യൂറോ കപ്പ്: പ്രീക്വാർട്ടറിൽ സംഭവിക്കാൻ സാധ്യതയുള്ള അഞ്ച് കാര്യങ്ങൾ ഇതാണ്
text_fieldsആവേശകരമായ ഗ്രൂപ്പ് ഘട്ടം പിന്നിട്ടതിന് പിന്നാലെ യൂറോ കപ്പ് പ്രീക്വാർട്ടർ മത്സരം തുടങ്ങാൻ പോകുകയാണ്. പ്രീക്വാർട്ടർ മത്സരങ്ങളിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ പങ്കുവെക്കുകയാണ് ചുവടെ.
ഇംഗ്ലണ്ടിെൻറ ഹാരി കെയ്ൻ ഗോൾ വരൾച്ചക്ക് അറുതി വരുത്തും
ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നിെൻറ ഫോം ഗ്രൂപ്പ് ഘട്ടത്തിൽ വൻ ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനായി 40 മത്സരങ്ങളിൽ നിന്ന് 33 തവണ സ്കോർ ചെയ്ത കെയ്ന് പക്ഷേ അതേ ഫോം ദേശീയ ജഴ്സിയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾവല ലക്ഷ്യമാക്കി ഒരു ഷോട്ട് മാത്രമാണ് കെയ്നിന് തൊടുക്കാൻ സാധിച്ചത്.
എന്നാൽ പ്രീക്വാർട്ടറിൽ എത്തുന്നതോടെ കഥ മാറുമെന്ന് പ്രതീക്ഷിക്കാം. ചൊവ്വാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ശക്തരായ ജർമനിയാണ് ഇംഗ്ലണ്ടിെൻറ എതിരാളികൾ. പ്രതിരോധത്തിൽ പാളിച്ചകൾ നേരിട്ട ജർമന പട മൂന്ന് മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് അഞ്ച് ഗോളാണ്. 1996ൽ ഇതേ വേദിയിൽ ജർമനിയോട് നാണം കെട്ട ചരിത്രവും ഇംഗ്ലണ്ടിനുണ്ട്. അതേ വിധി മറികടക്കാൻ കെയ്ൻ ഫോമിലായേ മതിയാകൂ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന് അന്ത്യം കുറിക്കാൻ ബെൽജിയം
സ്പെയിനിന് ശേഷം (2012) യൂറോ കപ്പ് നിലനിർത്തുന്ന ആദ്യ ടീമാകാൻ ഒരുങ്ങിയാണ് പോർചുഗലിെൻറ വരവ്. മരണഗ്രൂപ്പിൽ ജർമനിക്കും ഫ്രാൻസിനുമൊപ്പം പന്തുതട്ടി അവർ പ്രീക്വാർട്ടറിലെത്തി നിൽക്കുകയാണ്. അഞ്ചാം യൂറോ കപ്പിൽ പന്തുതട്ടുന്ന സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപ്പടയുടെ തുറുപ്പു ചീട്ട്. മുന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളുമായി താരം മികച്ച ഫോമിലുമാണ്.
അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇറാനിെൻറ അലി ദേയിയുടെ (109) റെക്കോഡിനൊപ്പമുള്ള താരം ഒരു ഗോൾ കൂടി നേടി ചരിത്രം രചിക്കാനുളള പുറപ്പാടിലാണ്. എന്നാൽ പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയമാണ് പോർചുഗലിെൻറ എതിരാളി. സുവർണ തലമുറയുടെ കരുത്തിൽ യൂറോ കിരീടം ലക്ഷ്യമിടുന്ന ബെൽജിയത്തെ മറികടക്കൽ അവർക്ക് അത്ര എളുപ്പമാകില്ല. ഒരു പക്ഷേ റൊമേലു ലുക്കാക്കു, കെവിൻ ഡിബ്രൂയിൻ അടക്കമുള്ള ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബെൽജിയം റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന് തിരശീലയിടുന്നതും പ്രീക്വാർട്ടർ മത്സരങ്ങളിൽ നമുക്ക് കാണാൻ സാധിച്ചേക്കും.
