ജീവനേക്കാൾ വലുതാണ് ഫുട്ബാൾ, അതുമല്ലെങ്കിൽ ജീവനാണ് ഫുട്ബാൾ -റെബേക്കാ സ്റ്റോട്ടിന്‍റെ കഥ...!
text_fieldsസഹ ആതിഥേയരായ ന്യൂസിലൻഡ് വനിതാ ലോകകപ്പിന്‍റെ ആദ്യ റൗണ്ട് കടക്കാതെ പുറത്തുപോയി. ആരുടേയും ഓർമ്മയിൽ തങ്ങിനിൽക്കാനിടയില്ലാത്ത ഒരു സാധാരണ സംഭവം. എന്നാൽ, അവരുടെ പ്രതിരോധ നിരയിൽ അനുഭവ സമ്പത്തുള്ള ഒരു കളിക്കാരിയുണ്ടായിരുന്നു, നന്നേ ചെറുപ്പം മുതലേ ഒരുപാട് അന്തർദേശീയ മത്സരങ്ങൾ കളിച്ചിട്ടുള്ള റെബേക്ക സ്റ്റോട്ട്...!
ജനിച്ചത് ന്യൂസിലൻഡിലെ പപമൊയിൽ എന്ന ചെറു പട്ടണത്തിലായിരുന്നെങ്കിലും റെബേക്ക പന്തുകളിച്ചു പഠിച്ചതും അണ്ടർ 15, 17 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചതും അയൽക്കാരായ ആസ്‌ട്രേലിയക്കു വേണ്ടിയായിരുന്നു. അക്കാലത്ത് അവളുടെ പ്രതിരോധം കടന്ന് പന്തുകൊണ്ടുപോകാൻ എതിർ മുന്നേറ്റ നിരയിലെ വമ്പത്തിമാർ പോലും വിഷമിച്ചു. ആ മികവ് അവൾക്ക് ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിൽ ബ്രൈറ്റൺ & ഹോവ് അൽബ്യോണിൽ കളിക്കാനവസരമുണ്ടാക്കി.
2021ൽ അവർക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടായ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് പെട്ടെന്നവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ആ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം അവളറിഞ്ഞു, അത്യപൂർവമായ അപകടകാരിയായ രക്താർബുദം - ഹോഡ്ജ്കിൻസ് ലിംഫോമ, ആണ് തനിക്കെന്ന്.
അസുഖം അതിന്‍റെ ആരംഭദിശയിൽ ആയതു കൊണ്ട് അന്നേരം തന്നെ കീമോതെറാപ്പിക്ക് വിധേയയാകണമെന്ന വൈദ്യ ഉപദേശം സ്വീകരിച്ചുകൊണ്ടവൾ വേദനയോടെ കരിയർ അവസാനിപ്പിച്ചു. ബ്രൈറ്റണും ഹോവ് അൽബ്യോണും ഉപേക്ഷിച്ച് ആസ്‌ട്രേലിയയിലേക്ക് മടങ്ങി. അവിടെയായിരുന്നു അവളുടെ ചികിത്സയും പരിചരണവും...! കീമോതെറാപ്പിയുടെ ആറ് ആവർത്തനങ്ങൾ അവളുടെ ആരോഗ്യവും അസ്ഥിബലവും അപ്പാടെ ചോർത്തിക്കളഞ്ഞു. ആരായാലും തോറ്റുപോകുന്ന അവസ്ഥ. എന്നാൽ അവൾ കീഴടങ്ങാൻ തയാറായില്ല.
കിടക്കയിലായിരുന്ന ഓരോ നിമിഷവും അവൾ ലോക ഫുട്ബാളിലെ എല്ലാ മികച്ച കളികളും ടി.വിയിൽ കണ്ട് ആസ്വദിച്ചു. സ്നേഹസമ്പന്നയായ ഒരു ഫിസിയോതെറപിസ്റ്റിന്‍റെ സഹായത്തോടെ ചെറിയ ഡെമ്പലുകളും റബ്ബർ ബാൻഡുകളും ഉപയോഗിച്ചുകൊണ്ട് നഷ്ടപ്പെട്ട തന്‍റെ മസിൽ കരുത്ത് വീണ്ടെടുക്കാനുള്ള പരിശ്രമവും തുടങ്ങി.
ചികിത്സിച്ച ഡോക്ടർമാർക്ക് പോലും അവൾ ഒരു അതിശയമായി മാറുകയായിരുന്നു. ഏഴ് മാസം കൊണ്ടവൾ എഴുന്നേറ്റു നടന്നു. ഒൻപതാം മാസം, അതായത് 2021 ആഗസ്റ്റിൽ, ആസ്‌ട്രേലിയൻ വനിതാ ലീഗ് ഉദ്ഘാടന മത്സരത്തിൽ മെൽബൺ സിറ്റിക്ക് വേണ്ടി കളിക്കാനായി റെബേക്ക ഒരു വർഷത്തെ കരാർ ഒപ്പിട്ടു. അന്ന് തന്നെ അവൾ ബൂട്ടുകെട്ടി കളിക്കാനിറങ്ങി. അവളുടെ പ്രചോദനാത്മകമായ തിരിച്ചുവരവിനെക്കുറിച്ചറിഞ്ഞ പഴയ ക്ലബ്ബ് ബ്രൈറ്റൺ അവളെ തിരിച്ചുവിളിച്ചു.
2022ലെ ഷെബീലീവ്സ് കപ്പിനു കളിക്കാൻ... അതൊരു ചലഞ്ചായിരുന്നു. 40 മിനിറ്റ് നേരം അവൾ തകർത്തു കളിച്ചു. ശാരീരിക അസ്വസ്ഥതകളും രോഗത്തിന്‍റെ ദോഷകരമായ പ്രതിപ്രവർത്തനങ്ങളുമായി കലഹിച്ചുകൊണ്ട് തന്നെ അവൾ കളിക്കളത്തിൽ മുന്നേറി. ഒടുവിൽ രോഗം അവളോട് പറഞ്ഞു, നിന്നോട് ഏറ്റുമുട്ടാൻ ഞാനില്ല. സലാം..!!
അതോടെ പഴയ റെബേക്കയായവൾ ദേശീയ ടീമിലേക്ക് തിരിച്ചെത്തി. അവരുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ വിജയത്തിൽ പങ്കാളിയാകാൻ, അവളുടെ രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിൽ നോർവേയെ ഒരു ഗോളിന് തോൽപ്പിച്ച കളിയിൽ നോർവെ താരങ്ങളുടെ എല്ലാ മുന്നേറ്റങ്ങളും തടഞ്ഞുകൊണ്ട് ഒരു ദുർഗമായവൾ അവിടെയുണ്ടായിരുന്നു, ഒരിക്കൽ തന്നെ തളർത്തി കിടത്തിയ കാൻസറിന് നേരെ കണ്ണിറുക്കി കാണിച്ചു കൊണ്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.