പയ്യനാട്ടേക്ക് വീണ്ടും ഫുട്ബാൾ ആരവം
text_fieldsമഞ്ചേരി: ജില്ല ആദ്യമായി ആതിഥേയത്വം വഹിച്ച സന്തോഷ് ട്രോഫി ഹിറ്റായതോടെ ആറുമാസങ്ങൾക്കു ശേഷം മഞ്ചേരിയുടെ മണ്ണിലേക്ക് വീണ്ടും ഫുട്ബാൾ ആരവം. ഇത്തവണ ഐ ലീഗ് മത്സരങ്ങൾക്കും പയ്യനാട്ടെ പച്ചപ്പരവതാനി വേദിയാകും. ഗോകുലം കേരളയുടെ ആദ്യ ആറ് ഹോം മത്സരങ്ങളാണ് ഇവിടെ നടക്കുക. നവംബർ 12ന് വൈകീട്ട് 4.30ന് മുഹമ്മദൻസിനെതിരെയാണ് ആദ്യ മത്സരം. കളിയാരാധകരുടെ പങ്കാളിത്തംകൊണ്ട് സന്തോഷ് ട്രോഫി മത്സരങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചതോടെയാണ് ഐ ലീഗും വിരുന്നെത്തുന്നത്. നേരത്തേ ഫെഡറേഷൻ കപ്പിനും വേദിയായ പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം ഇതാദ്യമായാണ് ഐ ലീഗിന് വേദിയാകുന്നത്. 2015ൽ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങളും ഇവിടെ നടന്നിരുന്നു.
ഐ ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന പെരുമയുമായാണ് ഗോകുലം പയ്യനാട്ടേക്ക് പന്തുതട്ടാനെത്തുന്നത്. ഐ ലീഗിലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ 'മലബാരിയൻസ്' മഞ്ചേരിയിലേക്ക് എത്തുമ്പോൾ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പ്.
ബാക്കി മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും നടക്കും. കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ പയ്യനാട് നടന്നത്. കേരളത്തിന്റെ മത്സരങ്ങൾ മുഴുവനും ഇതേ സ്റ്റേഡിയത്തിൽ നടന്നതോടെ ഓരോ മത്സരത്തിനും കാൽലക്ഷത്തോളം പേരാണ് പയ്യനാട്ടേക്ക് എത്തിയത്. ബംഗാളിനെ ഷൂട്ടൗട്ടിൽ തോൽപിച്ച് കേരളം ഏഴാം കിരീടം നേടിയാണ് മഞ്ചേരിയുടെ മണ്ണിൽനിന്നു മടങ്ങിയത്.
അന്ന് കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മധ്യനിരതാരം അർജുൻ ജയരാജിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. തൃക്കലങ്ങോട് സ്വദേശിയായ അർജുന്റെ പ്രകടനം കാണാൻ നാട്ടുകാരും സ്റ്റേഡിയത്തിലേക്കെത്തും. 2024 ജനുവരി 23നാണ് ഗോകുലത്തിന്റെ പയ്യനാട്ടെ അവസാന ഹോം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.