സുഡാനീസ് ഫ്രം ഘാന, ബാക്ക് ടു അക്ര
text_fieldsഅരീക്കോട്: വലിയ പ്രതീക്ഷകളോടെയാണ് ജോയും അബുവും ഒമ്പതുമാസം മുമ്പ് ഘാനയിൽനിന്ന് കേരളത്തിലേക്ക് വിമാനം കയറിയത്. കോവിഡിൽ കുടുങ്ങി ലോകക്രമം നിശ്ചലമായതോടെ പ്രതീക്ഷകളെല്ലാം മലയാളനാട്ടിൽ അറ്റുപോയി. 10 രൂപ പോലും വരുമാനമില്ലാതാവുകയും ചെലവ് കൂടുകയും ചെയ്തതോടെ അപരിചിത ഭാഷയും സംസ്കാരവുമുള്ള നാട്ടിൽ ഇരുവരും മാനസികമായും സാമ്പത്തികമായും തളർന്നു.
ജോസഫ് മുഗ്രെ എന്ന ജോയും അബൂബക്കർ ഗരിബ എന്ന അബുവും സെവൻസ് ഫുട്ബാൾ കളിക്കാനാണ് കേരളത്തിലെത്തിയത്. ജോ നാല് വർഷമായി ഇവിടെ കളിച്ച് മടങ്ങുന്നവനാണെങ്കിലും അബു ആദ്യമായാണ് വരുന്നത്. ഏതാണ്ട് ഏഴുമാസം ഒരു വരുമാനവുമില്ലാതെയാണ് കഴിഞ്ഞത്. വിമാനത്താവളങ്ങൾ അടച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതായി. സർവിസ് പുനരാരംഭിച്ചപ്പോഴാവട്ടെ, യാത്രാ ചെലവിന് ഒന്നും കൈയിലില്ലാത്ത അവസ്ഥയും. ഏതാണ്ട് 200 വിദേശകളിക്കാർ ഇങ്ങനെ നാട്ടിലേക്ക് പോവാൻ വഴിയില്ലാതെ വലയുകയാണ്.
മത്സരങ്ങൾ മുടങ്ങിയതിനാൽ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഇവർക്ക് ആശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും ടീം മാനേജർ നൽകിയിരുന്നു. ജോസഫും അബൂബക്കറും 'മാധ്യമം' പ്രതിനിധിയോട് ദുരിതങ്ങൾ പറഞ്ഞതോടെയാണ് ഇവർക്ക് മുന്നിൽ വഴിതെളിഞ്ഞത്.
പൊതുപ്രവർത്തകരായ ലാല അരീക്കോട്, നൗഷർ കല്ലട, അഷ്റഫ് കുഴിമണ്ണ എന്നിവരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകാൻ ടിക്കറ്റും മറ്റു കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ ലഭ്യമാക്കുകയായിരുന്നു. മാസങ്ങളായി താമസിക്കുന്ന ചെമ്രക്കാട്ടൂരിലെ ചെറുപ്പക്കാരും സഹായിച്ചു. സ്നേഹ സമ്മാനമായി അവർ ഫുട്ബാളും നൽകി. വ്യാഴാഴ്ച കൊച്ചിയിൽനിന്ന് ദുബൈ വഴി അവർ ഘാനയിലെ അക്രയിലേക്ക് പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.