യൂറോ കപ്പ് കഴിഞ്ഞ് ഫിൻലൻഡ് ആരാധകർ റഷ്യയിൽ നിന്ന് മടങ്ങിയെത്തി; കൂടെ കോവിഡും
text_fieldsഹെൽസിങ്കി: യൂറോ കപ്പ് 2020 മത്സരങ്ങൾ കഴിഞ്ഞ് റഷ്യയിൽ നിന്ന് ഫുട്ബാൾ ആരാധകർ സ്വരാജ്യത്തേക്ക് മടങ്ങിയെത്തിയതിന് പിന്നലെ ഫിൻലൻഡിൽ കോവിഡ് കേസുകൾ വർധിച്ചതായി ആരോഗ്യ വകുപ്പ്.
ഈ മാസം സെൻറ് പീറ്റേഴ്സ് ബർഗിൽ നടന്ന രണ്ട് മത്സരങ്ങളിൽ ഫിൻലൻഡ് തോറ്റിരുന്നു. കാണികൾ മടങ്ങിയെത്തിയതോടെ 100ലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 50ൽ നിന്നും 100 ലേക്ക് എത്തിയിരിക്കുകയാണിപ്പോൾ.
ഇതുവരെ റഷ്യയിൽ നിന്ന് മടങ്ങിയെത്തിയ 100 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഫിന്നിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ വ്യക്തമാക്കി. എന്നാൽ രോഗബാധ ഇനിയും ഉയരാനാണ് സാധ്യത. സെൻറ് പീറ്റേഴ്സ് ബർഗിൽ നിന്ന് കോവിഡ് പിടിപെട്ടതിൽ ഭൂരിഭാഗം പേരും ഫുട്ബാൾ ആരാധകരാണെന്ന് ഹെൽത്ത് ഇൻസ്റ്റിറ്റ്യട്ട് സെക്യൂരിറ്റി ഹെഡ് മിക സൽമിനൻ പറഞ്ഞു.
ജൂൺ 22ന് 15 ബസുകളിലായി സെൻറ്പീറ്റേഴ്സ്ബർഗിൽ നിന്ന് ഫിൻലൻഡിലേക്ക് പുറപ്പെട്ട ആരാധകർക്കാണ് രോഗം ബാധിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അതിർത്തി അടക്കുന്നതിന് മുമ്പ് എല്ലാ ആരാധകരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്ന് അധികൃതർ ജാഗ്രതയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് തീരുമാനം.
കോവിഡ് മഹാമാരി അധികം ബാധിക്കാത്ത രാജ്യങ്ങളിൽ ഒന്നാണ് ഫിൻലൻഡ്. അഞ്ചരക്കോടി ജനങ്ങളുള്ള രാജ്യത്ത് ഇതുവരെ ആകെ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.