പൊരുതി ചർച്ചിൽ; വിജയം മുംബൈ സിറ്റിയിൽ
text_fieldsമഞ്ചേരി: സൂപ്പർ കപ്പിലെ ഗ്രൂപ് ഡിയിലെ ആദ്യ പോരാട്ടത്തിൽ ഐ.എസ്.എൽ കരുത്തരായ മുംബൈ സിറ്റിക്ക് പൊരുതിക്കളിച്ച ചർച്ചിൽ ബ്രദേഴ്സിനെതിരെ വിജയത്തുടക്കം. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് സമനില ഉറപ്പിച്ച മത്സരം മുംബൈക്ക് അനുകൂലമായത്.
ഐ ലീഗ് ടീമായ ചർച്ചിൽ ബ്രദേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മുംബൈ സിറ്റി തുടക്കം വിജയമാക്കിയത്. കളിയിലുടനീളം ചർച്ചിൽ ബ്രദേഴ്സിൽനിന്ന് കനത്ത വെല്ലുവിളി അതിജീവിച്ചാണ് മുംബൈ പട വിജയം എത്തിപ്പിടിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ അപ്രതീക്ഷിത ഗോൾനേടി മുംബൈയെ ഞെട്ടിച്ച് ചർച്ചിലാണ് ആദ്യ ലീഡ് നേടിയത്.
ഒമ്പതാം മിനിറ്റിൽ ചർച്ചിലിന്റെ കുന്തമുന അൻസുമാന ക്രോമയാണ് ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ കളം നിറഞ്ഞ് ഓടിക്കളിച്ച മുംബൈ സിറ്റി 26ാം മിനിറ്റിൽ ഗോൾ മടക്കി ആദ്യ പകുതിയിൽ മത്സരം സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിലെ അധികസമയത്ത് ലഭിച്ച പെനാൽറ്റി അവസരം ലാലിയാൻസുല ചാങ്ങ്തെ വലയിലെത്തിച്ചാണ് മുംബൈയുടെ വിജയഗോൾ സമ്മാനിച്ചത്.
ചർച്ചിൽ തുടങ്ങി
ആദ്യപകുതിയിൽ കരുത്തരായ മുംബൈ സിറ്റിയെ വിറപ്പിച്ചാണ് ചർച്ചിൽ ബ്രദേഴ്സ് കളിയിൽ വരവറിയിച്ചത്. ഒമ്പതാം മിനിറ്റിൽ മുംബൈ ഗോൾ കീപ്പർ പുർബ ലാചെമ്പയുടെ പിഴവിൽനിന്നാണ് ആദ്യ ഗോൾ പറന്നത്. ഗോളിയുടെ കാലിൽനിന്ന് റീബൗണ്ടായെത്തിയ പന്ത് ബോക്സിനുള്ളിൽ ഓടിയെത്തിയ ചർച്ചിൽ മുന്നേറ്റതാരം അൻസുമാന ക്രോമ തന്ത്രപരമായി ഗോളിയെ കബളിപ്പിച്ച് അനായാസം വലയിലേക്ക് തൊടുത്തുവിട്ടു.
അപ്രതീക്ഷിത ഗോൾ വീണതോടെ മുംബൈ താരങ്ങൾ തനിസ്വരൂപം പുറത്തെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മികച്ച നീക്കങ്ങളോടെ ചർച്ചിൽ പരിധിയിൽ ഭീഷണി മുഴക്കി മുംബൈ താരങ്ങൾ അപകടനീക്കങ്ങളുമായി കുതിച്ചെത്തി. ഇത്തരമൊരു നീക്കത്തിനൊടുവിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് മുംബൈ അധികം വൈകാതെ ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി.
26ാം മിനിറ്റിൽ മുംബൈയുടെ ഹാർദിക് ബട്ടിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് മുംബൈ താരം റൗളിങ് ബോർഗേസ് നീട്ടിയടിച്ചപ്പോൾ ബോക്സിനുള്ളിൽ നിലയുറപ്പിച്ച മെഹ്തബ് സിങ് എതിർവലയുടെ മൂലയിലേക്ക് തലവെച്ചാണ് മുംബൈയുടെ ആദ്യ ഗോൾ നേടിയത്.
43ാം മിനിറ്റിൽ മുംബൈക്ക് ലീഡുയർത്താൻ തുറന്നവസരം ലഭിച്ചെങ്കിലും സ്ട്രൈക്കർ ചാങ്ങ്തെക്ക് ഓടിയത്തിയ ചർച്ചിൽ പ്രതിരോധത്തെ മറികടക്കാനായില്ല.
ഒടുക്കം മുംബൈ
രണ്ടാം പകുതിയുടെ തുടക്കം മുംബൈക്കൊപ്പമായിരുന്നു. 48ാം മിനിറ്റിൽ മുംബൈയുടെ ഏഴാം നമ്പർ ലാലിൻസുല ചാങ്ങ്തെയുടെ തകർപ്പൻ മുന്നേറ്റത്തിൽനിന്ന് ലഭിച്ച ക്രോസ് കാലിലാക്കാൻ സഹതാരങ്ങൾക്ക് കഴിയാതെ പോയത് നിർഭാഗ്യ വഴിയിൽ ഗോളാകാതെ കടന്നുപോയി.
54ാം മിനിറ്റിൽ ചർച്ചിലിന്റെ മുന്നേറ്റ താരം മാർട്ടിൻ നികോളാസിന്റെ ക്രോസ് ഷോട്ട് മുംബൈ ഗോളി പുർബ ടെമ്പ കൈയിലൊതുക്കി. 64ാം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗുർഗിറാറ്റ് സിങ്ങിന്റെ കാലിൽ നിന്ന് ഗോൾവല ലക്ഷ്യമാക്കി കുതിച്ചെങ്കിലും ചർച്ചിൽ ഗോൾകീപ്പർ നോറ ഫെർണാണ്ടസ് ചാടിപ്പിടിച്ച് അപകടം ഒഴിവാക്കി.
രണ്ടാം പകുതിയിൽ കളിയുടെ അധികസമയത്ത് മുംബൈ സ്ട്രൈക്കർ വിക്രം പ്രതാപ് സിങ്ങിനെ പോസ്റ്റിനുള്ളിൽ ചർച്ചിൽ ബ്രദേഴ്സ് താരം തട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്കെടുത്ത മുന്നേറ്റതാരം ലാലിയാൻസുല ചാങ്ങ്തെ ഗോളിയെ മറികടന്ന് വലകുലുക്കി. അധികം വൈകാതെ മുംബൈക്ക് ഒരു ഗോളവസരം കൂടെ ലഭിച്ചെങ്കിലും ചർച്ചിൽ പ്രതിരോധം കൂടുതൽ താണ്ഡവത്തിന് അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.