ഫിഫ ലോകകപ്പ്: 'ഹയ്യ കാർഡ്' ഉടമകൾക്ക് സൗദി വിസ നൽകിത്തുടങ്ങി
text_fieldsറിയാദ്: അടുത്തമാസം 20 മുതൽ ദോഹയിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫാൻസ് ടിക്കറ്റായ 'ഹയ്യ കാർഡ്' ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള വിസയുടെ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബാൾപ്രേമികളെ രാജ്യത്തേക്ക് സ്വാഗതംചെയ്യുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച ആരംഭിച്ചത്. ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏതു വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം.
എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോയി മടങ്ങിവരുകയും ചെയ്യാം. സൗദിയിൽ എത്തുന്നതിനു മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. ഇത്തരത്തിൽ രാജ്യത്തെത്തുന്നവരിലെ ഇസ്‌ലാം മതവിശ്വാസികൾക്ക് ഉംറ നിർവഹിക്കുന്നതിനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനും അനുമതിയുണ്ടായിരിക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചു. ഹയ്യ കാർഡ് ഉടമകൾക്ക് സൗദി ഏകീകൃത വിസ പ്ലാറ്റ്‌ഫോം വഴി https://visa.mofa.gov.sa എന്ന ലിങ്കിൽ വിസക്ക് അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി അപേക്ഷിച്ചാൽ ഓൺലൈനായിതന്നെ വിസ ലഭിക്കും. ഫിഫ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ രാജ്യത്തെത്തുന്ന ഫുട്ബാൾപ്രേമികൾക്ക് ഖത്തർ നൽകുന്ന വ്യക്തിഗത ഫാൻസ് കാർഡാണ് 'ഹയ്യ'. താമസസൗകര്യങ്ങളുടെ ക്രമീകരണങ്ങളും ആഭ്യന്തര സൗജന്യ യാത്രകളും സാധ്യമാക്കുന്നതാണ് ഹയ്യ കാർഡ്. 15 ലക്ഷത്തോളം പേരാണ് ഇതുവരെ ഹയ്യ കാർഡിന് അപേക്ഷിച്ചത്. പ്രതിദിനം 4000ത്തിനും 5000ത്തിനുമിടയിൽ കാർഡുകൾ പ്രിന്റ് ചെയ്യുന്നതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.