ഫുട്ബാൾ ആവേശം നിലക്കുന്നില്ല; അറബ് കപ്പ് വീണ്ടുമെത്തും
text_fieldsദോഹ: രണ്ടു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിനുള്ള ഖത്തറിന്റെ തയാറെടുപ്പുകളുടെ ഡ്രസ് റിഹേഴ്സലായി അരങ്ങേറിയ ഫിഫ അറബ് കപ്പ് ഫുട്ബാൾ വീണ്ടും തിരികെയെത്തുന്നു. ലോകകപ്പ് ഫുട്ബാളും ഇപ്പോൾ ഏഷ്യൻ കപ്പും ഉൾപ്പെടെ വൻ ഫുട്ബാൾ മേളകൾക്ക് ആതിഥ്യമൊരുക്കിയതിന്റെ തുടർച്ചയായാണ് ഫിഫയുമായും അറബ് ഫുട്ബാൾ കോൺഫെഡറേഷനുമായും സഹകരിച്ച് മേഖലയിലെ വമ്പൻ ടീമുകളുടെ പോരാട്ടം ഖത്തറിൽ തിരികെയെത്തുന്നതെന്ന് കായിക മന്ത്രിയും ഏഷ്യൻ കപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
ലോകകപ്പ് ഫുട്ബാളോടെ മേഖലയുടെ ഫുട്ബാൾ ഹബായി മാറിയ ഖത്തറിലെ കളിയുത്സവത്തിന്റെ തുടർച്ചയാവുന്നതാണ് അറബ് കപ്പ് തിരികെയെത്തുന്നുവെന്ന വാർത്ത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
2021ലെ അറബ് കപ്പ് മികച്ച വിജയം നേടിയതായും വീണ്ടും ഖത്തറിൽ തന്നെ തിരികെയെത്തുമെന്നുമായിരുന്നു വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. ഫിഫ, അറബ് ഫുട്ബാൾ അസോസിയേഷൻ, മറ്റു പങ്കാളികൾ എന്നിവയുടെ സഹകരണത്തോടെ പുതിയ രൂപത്തിലായിരിക്കും അറബ് കപ്പ് സംഘടിപ്പിക്കുക. ‘ഏതാനും ക്രമീകരണങ്ങൾക്കുശേഷം തന്നെ അറബ് കപ്പിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടും. ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആളല്ല. എന്നാൽ ദൈവം നിശ്ചയിച്ചാൽ വീണ്ടും ഒരു അറബ് കപ്പിന് കൂടി നാം സാക്ഷ്യം വഹിക്കും’-ശൈഖ് ഹമദ് പറഞ്ഞു.
2021ലെ അറബ് കപ്പ് പോലൊരു ടൂർണമെൻറ് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ അറബ് കപ്പ് ഫൈനൽ വേദിയിൽ തുടർ വർഷങ്ങളിലും ഫിഫ ഈ ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.