ബംഗളൂരുവിന് വിജയത്തുടക്കം
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സിക്ക് വിജയത്തുടക്കം. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 1-0ത്തിനാണ് ആതിഥേയർ തോൽപിച്ചത്. 87ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് വലകുലുക്കിയത്. ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയിലൂടെ ശ്രദ്ധേയരായ എം.എസ്. ജിതിൻ, എമിൽ ബെന്നി, മുഹമ്മദ് ഇർഷാദ് എന്നിവരെ ആദ്യ ഇലവനിലുൾപ്പെടുത്തിയാണ് നോർത്ത് ഈസ്റ്റ് കോച്ച് മാർക്കോ മാൽബുൽ കരുത്തരായ ബംഗളൂരുവിനെതിരെ ടീമിനെ ഇറക്കിയത്.
മറുഭാഗത്ത് സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബംഗളൂരുവിന്റെ നിരയിൽ മുതിർന്ന താരം സന്ദേശ് ജിംഗാനും ഇടംനേടി. ഐ.എസ്.എല്ലിൽ അരങ്ങേറുന്ന ശിവശക്തി നാരായണനും റോയി കൃഷ്ണയും ആദ്യ മിനിറ്റുകളിൽ നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് നിരന്തരം ഭീഷണിയായി. 14ാം മിനിറ്റിൽ ശിവശക്തി നാരായണന്റെ ഷോട്ട് ഗോളിയെയും മറികടന്നെങ്കിലും പോസ്റ്റിലുരുമ്മി പുറത്തുപോയി. 18ാം മിനിറ്റിൽ ബംഗളൂരു താരം പ്രബിർ ദാസിന്റെ പിഴവിൽനിന്ന് കിട്ടിയ പന്തുമായി എം.എസ്. ജിതിൻ കുതിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. 37ാം മിനിറ്റിൽ പരിക്കേറ്റ എമിൽ ബെന്നിക്ക് പകരം മലയാളി താരമായ ഗനി നിഗം ഇറങ്ങി.
രണ്ടാം പകുതിയിൽ പകരക്കാരെ പലവട്ടം പരീക്ഷിച്ച ബംഗളൂരു 87ാം മിനിറ്റിൽ നിർണായ ഗോൾ നേടി. അലൻ കോസ്റ്റയുടെ ഗംഭീര ഹെഡർ ആതിഥേയർക്ക് ലീഡ് നേടിക്കൊടുത്തു. അൽപം അലസത കാട്ടിയ ബംഗളൂരുവിനെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റിന്റെ ജോൺ ഗസ്റ്റംഗ വലകുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് വിധിച്ചത് അത്ഭുതകരമായി. ഇതിനെതിരെ പ്രതികരിച്ച നോർത്ത് ഈസ്റ്റ് കോച്ചിന് ചുവപ്പുകാർഡ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.