രണ്ടടിച്ച് ഫോഡൻ; ബ്രൈറ്റനെതിരെ സിറ്റിയുടെ ഗോളുത്സവം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ആഴ്സണൽ, ലിവർപൂൾ ടീമുകളുമായി കടുത്ത പോരാട്ടത്തിലുള്ള മാഞ്ചസ്റ്റർ സിറ്റി വൻ ജയവുമായി പോയന്റ് പട്ടികയിൽ രണ്ടാമത്. ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ബ്രൈറ്റനെ എതിരില്ലാത്ത നാല് ഗോളിനാണ് പെപ് ഗാർഡിയോളയുടെ സംഘം വീഴ്ത്തിയത്.
തുടക്കം മുതൽ കളി പിടിച്ച സിറ്റിക്കായി 17ാം മിനിറ്റിൽ സൂപ്പർ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനാണ് ആദ്യം വെടി പൊട്ടിച്ചത്. വലതു വിങ്ങിൽനിന്ന് കെയ്ൽ വാൽകർ നൽകിയ ക്രോസ് മനോഹരമായ ഡൈവിങ് ഹെഡറിലൂടെ ഡിബ്രൂയിൻ പോസ്റ്റിനുള്ളിലാക്കുകയായിരുന്നു.
ഒമ്പത് മിനിറ്റിനകം രണ്ടാം ഗോളും പിറന്നു. ബോക്സിന് തൊട്ടടുത്തുനിന്ന് സിറ്റിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഫിൽ ഫോഡൻ എതിർ ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ നെറ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
34ാം മിനിറ്റിൽ ഫോഡനിലൂടെ തന്നെ സിറ്റി മൂന്നാം ഗോളടിച്ചു. ബ്രൈറ്റൻ പ്രതിരോധ താരം പാസ്കൽ ഗ്രോസിന്റെ പിഴവാണ് ഗോളിലേക്ക് വഴിവെച്ചത്. ബോക്സിനടുത്ത് വെച്ച് സഹതാരത്തിന് കൈമാറുന്നതിനിടെ ബെർണാഡോ സിൽവയുടെ കാലിൽ തട്ടിയ പന്ത് എത്തിയത് ഫോഡനരികിലേക്കായിരുന്നു. താരം അവസരം പാഴാക്കാതെ പന്ത് ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു. പ്രീമിയർ ലീഗിൽ താരത്തിന്റെ 50ാം ഗോളാണ് പിറന്നത്.
മൂന്ന് ഗോൾ ലീഡുമായി ഇടവേളക്ക് പിരിഞ്ഞ സിറ്റിക്കായി രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസും ലക്ഷ്യം കണ്ടു. സിറ്റി ഗോൾകീപ്പർ എഡേഴ്സൺ നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത കെയ്ൽ വാൽകർക്ക് മുമ്പിൽ ബ്രൈറ്റൻ ഗോൾകീപ്പർ ജേസൻ സ്റ്റീൽ തടസ്സംനിന്നെങ്കിലും ബാൾ കിട്ടിയ അൽവാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ 33 കളിയിൽ സിറ്റിക്ക് 76 പോയന്റായി. ഒന്നാമതുള്ള ആഴ്സണൽ ഒരു മത്സരം കൂടുതൽ കളിച്ചപ്പോൾ 77 പോയന്റാണുള്ളത്. അടുത്ത മത്സരം ജയിച്ചുകയറിയാൽ സിറ്റിക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. മൂന്നാമതുള്ള ലിവർപൂളിന് 74 പോയന്റാണുള്ളത്. കഴിഞ്ഞ ദിവസം എവർട്ടണോട് രണ്ട് ഗോളിന് പരാജയപ്പെട്ടതാണ് ലിവർപൂളിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.