അണ്ടർ 23 ഫുട്ബാൾ ടീമിൽ അഞ്ചുപേർ; നീലക്കുപ്പായത്തിൽ മിന്നാൻ മലയാളി ബോയ്സ്
text_fieldsമലപ്പുറം: മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന അണ്ടർ -23 സൗഹൃദ ഫുട്ബാളിനുള്ള 23 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് അഞ്ച് മലയാളി താരങ്ങൾ. സ്ട്രൈക്കർമാരായ അബ്ദുൽ റബീഹ്, മുഹമ്മദ് സനാൻ, പി.വി. വിഷ്ണു, മിഡ്ഫീൽഡർമാരായ വിബിൻ മോഹൻ, ലക്ഷദ്വീപുകാരൻ മുഹമ്മദ് അയ്മൻ എന്നിവരാണ് സംഘത്തിലെ മലയാളി സാന്നിധ്യം. കാൽപന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്തിന്റെ മണ്ണിൽനിന്ന് രണ്ട് താരങ്ങളാണ് അന്താരാഷ്ട്ര സംഘത്തിലുള്ളത്. നിലവിൽ ഹൈദരാബാദ് എഫ്.സിക്കുവേണ്ടി കളിക്കുന്ന റബീഹും ജാംഷഡ്പുർ എഫ്.സിയുടെ താരമായ സനാനും.
ഒതുക്കുങ്ങൽ സ്വദേശിയായ റബീഹ് ഏഷ്യൻ ഗെയിംസ് സംഘത്തിലുമുണ്ടായിരുന്നു. സനാന് നീലക്കുപ്പായത്തിൽ ഇത് ആദ്യമൂഴമാണ്. മഞ്ചേരി തൃക്കലങ്ങോട് സ്വദേശിയാണ് സനാൻ. സെപ്റ്റ് അക്കാദമി, കാസ്കോ കാവനൂർ, ക്ലബ് ജൂനിയർ എന്നീ ക്ലബുകളിൽ പരിശീലിച്ചു. ഇതിനിടെയാണ് റിലയൻസ് ഫൗണ്ടേഷൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചത്. റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സിൽനിന്നാണ് ഐ.എസ്.എല്ലിലെത്തുന്നത്. മുംബൈ ഡെവലപ്മെന്റ് ലീഗിൽ നടത്തിയ പ്രകടനമാണ് വഴിയൊരുക്കിയത്. ജംഷഡ്പൂർ മുന്നേറ്റത്തിലെ കരുത്തുറ്റ താരമാണ് സനാൻ. 12ാം വയസ്സിൽ സ്പെയിനിൽ പരിശീലനം നടത്താൻ സനാന് അവസരം ലഭിച്ചിരുന്നു. റയൽ മഡ്രിഡ്, ലഗാനസ്, വലൻസിയ തുടങ്ങി ലാ ലീഗയിലെ പ്രമുഖ ടീമുകളുടെ യൂത്ത് ടീമുകളുമായി കളിച്ചു.
ഒരാഴ്ചയോളം നീളുന്ന ഡൽഹിയിലെ പരിശീലനത്തിനുശേഷം ബുധനാഴ്ച സനാനും കൂട്ടരും മലേഷ്യയിലേക്ക് വിമാനം കയറി. വെള്ളി, തിങ്കൾ ദിവസങ്ങളിലാണ് മലേഷ്യൻ ടീമുമായുള്ള മത്സരം. രാജ്യത്തിനുവേണ്ടി കളിക്കാൻ അവസരം ലഭിച്ചത് വലിയ അനുഗ്രഹമാണെന്നും കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും സനാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പള്ളിപ്പടി കുണ്ടോയി ഷൗക്കത്തലി-റജീന ദമ്പതികളുടെ മകനാണ് സനാൻ. സുൽത്താന, ബേബി ഫർസാന, നൈഷാന എന്നിവർ സഹോദരങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് വിബിനും അയ്മനും. വിഷ്ണു ഈസ്റ്റ് ബംഗാളിനായും കളിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.