സുവർണ ബൂട്ട് ആരുടെ കാലിൽ?
text_fieldsദോഹ: ലോകകപ്പിലെ സമ്മോഹനമായ വ്യക്തിഗത പുരസ്കാരങ്ങളാണ് സുവർണ പന്തും സുവർണ ബൂട്ടും. ടൂർണമെന്റിലെ മികച്ച കളിക്കാരന് സുവർണ പന്ത് സമ്മാനിക്കപ്പെടുമ്പോൾ ടോപ്സ്കോറർക്കുളള പുരസ്കാരമാണ് സുവർണ ബൂട്ട്. ഇതുകൂടാതെ, മികച്ച ഗോൾകീപ്പർക്കുള്ള സുവർണ ഗ്ലൗ, 21 വയസ്സിന് താെഴയുള്ള മികച്ച യുവതാരത്തിനുള്ള പുരസ്കാരം എന്നിവയുമുണ്ട്. 1982 ലോകകപ്പിലാണ് സുവർണ പന്തും സുവർണ ബൂട്ടും സമ്മാനിച്ചുതുടങ്ങിയത്. സുവർണ ഗ്ലൗ നിലവിൽവന്നത് 1994 ലോകകപ്പിലും യുവതാരത്തിനുള്ള പുരസ്കാരം നൽകിത്തുടങ്ങിയത് 2006ലും.
കഴിഞ്ഞതവണ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിയച്ച ലൂക മോഡ്രിചിനായിരുന്നു സുവർണ പന്ത്. സുവർണ ബൂട്ട് ആറു ഗോളടിച്ച ഹാരി കെയ്ൻ ആണ് സ്വന്തമാക്കിയത്. സുവർണ ഗ്ലൗ ബെൽജിയത്തിന്റെ തിബോ കോർട്ടുവയും യുവതാരത്തിനുള്ള പുരസ്കാരം ഫ്രാൻസിന്റെ കിലിയൻ എംബാപെയുമാണ് കരസ്ഥമാക്കിയത്.
ഇത്തവണ സുവർണ ബൂട്ടിനുള മത്സരത്തിൽ മുന്നിലുള്ളത് എംബാപെയാണ്-അഞ്ചു ഗോൾ. നാലു ഗോളുമായി അർജന്റീനയുടെ ലയണൽ മെസ്സിയും ഫ്രാൻസിന്റെ ഒളിവിയർ ജിറൂഡും തൊട്ടുപിറകെയുണ്ട്. ഇവർ മൂന്നു പേരും സെമിയിൽ ഇറങ്ങുന്നതിനാൽ ടോപ്സ്കോറർ മത്സരം പൊടിപാറും.
മൂന്നു ഗോളുമായി സ്പെയിനിന്റെ അൽവാരോ മൊറാറ്റ, ഇംഗ്ലണ്ടിന്റെ ബുകായോ സാക, മാർകസ് റഷ്ഫോഡ്, നെതർലൻഡ്സിന്റെ കോഡി ഗാക്പോ, എക്വഡോറിന്റെ എന്നർ വലൻസിയ, പോർചുഗലിന്റെ ഗോൺസാലോ റാമോസ്, ബ്രസീലിന്റെ റിച്ചാർലിസൺ എന്നിവർ മൂന്നു ഗോളുമായുണ്ട്. എന്നാൽ, ഇവരുടെ ടീമുകളെല്ലാം സെമിക്കുമുമ്പ് പുറത്തായതിനാൽ ഇനി ചാൻസില്ല.
ഗോൾനേട്ടത്തിൽ തുല്യത വന്നാൽ അസിസ്റ്റ്, കുറഞ്ഞ കളി സമയം എന്നിവയാണ് സുവർണ ബൂട്ട് ജേതാവിനെ നിർണയിക്കുന്നതിന് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.