ബെറ്റിസിനെ തകർത്തുവാരി ‘ഫൈവ്സ്റ്റാർ’ ബാഴ്സ
text_fieldsമഡ്രിഡ്: മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് റയൽ ബെറ്റിസിനെ തകർത്ത ബാഴ്സലോണ സ്പാനിഷ് ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. അഞ്ചുഗോളുകളും വ്യത്യസ്ത കളിക്കാരുടെ ബൂട്ടിൽനിന്നായിരുന്നു. ജോവോ ഫെലിക്സ്, റോബർട്ട് ലെവൻഡോവ്സ്കി, ഫെറാൻ ടോറസ്, റഫീഞ്ഞ, കാൻസലോ എന്നിവരാണ് കറ്റാലൻ ടീമിനുവേണ്ടി വല കുലുക്കിയത്.
സ്പാനിഷ് ലീഗിൽ കരുത്തുറ്റ ചെറുത്തുനിൽപിനും അട്ടിമറികൾക്കും പേരുകേട്ട ബെറ്റിസിന്റെ പോരാട്ടവീര്യത്തിനുമേൽ കുറുകിയ പാസുകളുടെ കണ്ണഞ്ചും കളി കെട്ടഴിച്ച ബാഴ്സ എതിരാളികളെ മത്സരത്തിൽ മേധാവിത്വം നേടാൻ അനുവദിച്ചതേയില്ല. പുതിയ ക്ലബിനുവേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഫെലിക്സ് 25-ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽനിന്നാണ് ആദ്യവെടി പൊട്ടിച്ചത്. ഏഴുമിനിറ്റിനുശേഷം ലെവൻഡോവ്സ്കിയുടെ താഴ്ന്നുപറന്ന ഡ്രൈവും ബെറ്റിസിന്റെ വലക്കണ്ണികളിൽ വിശ്രമിച്ചു.
ഇടവേളക്കുപിന്നാലെ ഫെലിക്സ് വീണ്ടും വല കുലുക്കിയെങ്കിലും ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗുയർന്നിരുന്നു. 62-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ടോറസ് ലക്ഷ്യം കണ്ടതിനു നാലുമിനിറ്റുശേഷം ലോങ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു റഫീഞ്ഞയുടെ ഗോൾ. ഫെലിക്സിനൊപ്പം ഇക്കുറി ബാഴ്സയിലെത്തിയ മറ്റൊരു പോർചുഗീസുകാരനായ കാൻസലോ 82-ാം മിനിറ്റിലാണ് പട്ടിക തികച്ചത്.
ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് റയൽ മഡ്രിഡിനേക്കാൾ ഒരു പോയന്റ് മുന്നിലാണിപ്പോൾ ബാഴ്സലോണ. ഞായറാഴ്ച രാത്രി റയൽ മഡ്രിഡ് റയൽ സൊസീദാദുമായി മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.