രണ്ടാം വർഷവും ഫിഫയുടെ 'ദ ബെസ്റ്റ്'; ഇത് ലെവൻഡോവ്സ്കിയുടെ കാലം
text_fieldsതുടർച്ചയായ രണ്ടാം തവണയും ലോക ഫുട്ബാൾ സംഘടനയായ ഫിഫയുടെ ലോകത്തെ മികച്ച പുരുഷ ഫുട്ബാൾ താരമായി തെരഞ്ഞെടുക്കപ്പെട്ട റോബർട്ട് ലെവൻഡോവ്സ്കിക്ക് ഇത് നേട്ടങ്ങളുടെ പൂക്കാലം. ബാലൻ ഡിഓർ പുരസ്കാരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ നിരാശ തീർക്കുന്നതായി ബയേൺ മ്യൂണികിന്റെ പോളണ്ട് സ്ട്രൈക്കർക്ക് ഫിഫയുടെ 'ദ ബെസ്റ്റ്' ബഹുമതി.
ഗോളടിച്ചുകൂട്ടുന്നതിൽ ആനന്ദം കണ്ടെത്തുന്ന ലെവൻഡോവ്സ്കി സീസണുകൾക്ക് പിന്നാലെ സീസണുകളിലായി ഗോളുകൾ നേടിക്കൊണ്ടേയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമടങ്ങുന്ന സൂപ്പർ താരങ്ങളുടെ താരപ്രഭയിൽ പലപ്പോഴും ആരാധക ശ്രദ്ധ കുറഞ്ഞുപോകുന്നതിനാൽ നിഷ്പ്രഭനാവുന്ന ലെവൻഡോവ്സ്കി പക്ഷേ, കളത്തിലെ സ്ഥിരതയാർന്ന ഗോളടിമികവുകൊണ്ടുതന്നെ എഴുതിത്തള്ളാനാവില്ലെന്ന് തെളിയിക്കുകയായിരുന്നു തുടർച്ചയായ രണ്ടാം തവണയും ഫിഫയുടെ പുരസ്കാരത്തിൽ. അവസാന മൂന്നു പേരുടെ പട്ടികയിലുണ്ടായിരുന്ന മെസ്സിയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടമെന്നതും ശ്രദ്ധേയമാണ്.
ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പ്യൂട്ടല്ലാസ് ആണ് മികച്ച വനിത താരം. ബാഴ്സയുടെ തന്നെ സ്പെയിൻ താരം ജെന്നിഫർ ഹെർമോസോയും ചെൽസിയുടെ ആസ്ട്രേലിയൻ താരം സാമന്ത കെറുമാണ് അവസാന മൂന്നു പേരുടെ പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ.
പരിശീലക പുരസ്കാരം ചെൽസി തൂത്തുവാരി. തോമസ് ടൂഹലും എമ്മ ഹെയ്സുമാണ് പുരസ്കാരം നേടിയത്. ചെൽസിയുടെ എഡ്വേർഡ് മെൻഡി മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ടോട്ടൻഹാമിന്റെ എറിക് ലമേലയുടെ റബോണ ഗോളിനാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം. ഒളിമ്പിക് ലിയോണിന്റെ ക്രിസ്റ്റീയാനെ എൻഡ്ലറാണ് മികച്ച വനിത ഗോളി.
അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കാനഡയുടെ ക്രിസ്റ്റീൻ സിൻക്ലിയറിനും (308 കളികളിൽ 188 ഗോൾ) പുരുഷ ഫുട്ബാളിലെ ഗോൾവേട്ടക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും (184 മത്സരങ്ങളിൽ 115 ഗോൾ) ഫിഫ പ്രത്യേക പുരസ്കാരം സമ്മാനിച്ചു.
യൂറോ കപ്പിൽ ക്രിസ്റ്റ്യൻ എറിക്സൺ പരിക്കേറ്റുവീണപ്പോൾ സുരക്ഷാവലയമൊരുക്കിയ ഡെന്മാർക് ദേശീയ ടീമിനും വൈദ്യസംഘത്തിനും ഫെയർപ്ലേ പുരസ്കാരവും അന്ന് അതുല്യമായ സഹവർത്തിത്വം കാഴ്ചവെച്ച ഡെന്മാർക്, ഫിൻലൻഡ് കാണികൾക്ക് ആരാധക പുരസ്കാരവും നൽകി.
ഫിഫ ഫിഫ്പ്രോ ഇലവൻ
പുരുഷന്മാർ
ഗോളി: ജിയാൻലുയിജി ഡോണറുമ്മ
പ്രതിരോധം: ഡേവിഡ് അലാബ, ലിയാനോർഡോ ബൊനൂചി, റൂബൻ ഡയസ്.
മധ്യനിര: ജോർജീന്യോ, എൻഗോളോ കാന്റെ, കെവിൻ ഡിബ്രൂയ്ൻ.
മുൻനിര: ക്രിസ്റ്റ്യാനോ റൊണാൾഡോ, എർലിങ് ഹാലൻഡ്, റോബർട്ട് ലെവൻഡോവ്സ്കി, ലയണൽ മെസ്സി.
വനിതകൾ
ഗോളി: ക്രിസ്റ്റീൻ എൻഡ്ലർ
പ്രതിരോധം: മില്ലി ബ്രൈറ്റ്, ലൂസി ബ്രോൺസ്, മഗദ്ലേന എറിക്സൺ, വെൻഡി റെനാർഡ്.
മധ്യനിര: എസ്തഫാനിയ ബെനീനി, ബാർബറ ബൊണൻസിയ, കാർലി ലോയ്ഡ്.
മുൻനിര: മാർത്ത, വിവിയൻ മെയ്ഡേമ, അലക്സ് മോർഗൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.