ജിദ്ദയിൽ ഇനി കാൽപന്താരവം; ഫിഫ ലോകകപ്പ് ക്ലബ് ഫുട്ബാളിന് നാളെ തുടക്കം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറെ ചെങ്കടൽ തീരം ഇനി കാൽപന്താരവ മുഖരിതമാവും. ജിദ്ദ വേദിയാവുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബാളിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. ഡിസംബർ 22 വരെ നീണ്ടു നിൽക്കുന്ന ലോക മത്സരത്തിലേക്ക് വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ഏഴ് ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്. വാശിയേറിയ പോരാട്ടങ്ങളുടേതാണ് ഇനിയുള്ള ദിനങ്ങൾ. സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കമാണ് പൂർത്തിയാക്കിയത്.
മത്സരത്തിന് കൗണ്ട്ഡൗൺ ആരംഭിച്ചതോടെ ഫുട്ബാൾ ലോകം ആവേശത്തോടെ സൗദിയിലേക്ക് ഉറ്റുനോക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് വലിയൊരു ആഗോള ഫുട്ബാൾ ഇവൻറ് ആസ്വദിക്കാൻ അവസരമൊരുക്കുന്ന വേദിയാകാനും ലോക ഫുട്ബാൾ താരങ്ങളെയും ആരാധകരെയും സ്വീകരിക്കാനും ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഫിഫ ക്ലബ് ലോകകപ്പിനെ സ്വാഗതം ചെയ്ത് ‘ആരാധകർക്ക് സ്വാഗതം’ എന്നെഴുതിയ ബോർഡുകൾ തെരുവുകളിലും വിമാനത്താവളത്തിലും സ്ഥാപിച്ചിട്ടുണ്ട്.
ജിദ്ദ വിമാനത്താവളം ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെയും ആരാധകരെയും സ്വീകരിക്കാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കി. ഏഴ് ക്ലബുളുടെ ഔദ്യോഗിക നിറങ്ങളും മുദ്രകളുമായി സ്വാഗത ബോർഡുകൾ ആഗമന ഹാളിൽ ഉയർന്നുകഴിഞ്ഞു. ഫിഫ ക്ലബ് ലോകകപ്പ് 2023 ആഘോഷമാക്കുന്നതിനായി ഒരുക്കിയ ക്രിയേറ്റിവ് പ്രമോഷനൽ സിനിമ വിമാനത്താവളത്തിലുടനീളം കൂറ്റൻ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ടീമുകളെയും ടൂർണമെന്റിൽ പങ്കെടുക്കുന്ന സ്പോർട്സ് ക്ലബുകളിൽ നിന്നുള്ള പ്രധാന വ്യക്തികൾ, മാധ്യമ പ്രവർത്തകർ, ടൂർണമെന്റ് ടിക്കറ്റ് നേടിയവർ എന്നിവരെയും സ്വീകരിച്ച് യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ‘ഫാസ്റ്റ് ട്രാക്ക്’ സേവനവും ഒരുക്കിയിട്ടുണ്ട്.
കായിക മന്ത്രാലയത്തിൽ നിന്നുള്ള ജീവനക്കാരുൾപ്പെടുന്ന ഇൻഫർമേഷൻ കൗണ്ടറും വിവിധ ഭാഷകളിൽ ആളുകൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബാൾ ടീമുകളെയും ആരാധകരെയും സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി ജിദ്ദ എയർപ്പോർട്ട് സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി. ടൂർണമെന്റിൽ പങ്കെടുക്കുന്നവരെ സ്വീകരിക്കാൻ ആവശ്യമായ മനുഷ്യവിഭവശേഷിയും ഹാളുകളും സജ്ജമാണ്.
80 സെൽഫ് സർവിസ് മെഷീനുകൾ, 114 ഇമിഗ്രേഷൻ കൗണ്ടറുകൾ, പാസഞ്ചർ ബ്രിഡ്ജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 46 ട്രാവൽ ഗേറ്റുകൾ എന്നിവ ഉൾപ്പെടെ 220 കൗണ്ടറുകൾ ടെർമിനൽ നമ്പർ ഒന്നിലുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം കായിക മന്ത്രാലയവുമായി സഹകരിച്ച് ഇലക്ട്രോണിക് വിസ നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്.
കളിക്കളത്തിൽ ഏഴ് ടീമുകൾ
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജിദ്ദയിൽ വെച്ചാണ് നടന്നത്. സൗദി റോഷൻ ലീഗ് ചാമ്പ്യന്മാരായ അൽ-ഇത്തിഹാദ്, യു.കെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അൽ-അഹ്ലി, മെക്സികൊയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസിലൻഡിലെ ഓക്ക്ലൻഡ് സിറ്റി എന്നീ ടീമുകളാണ് മത്സരിക്കാൻ യോഗ്യത നേടിയത്. ആദ്യ മത്സരം അൽ-ഇത്തിഹാദും ഓക്ലൻഡ് സിറ്റിയും തമ്മിലാണ്.
ഡിസംബർ 22- നാണ് ഫൈനൽ മത്സരം. സൗദി അറേബ്യ ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് വേദിയാകുന്നത്. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ് ലോകകപ്പ് മത്സരമാണിത്.
2025-ൽ പുതിയ സംവിധാനത്തോടെ അമേരിക്ക ആതിഥേയത്വം വഹിക്കും. സൗദിയിൽ നടക്കുന്ന ക്ലബ് ലോകകപ്പ് മത്സരങ്ങൾക്കുള്ള പരിശീലനം അതത് ക്ലബുകൾക്ക് കീഴിലെ താരങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.
പോരാട്ടം ഈ കളിക്കളങ്ങളിൽ
ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് പോരാട്ടങ്ങൾ. ക്ലബ് ഫുട്ബാൾ പുലികൾ ഏറ്റുമുട്ടുന്ന വീറുറ്റ മത്സരങ്ങൾക്ക് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയം എന്നിവയാണ് വേദിയാവുക.
ഈ സ്റ്റേഡിയങ്ങളിലെ ഒരുക്കം കായിക മന്ത്രാലയവും ഫിഫ അധികൃതരും പരിശോധിച്ച് ഉറപ്പുവരുത്തി. മത്സരങ്ങൾ വീക്ഷിക്കാനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ കാൽപന്ത് പ്രേമികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. ടിക്കറ്റുകൾ 90 ശതമാനം വിറ്റുകഴിഞ്ഞു. 100 രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷം പേരാണ് ഇതിനകം ടിക്കറ്റ് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.