സമഗ്ര ഫുട്ബാള്‍ വികസനത്തിന് പദ്ധതിയുമായി കെ.എഫ്.എ
text_fieldsകൊച്ചി: സംസ്ഥാനത്തെ ഫുട്ബാളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള ഫുട്ബാള്‍ അസോസിയേഷന് കേരള യൂത്ത് ഡെവലപ്മെന്റ് പ്രോജക്ട് എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ വിഷന്‍ 2047ന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ, കേരളത്തിലെ 14 ജില്ലകളെയും ക്ലബുകളെയും അക്കാദമികളെയും ഉള്‍പ്പെടുത്തി നവംബര്‍ ഒന്ന് മുതല്‍ തുടര്‍ച്ചയായ മത്സരങ്ങളാണ് ലക്ഷ്യമിടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ യുവകളിക്കാർക്കുവരെ ഫുട്ബാള്‍ കളിയുടെ എല്ലാവിധ സൗകര്യവും ഉറപ്പുവരുത്തി 2500ലേറെ മത്സരങ്ങള്‍ പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിക്കും. നൂറിലേറെ ക്ലബുകളും അക്കാദമികളും പദ്ധതിയുടെ ഭാഗമാകും. 13 മുതല്‍ 19 വയസ്സുവരെയുള്ള കളിക്കാര്‍ക്ക് വേണ്ടി നിരന്തരമായ മത്സരങ്ങള്‍ നടത്തുന്നത് ഓരോ പ്രായ വിഭാഗത്തിലും മികച്ച കളിക്കാരെ കണ്ടെത്തുന്നതിന് വഴിയൊരുക്കും. ഈ താരങ്ങള്‍ക്ക് മികച്ച രീതിയില്‍ നടത്തുന്ന അക്കാദമികളുടെ സഹായത്തോടെ നാല് റെസിഡന്‍ഷ്യല്‍ അക്കാദമി പ്രോജക്ടുകളിലായി വര്‍ഷം മുഴുവന്‍ നീളുന്ന പരിശീലനവും നല്‍കും.
അഞ്ചു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെ ഫുട്ബാളിലേക്ക് ആകര്‍ഷിക്കുന്നതിന് ബ്ലൂ കബ്സ് എന്നപേരില്‍ ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ ബേബി ലീഗ് മത്സരങ്ങള്‍ 14 ജില്ലകളില്‍ നടത്താനും തീരുമാനിച്ചതായി കെ.എഫ്.എ അറിയിച്ചു. ബേബി ലീഗില്‍ 1750ലേറെ മത്സരങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ ഒരുകുട്ടിക്ക് 25ഓളം മത്സരങ്ങൾ കളിക്കാന്‍ ഇതിലൂടെ അവസരമുണ്ടാവും.
ടൂര്‍ണമെന്റ് വിജയികള്‍ക്ക് ചാക്കോള ഗോള്‍ഡ് ട്രോഫി എന്ന പേരിലുള്ള ട്രോഫിയും സമ്മാനിക്കും. ചാക്കോള ഗോള്‍ഡ് ട്രോഫിയുടെ പ്രദര്‍ശന ഉദ്ഘാടനം ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ദത്തുക്ക് സെരി വിന്‍സര്‍ ജോണ്‍ നിര്‍വഹിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാന് കേരള യൂത്ത് ഡെവലപ്മെന്റ് പ്രോജക്ടിന്റെ ലോഗോയും ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഡോ. ഷാജി പ്രഭാകരന് പ്രോജക്ടിന്റെ ബ്രോഷറും പ്രകാശനം ചെയ്തു.
കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.