ഫുട്ബാൾ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു
text_fieldsകോഴിക്കോട്: 35 വർഷത്തിലധികമായി കളിക്കളത്തിൽ ജീവിച്ച ഫുട്ബാൾ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അർബുദരോഗ ബാധിതയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം രാവിലെ 11.30ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ നടക്കും. നടക്കാവ് ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പരിശീലകയായിരുന്നു. സഹോദരിയുടെയും ഉമ്മയുടെയും കൂടെ വെള്ളിമാട്കുന്നിലെ വീട്ടിലായിരുന്നു താമസം.
കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തു-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളിൽ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്കൂളിൽ പഠിക്കുമ്പോഴാണ് കായിക രംഗത്തെത്തുന്നത്. തുടക്കം ഹാൻഡ്ബാളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാന ചാമ്പ്യൻ, പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ മൂന്നാംസ്ഥാനം, ഹാൻഡ്ബാൾ സംസ്ഥാന ടീമംഗം, ജൂഡോയിൽ സംസ്ഥാന തലത്തിൽ വെങ്കലം, ഹോക്കി, വോളിബാൾ എന്നിവയിൽ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാ ഫുട്ബാളിൽ കേരളത്തിന്‍റെ ഗോൾകീപ്പറായിരുന്നു.
കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന്‍റെ ഗോൾവല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനൽ മത്സരത്തിൽ കേരളം 1-0 എന്ന നിലയിൽ തോറ്റെങ്കിലും ഗോൾപോസ്റ്റിനു കീഴിൽ ഫൗസിയ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിതാവ് പരേതനായ കുഞ്ഞിമൊയ്തുന്റെ പിന്തുണയോടെ കളിക്കളത്തിലെയും സമൂഹത്തിലെയും പ്രതിരോധങ്ങളെ മറികടന്ന ഫൗസിയ നൂറുകണക്കിന് പെൺകുട്ടികളുടെ കാൽപന്തുകളിയുടെ പരിശീലകയുമായി. അർപ്പണ മനോഭാവത്തോടെയുള്ള അവരുടെ ശിക്ഷണം കൊണ്ട് അഭൂതപൂർവമായ നേട്ടങ്ങളാണ് നടക്കാവ് സ്കൂളിലെ കുട്ടികൾ കൈവരിച്ചത്.
2003-ൽ കേരളാ ടീമിലേക്ക് ജില്ലയിൽ നിന്ന് നാലു പേരെയാണ് ഫൗസിയ നൽകിയത്. 2005 മുതൽ 2007 വരെ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ടൂർണമെന്‍റിൽ റണ്ണർ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവർ തന്നെ. ഇന്ത്യൻ ടീമിൽ ഇടംനേടിയ ടി. നിഖില, വൈ.എം. ആഷ്ലി തുടങ്ങിയവരും ഫൗസിയയുടെ കളരിയിലെ പ്രതിഭകളാണ്. പരിശീലക എന്ന നിലയിൽ വളരെ പെട്ടെന്ന് ഫൗസിയ പേരെടുത്തു.
2005-ൽ മണിപ്പുരിൽ നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാംസ്ഥാനം നേടിയപ്പോൾ ടീമിന്‍റെ കോച്ച്, 2006-ൽ ഒഡിഷയിൽ നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരളത്തിന്‍റെ അസിസ്റ്റന്‍റ് കോച്ച് ഫൗസിയ ആയിരുന്നു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പോലും വിലക്കപ്പെട്ട കാലത്ത് പഠനത്തോടൊപ്പം മൈതാനത്തിറങ്ങി കാൽപന്തുകളിയെ നെഞ്ചേറ്റി ഒരു തലമുറയെ ഫുട്ബാളിന്റെ വഴിയിലേക്ക് നയിച്ചതിനുള്ള ആദരമായി ഫൗസിയക്ക് 'മാധ്യമം' അക്ഷരവീട് പ്രഖ‍്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.