെസ്സിയിൽനിന്ന് പന്ത് തട്ടിയെടുത്ത യുറുഗ്വായ് താരം റോഡ്രിഗോ ബെന്‍റാകുർ പന്ത് ക്രൂസിനു കൈമാറി. പിന്നാലെ പന്തുമായി മുന്നേറിയ താരം സ്വന്തം പകുതിയിൽനിന്ന് മനോഹരമായി ന്യൂനസിന് ഒരു ലോങ് ബാൾ കൈമാറി. ഒഡമെൻഡിയെയും റെമോറൊറെയും മറികടന്ന് ഓടിയെത്തിയ ന്യൂനസ് പന്തുമായി മുന്നിലേക്ക് കുതിക്കുകയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കബളിപ്പിച്ച് പന്ത് വലയിലാക്കുകയും ചെയ്തു.
അവസാന മിനിറ്റുകളിൽ ആശ്വാസ ഗോളിനായി അർജന്‍റീന കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ 63 ശതമാനം പന്ത് കൈവശം വെച്ചിട്ടും 12 തവണ ഷോട്ട് തൊടുത്തിട്ടും അർജന്‍റീനക്ക് ഗോൾ മാത്രം നേടാനായില്ല.
2016 ഒക്ടോബർ 16ന് പരഗ്വായിയോടാണ് അവസാനമായി അർജന്‍റീന നാട്ടിൽ ലോകകപ്പ് യോഗ്യത മത്സരം തോറ്റത്. മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ കഴിഞ്ഞ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്.
നിലവിൽ അഞ്ചു മത്സരങ്ങളിൽനിന്ന് നാലു ജയവും ഒരു തോൽവിയുമായി 12 പോയന്‍റാണ് അർജന്‍റീനക്ക്. ജയത്തോടെ യുറുഗ്വായ് രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ചു മത്സരങ്ങളിൽനിന്ന് 10 പോയന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.