വിജയബെല്ലടിക്കാൻ ബെൽജിയം
text_fieldsകരുത്തുറ്റ താരനിരയുള്ള ബെൽജിയത്തിന് ഇത്തവണയെങ്കിലും ലോകകപ്പ് തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോവണമെന്നുണ്ടാവും. മുൻനിര കളിക്കാരുള്ള ടീമിന് ഇതുവരെ ഭാഗ്യമില്ലായ്മയുടെ അതിർവരമ്പുകൾ മറികടക്കാനായിട്ടില്ല.
2018ൽ റഷ്യയിലെ ലോകകപ്പ് സ്വപ്നം ഫ്രാൻസുമായുള്ള സെമി ഫൈനൽ മത്സരത്തിലാണ് പൊലിഞ്ഞുപോയത്. ഇതോടെ മൂന്നാം സ്ഥാനക്കാരായി കളംവിടേണ്ടി വന്നു. 1930ൽ യോഗ്യത നേടിയതിൽ പിന്നെ 14 തവണയാണ് ലോകകപ്പിൽ പന്ത് തട്ടിയത്.
കുന്തമുന
പ്ലേമേക്കർ കെവിൻ ഡിബ്രൂയ്ൻ ആണ് ടീമിന്റെ ബുദ്ധികേന്ദ്രം. ഗോളടിക്കുന്നതിനൊപ്പം അടിപ്പിക്കാനും മികവുള്ള മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ കാലുകളിലാണ് ടീമിന്റെ തലച്ചോർ. നായകൻ ഏദൻ ഹസാർഡിന്റെ ഫോമില്ലായ്മയും സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകുവിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ടീമിന് തിരിച്ചടിയാവുമ്പോൾ ഡിബ്രൂയ്ന്റെ കാലുകളിൽ വിരിയുന്ന മാന്ത്രികനീക്കങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ദേശീയ ടീമിനായി 93 മത്സരങ്ങളിൽ 25 ഗോളുകൾ നേടിയിട്ടുണ്ട് 31കാരൻ.
ആശാൻ
സ്പെയിൻകാരൻ റോബർട്ടോ മാർട്ടിനസിന്റെ കൈകളിലാണ് ടീമിന്റെ തന്ത്രങ്ങൾ. 2016 മുതൽ ടീമിന്റെ പരിശീലകനായ മാർട്ടിനസിന്റെ കീഴിലായിരുന്നു ബെൽജിയം റഷ്യൻ ലോകകപ്പിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഇത്തവണ മാർട്ടിനെസ് ടീമിനെ അതിലും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കരുത്തോടെ സെർബിയ
1930ൽതന്നെ ലോകകപ്പിലേക്ക് യോഗ്യത നേടി തുടങ്ങിയതിനാൽ കരുത്തരായ ടീമുകളോടടക്കം കളിച്ചുശീലിച്ചവരാണ് സെർബിയക്കാർ. എന്നാൽ, ഒരു രാജ്യാന്തര കിരീടം നേടുകയെന്ന സ്വപ്നം ഇതുവരെ പൂവണിഞ്ഞിട്ടില്ല. ഇതുവരെ 12 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. താരനിരകൊണ്ട് വലിയ സമ്പന്നരല്ലെങ്കിലും മികച്ച ഒത്തിണക്കമുള്ള കളിസംഘമാണ്. ലോകകപ്പിൽ രണ്ടു തവണ നാലാം സ്ഥാനക്കാരായി.
കുന്തമുന
സ്ട്രൈക്കർ അലക്സാണ്ടർ മിട്രോവിച്ചാണ് ടീമിന്റെ ഗോളടി പ്രതീക്ഷ. ദേശീയ ടീമിനായി 76 മത്സരങ്ങളിൽ 50 ഗോളുകൾ നേടിയിട്ടുണ്ട് 28കാരൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനായി തകർപ്പൻ ഫോമിലാണ് മിട്രോവിച്.
ആശാൻ
ഡ്രാഗൻ സ്റ്റോയ്കോവിചാണ് സെർബിയയുടെ ആശാൻ. 1980കളിൽ യൂഗോസ്ലാവിയ ദേശീയ ടീമിൽ കളിച്ചിരുന്ന സ്റ്റോയ്കോവിച് 2021ലാണ് സെർബിയയുടെ പരിശീലന ചുമതലയേറ്റെടുത്തത്.
വിജയം അക്കൗണ്ടിലാക്കാൻ സ്വിസ് സംഘം
തുടക്കത്തിലെ തിളക്കത്തിനുശേഷം 70കളിലും 80കളിലും 90കളിലും നിറംമങ്ങിയെങ്കിലും ഈ നൂറ്റാണ്ടിൽ തുടർച്ചയായ നാലു ലോകകപ്പുകളിൽ പന്തുതട്ടിയ ടീമാണ് സ്വിറ്റ്സർലൻഡ്. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാൻ ടീമിനായിട്ടില്ല. തുടക്ക കാലത്തെ മൂന്നു ലോകകപ്പുകളിലെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ് മികച്ച നേട്ടം. ഇത്തവണയും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ബ്രസീലിനോട് മുട്ടുമടക്കിയാലും സെർബിയയെയും കാമറൂണിനെയും മറികടന്ന് നോക്കൗട്ട് റൗണ്ടിലെത്തുകയാവും ലക്ഷ്യം.
കുന്തമുന
രാജ്യത്തിനായി മത്സരങ്ങളിൽ സെഞ്ച്വറി തികച്ചുകഴിഞ്ഞ ഗ്രാനിത് സാക്കയാണ് ടീമിന്റെ നട്ടെല്ല്. ആഴ്സനലിനായി സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന മിഡ്ഫീൽഡർ ടീമിനെ മുന്നിൽനിന്ന് നയിക്കാൻ മിടുക്കനാണ്. 106 മത്സരങ്ങളിൽനിന്ന് 12 ഗോളുകളാണ് അക്കൗണ്ടിൽ. ഗോളടിക്കുന്നതിലുപരി മധ്യനിരയിൽ കെട്ടുറപ്പുള്ള കളി കാഴ്ചവെക്കുന്നതിലാണ് സാക്കയുടെ മിടുക്ക്.
ആശാൻ
തുർക്കി വംശജനായ മുൻ സ്വിസ് താരം മുറാത് യകീന്റെ കൈകളിലാണ് ടീമിന്റെ തന്ത്രങ്ങൾ. ദേശീയ ടീമിനായി 49 തവണ പന്തുതട്ടിയിട്ടുള്ള യകീൻ നിരവധി ക്ലബുകളെ പരിശീലിപ്പിച്ച ശേഷം 2021ലാണ് ദേശീയ ടീമിന്റെ കോച്ചായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.