വരുന്നു, ഫുട്ബാൾ മേള: കുന്നത്തുനാട് പ്രീമിയർ ലീഗിന് ആരവം ഉയരുന്നു
text_fieldsകിഴക്കമ്പലം: ഫുട്‌ബാള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മൈതാനങ്ങളില്‍ വീണ്ടും ആരവം ഉയരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കുന്നത്തുനാട് പ്രീമിയര്‍ ലീഗ് (കെ.പി.എല്‍) മത്സരങ്ങള്‍ക്കാണ് പട്ടിമറ്റത്ത് 10ന് തുടക്കമാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 ടീം പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്ത നാനൂറിലേറെ താരങ്ങളില്‍നിന്നാണ് കളിക്കളത്തില്‍ പോരാടാന്‍ 170 പേരെ വിവിധ ടീം മാനേജര്‍മാര്‍ ലേലത്തില്‍ ഏറ്റെടുത്തത്.
ഏറ്റവും ഉയര്‍ന്ന താരത്തിന് 2000 രൂപയും കുറഞ്ഞ തുക 100 ആയും തീരുമാനിച്ചായിരുന്നു ലേലം. പ്രഫഷനല്‍ ക്ലബുകൾ ഉള്‍പ്പെടെ കളിക്കുന്ന അഞ്ചുപേരെ ഉയര്‍ന്ന തുകക്ക് ലേലം കൊണ്ടു. ബൈചൂങ് ബൂട്ടിയയുടെ കീഴില്‍ പരിശീലിക്കുന്നവരും പ്രഫഷനല്‍ മത്സരങ്ങളില്‍ പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഓരോ ടീമിനും ജഴ്‌സിയും ഉൾപ്പെടെ ഔദ്യോഗിക സംവിധാനങ്ങളോടെയാണ് മത്സരം. ഹോം മാച്ചുകളില്‍നിന്ന് ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
കേരള ബാസ്റ്റേഴ്‌സ് താരങ്ങളും സിനിമനടൻ ആന്റണി വര്‍ഗീസ്, നിര്‍മാതാവ് പോള്‍ വര്‍ഗീസ് മേച്ചെങ്കിര എന്നിവര്‍ താരങ്ങളെ അനുമോദിച്ചും പ്രീമിയര്‍ ലീഗിന്റെ പ്രചാരവുമായി സമൂഹ മാധ്യമ കാമ്പയിനുകളില്‍ സജീവമാണ്. വലമ്പൂരില്‍ ആരംഭിക്കുന്ന ബിഗ്‌സോക്കര്‍ ടര്‍ഫിലാണ് കെ.പി.എല്‍ ആദ്യമത്സരം. വിദേശ ക്ലബുകളുടെ നൂതന ടര്‍ഫുകളോട് കിടപിടിക്കുന്ന ഫ്ലഡ്ലൈറ്റ് മൈതാനമാണിത്. മത്സരങ്ങള്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എയും ബെന്നി ബഹനാന്‍ എം.പിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അഗാപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് കമ്പനിയാണ് മത്സരങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.