കരീം ബെൻസേമ ഫ്രാൻസിെൻറ ഹീറോയാകും
ഫ്രാൻസിെൻറ യുവ സൂപ്പർ താരം കിലിയൻ എംബാപ്പെ ലോകകപ്പ് വിജയത്തിെൻറ ചുവടുപിടിച്ച് യൂറോയിലും ഫ്രഞ്ച് പടയുടെ തേരാളിയാകുമെന്നായിരുന്നു ഏവരുടെയും ധാരണ. ഗ്രൂപ്പ് മത്സരങ്ങളിൽ പി.എസ്.ജി താരത്തിന് ഇതുവരെ സ്കോർ ചെയ്യാനായിട്ടില്ല. എന്നാൽ ആറ് വർഷം ദേശീയ ടീമിന് പുറത്തിരുന്ന അപ്രതീക്ഷിതമായി മടങ്ങിയെത്തിയ കരീം ബെൻസേമയാണെങ്കിൽ ഒടുക്കത്തെ ഫോമിലുമാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ജേതാക്കളായ പോർചുഗലിനെതിരെ രണ്ടുതവണയാണ് റയൽ മഡ്രിഡ് താരം സ്കോർ ചെയ്തത്.
കഴിഞ്ഞ സീസണിൽ റയലിനായി പുറത്തെടുത്ത ഫോം (46 മത്സരങ്ങളിൽ നിന്ന് 30 ഗോൾ) തുടരുകയാണെങ്കിൽ വരും മത്സരങ്ങളിൽ ബെൻസേമ തന്നെയാകും ഫ്രാൻസിെൻറ ഹീറോ. സ്വിറ്റ്സർലൻഡാണ് പ്രീക്വാർട്ടറിൽ ഫ്രാൻസിെൻറ എതിരാളി.
സ്പെയിനിന് തലവേദനയാകാൻ മോഡ്രിച്
കായികക്ഷമതയില്ലെന്ന കാരണം പറഞ്ഞ് റയൽ മഡ്രിഡ് താരങ്ങളായ സെർജിയോ റാമോസിനെയും നാചോയെയും സ്പെയിൻ കോച്ച് ലൂയി എൻറിക്വെ ടീമിലെടുത്തിരുന്നില്ല. എന്നാൽ റയലിെൻറ തന്നെ താരമായ ലുക്ക മോഡ്രിച്ചാകും പ്രീക്വാർട്ടറിൽ സ്പെയിനിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക. ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയാണ് പ്രീക്വാർട്ടറിൽ സ്പാനിഷ് പടയുടെ എതിരാളികൾ.
മിന്നുള്ള ഫോമിലുള്ള വെറ്ററൻ മിഡ്ഫീൽഡറാണ് ക്രെയേഷ്യയുടെ പ്രയാണത്തിന് ചുക്കാൻ പിടിക്കുന്നത്. ഒമ്പത് വർഷമായി സ്പെയിനിൽ പന്തുതട്ടുന്ന മോഡ്രിച്ചിന് രാജ്യത്തിെൻറ കളിശൈലിയെ കുറിച്ചും സ്പാനിഷ് സ്ക്വാഡിെന കുറിച്ചും വ്യക്തമായി അറിയാം. പ്രീക്വാർട്ടറിൽ മോഡ്രിച് അത്ഭുതങ്ങൾ കാണിച്ചാൽ റയൽ താരങ്ങളെ തഴഞ്ഞതിൽ എൻറിക്വെ പരിതപിക്കുന്നത് നമുക്ക് കാണാനാകും.
ഇറ്റലിയെ കാത്ത് കൂടുതൽ റെക്കോഡുകൾ
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നിൽ മൂന്ന് ജയിച്ച് രാജകീയമായിട്ടാണ് ഇറ്റലി പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ശനിയാഴ്ച രാത്രി വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രിയയാണ് എതിരാളികൾ. കോച്ച് റോബർട്ടോ മാൻസീനിയുടെ ശിക്ഷണത്തിൽ 30 മത്സരങ്ങളിൽ പരാജയപ്പെടാതെ കുതിക്കുന്ന അസൂറിപ്പട 1930കളിലുള്ള റെക്കോഡിനെപ്പമാണിപ്പോൾ.
കഴിഞ്ഞ 11 മത്സരങ്ങളിൽ അതായത് 1055 മിനിറ്റ് ഇറ്റലി ഗോൾ വഴങ്ങിയിട്ടില്ല. പ്രീക്വാർട്ടറിൽ ഓസ്ട്രിയ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടാൽ ഇത് 1143 ആയി ഉയരും. അതും റെക്കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.