ഇന്ത്യയിൽ ഫിഫ സഹായത്തോടെ ഫുട്ബാൾ പദ്ധതികൾ -എ.എഫ്.സി
text_fieldsബംഗളൂരു: ഇന്ത്യയിലെ ഫുട്ബാളിന്റെ വളർച്ചക്കായി ഫിഫയുടെ ധനസഹായത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ജനറൽ സെക്രട്ടറി ദടക് സെറി വിൻഡ്സർ ജോൺ പറഞ്ഞു. ബാംഗ്ലൂർ ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ഡിവിഷൻ ലീഗ് മത്സരങ്ങൾ കാണാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മികച്ച പരിശീലകരെ വാർത്തെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എങ്കിലേ മികച്ച താരങ്ങളുമുണ്ടാകൂ. ചെറുപ്രായത്തിൽതന്നെ കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകും. താഴേക്കിടയിലുള്ള ഫുട്ബാളിന്റെ വളർച്ച, യുവാക്കളുടെയും വനിതകളുടെയും ഫുട്ബാൾ വികസനം എന്നിവക്ക് പ്രാധാന്യം നൽകും. അന്താരാഷ്ട്ര ടീമുകളെ ഇന്ത്യയിൽ കളിക്കാനായി എത്തിക്കും. അതിലൂടെ രാജ്യത്തെ താരങ്ങൾക്ക് മികച്ച അനുഭവം കിട്ടും.
ടീമുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം താരങ്ങളുടെ കഴിവ് മാത്രമാകും. മറ്റൊരു പരിഗണനയും നൽകില്ല. രാജ്യത്തുനിന്ന് കൂടുതൽ ഫിഫ റഫറിമാരെ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ദടക് സെറി പറഞ്ഞു. എ.എഫ്.സി കമ്യൂണിക്കേഷൻസ് ഡയറക്ടർ രവികുമാർ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് എം.എൽ.എ, സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.