സുനിൽ ഛേത്രി ബൂട്ടഴിക്കുന്നു..; അവസാന മത്സരം ജൂൺ ആറിന്
text_fieldsമുംബൈ: ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി കളമൊഴിയുന്നു. ജൂൺ ആറിന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിക്കുമെന്ന് 39 കാരനായ ഇതിഹാസ താരം സുനിൽ ഛേത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ തീരുമാനം അറിയിച്ചത്.
രണ്ടുപതിറ്റാണ്ടോളം നീണ്ട കരിയറിനൊടുവിൽ ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം. 2005 ജൂൺ 12-ന് പാകിസ്താനെതിരെ അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ഛേത്രി. ആറ് തവണ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ താരത്തെ 2011-ൽ അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
2008 ലെ എ.എഫ്.സി ചലഞ്ച് കപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യൻഷിപ്പ്, 2007, 2009, 2012 ലെ നെഹ്‌റു കപ്പ്, 2017 ലെ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നിവയിൽ കിരീടം നേടിയ ഇന്ത്യൻ ടീമുകളുടെ ഭാഗമായിരുന്നു സുനിൽ ഛേത്രി.
അടുത്തമാസമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ജൂൺ ആറിന് കുവൈത്തുമായുള്ള മത്സരത്തിന് ശേഷം കളമൊഴിയും. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാല് പോയിൻ്റുമായി നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിൻ്റുമായി കുവൈത്ത് നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.